ഏതാനും മണിക്കൂറുകളിൽ സന്തോഷം നൽകുകയും പ്രത്യുൽപാദനത്തിനു സഹായിക്കുകയും ചെയ്യുന്ന പ്രക്രിയ മാത്രമല്ല സെക്സ്. അതിനു പുറമെ ശാരീരികവും മാനസികവുമായ നിരവധിയേറെ ഗുണങ്ങളും സെക്സിനുണ്ട്. ആരോഗ്യപരമായ ലൈംഗികജീവിതം നയിക്കുന്ന ആളുകൾക്കിടയിൽ മറ്റുള്ളവരെ അപേക്ഷിച്ച് സമ്മർദ്ദം കുറവായിരിക്കും. ക്യാൻസർ മുതൽ ഹൃദയാഘാതം വരെയുള്ള അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും നല്ല ഉറക്കം സമ്മാനിക്കാനും ആരോഗ്യകരമായ സെക്സിനു കഴിയും. ഇതാ, സെക്സിന്റെ ഏതാനും പോസിറ്റീവ് ഗുണങ്ങൾ.

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും

ആരോഗ്യപരമായ ലൈംഗികജീവിതം നയിക്കുന്നവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് ജലദോഷം പോലുള്ള പ്രശ്നങ്ങൾ കുറവായിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. കാരണം, ശരീരത്തിൽ സാധാരണഗതിയിൽ അസുഖങ്ങൾ ഉണ്ടാക്കുന്ന ബാക്ടീരിയകൾ, വൈറസുകൾ,​​ അണുക്കൾ എന്നിവയെ പ്രതിരോധിക്കുന്ന ആന്റിബോഡികളുടെ ഉത്പാദനം ഇവരിൽ കൂടുതൽ ആയിരിക്കും. ഇതുവഴി,  അണുബാധകളും മറ്റു പകർച്ചവ്യാധികളും ഉണ്ടാകാനുള്ള സാധ്യതകളും കുറയും. ശരിയായ ഭക്ഷണം, വ്യായാമം, മതിയായ ഉറക്കം, പ്രതിരോധ കുത്തിവെപ്പുകൾ എന്നിവയൊക്കെ പോലെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ ആരോഗ്യകരമായ സെക്സിനും പങ്കുണ്ട്.

ലൈംഗിക തൃഷ്ണയെ ഉത്തേജിപ്പിക്കുന്നു

ലൈംഗിക തൃഷ്ണ വർധിപ്പിക്കാനുള്ള ഏറ്റവും മികച്ച വഴി  ലൈംഗിക ജീവിതം സജീവമാക്കുക  തന്നെയാണെന്നാണ് പഠനങ്ങൾ പറയുന്നത്. സെക്സിനോട് വിരക്തി വരാതിരിക്കാനും ഇത് സഹായിക്കും. ചില സ്ത്രീകളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദനയും യോനിയിൽ വരൾച്ചയും ഉണ്ടാവാറുണ്ട്. എന്നാൽ സജീവമായ ലൈംഗിക ജീവിതം ഈ പ്രശ്നങ്ങളെയെല്ലാം ഇല്ലാതാക്കുകയും യോനിയിലേക്കുള്ള രക്തയോട്ടം കൂട്ടി യോനികോശങ്ങളുടെ ഇലാസ്‌തികത വർദ്ധിപ്പിക്കാൻ സഹായിക്കും.

മൂത്രാശയസംബന്ധിയായ പ്രശ്നങ്ങൾ പരിഹരിക്കും

മുപ്പതു ശതമാനത്തോളം സ്ത്രീകളും ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിലെങ്കിലും കടന്നുപോയ അവസ്ഥയാണ് മൂത്രം നിയന്ത്രിക്കാനാവാത്ത അവസ്ഥ (യൂറിനറി ഇൻകോണ്ടിനൻസ്). പെൽവിക് പേശികളുടെ ബലക്കുറവുകളാണ് പല സ്ത്രീകളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഓർഗാസം സംഭവിക്കുമ്പോൾ സ്ത്രീകളിലെ പെൽവിക് മസിലുകൾ കൂടുതൽ ശക്തിപ്പെടും.  കീഗൽ വ്യായാമം ചെയ്യുമ്പോൾ പേശികൾക്ക് ലഭിക്കുന്ന അതേ ശക്തി തന്നെയാണ് രതിമൂർച്ഛയിലും ലഭിക്കുന്നത്. പെൽവിക് മസിലുകൾ ശക്തമാവുകയും  സെക്സിലൂടെ അവയ്ക്ക് മികച്ച വ്യായാമം കിട്ടുകയും ചെയ്യുന്നതോടെ മൂത്രസഞ്ചിയുടെ നിയന്ത്രണവും ബലപ്പെടും. അപ്രതീക്ഷിതമായി ഉണ്ടാവുന്ന മൂത്രം ലീക്ക് ചെയ്യുന്ന പ്രശ്നങ്ങൾ ഇതോടെ പരിഹരിക്കപ്പെടും.

Sex, Sex Life, Foreplay, ഫോർ പ്ലേ, സെക്‌സ് , Sex and Health, സെക്‌സും ആരോഗ്യവും, IE Malayalam, ഐഇ മലയാളം, ഇന്ത്യൻ എക്സ്പ്രസ് മലയാളം, Indian express malayalam

രക്തസമ്മർദ്ദം കുറയ്ക്കുന്നു

ഉയർന്ന രക്തസമ്മർദ്ദം അനുഭവിക്കുന്ന വ്യക്തിയാണോ നിങ്ങൾ?  എങ്കിൽ രക്തസമ്മർദ്ദം  കുറയ്ക്കാൻ സെക്സ് നിങ്ങളെ സഹായിക്കും. സെക്സിൽ ഏർപ്പെടുമ്പോൾ ലോവർ സിസ്റ്റോളിക് ബ്ലഡ് പ്രഷർ കുറയുന്നായി പഠനങ്ങൾ കാണിക്കുന്നു. ബിപി ടെസ്റ്റിൽ കാണിക്കുന്ന (120/80) എന്ന രക്തസമ്മർദ്ദത്തിന്റെ തോതിലെ ആദ്യസംഖ്യ സൂചിപ്പിക്കുന്ന സിസ്റ്റോളിക് ബിപിയിലാണ് കാര്യമായ കുറവ് സംഭവിക്കുന്നത്. എന്നാൽ സ്വയംഭോഗത്തിൽ ഈ ഗുണം ലഭിക്കില്ലെന്നാണ് പഠനങ്ങൾ പറയുന്നത്. രക്തസമ്മർദ്ദം കുറയ്ക്കാനുള്ള മരുന്നുകൾക്ക് ബദൽ അല്ല സെക്സ് എങ്കിലും ആരോഗ്യകരമായ സെക്സ് അക്കാര്യത്തിലും ഗുണം ചെയ്യുന്നുണ്ട്.

സെക്സ് എന്ന വ്യായാമം

വ്യായാമം എന്നു കേൾക്കുമ്പോൾ മടി പിടിക്കുന്നവർ ഏറെയാണ്. എന്നാൽ സെക്സ് നല്ലൊരു വ്യായാമം കൂടിയാണ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിങ്ങളുടെ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും വിവിധ പേശി ഗ്രൂപ്പുകൾക്ക് വ്യായാമം നൽകുകയും ചെയ്യുന്നു, ഇതുവഴി മിനിറ്റിൽ ഏതാണ്ട് അഞ്ച് കലോറിയോളം ആണ് ഉപയോഗിക്കപ്പെടുന്നത്.

സാധാരണ വ്യായാമം ലഭിക്കാത്ത പല പേശികൾക്കും ലൈംഗികബന്ധത്തിനിടെ ആയാസം ലഭിക്കുന്നതിനാൽ സെക്സ് ഒരു മികച്ച വ്യായാമമാണ്. വ്യായാമത്തിനു ബദലായി സെക്സിനെ കാണാൻ ആവില്ലെങ്കിലും സെക്സിന് ഇത്തരം ഗുണങ്ങൾകൂടിയുണ്ടെന്ന് ചുരുക്കം. ചെറുപ്പക്കാരായ സ്ത്രീകളിലും പുരുഷന്മാരിലും നടത്തിയ പഠനത്തിൽ അരമണിക്കൂറിൽ 108 കലോറിയോളമാണ് ലൈംഗികതയിലൂടെ എരിച്ചുകളയുന്നത് എന്നാണ് കാണിക്കുന്നത്.

Read more: വിരക്തിയില്ലാതെ സെക്‌സ് ആസ്വദിക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ

ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു

ആരോഗ്യകരമായ ഹൃദയത്തിനും സെക്സ് ഗുണം ചെയ്യും. കൂടുതൽ ലൈംഗികബന്ധത്തിൽ ഏർപ്പെടൂ, അതുവഴി, ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ പോലുള്ള ഹോർമോണുകളുടെ അളവ് നിയന്ത്രിക്കാൻ സാധിക്കും. ഈ ഹോർമോണുകൾ അസന്തുലിതമാകുമ്പോൾ ആണ് ഹൃദ്രോഗം, അസ്ഥിക്ഷയം (osteoporosis) തുടങ്ങിയ അവസ്ഥകൾ ഉണ്ടാവുന്നത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടും. പുരുഷന്മാരിൽ നടത്തിയ ഒരു പഠനത്തിൽ, ആഴ്ചയിൽ രണ്ടു തവണയെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 50% ഹൃദ്രോഗസാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

സെക്സ് എന്ന വേദന സംഹാരി

വേദന കുറയ്ക്കാനും വേദനാസഹനശേഷി കൂട്ടാനും സഹായിക്കുന്ന വിവിധ ഹോർമോണുകൾ രതിമൂർച്ഛയുടെ ഭാഗമായി ശരീരത്തിൽ ഉണ്ടാകുന്നുണ്ട്. അതിനാൽ സെക്സ് ഒരു മികച്ച വേദനാസംഹാരിയാണ്.സ്വയംഭോഗത്തിലൂടെയും മറ്റും ശരീരം ഉത്തേജിപ്പിക്കുമ്പോൾ ആർത്തവകാലത്തെ വേദനകൾ, സന്ധിവാതം, തലവേദന പോലുള്ള വേദനകൾ കുറയ്ക്കുന്നതായി സ്ത്രീകളിൽ നടത്തിയ ചില പഠനങ്ങളും തെളിയിക്കുന്നുണ്ട്.

പ്രോസ്റ്റേറ്റ് കാൻസറിനുള്ള സാധ്യത കുറയ്ക്കും

പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസർ പോലുള്ള അസുഖങ്ങൾ വരാതിരിക്കാൻ ആരോഗ്യകരമായ സെക്സ് സഹായിക്കും. മാസത്തിൽ 20 ൽ കൂടുതൽ തവണ സ്ഖലനം സംഭവിക്കുന്ന പുരുഷന്മാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പ്രോസ്റ്റേറ്റ് കാൻസറിനുള്ള സാധ്യതകൾ കുറവാണ് എന്നാണ് ഒരു പഠനം പറയുന്നത്. ലൈംഗികബന്ധം, സ്വയംഭോഗം, നിദ്രാ സ്ഖലനം തുടങ്ങി ഏതുതരത്തിലുള്ള സ്ഖലനവും ഗുണകരമാണെന്നാണ് പഠനങ്ങൾ കാണിക്കുന്നത്.

ഉറക്കം മെച്ചപ്പെടുത്തും

നന്നായി ഉറങ്ങാൻ മനുഷ്യരെ സഹായിക്കുന്ന ഒന്നാണ് സെക്സ്. രതിമൂർച്ഛയുടെ ഭാഗമായി ഉണ്ടാവുന്ന പ്രോലാക്റ്റിൻ എന്ന ഹോർമോൺ നല്ല ഉറക്കം സമ്മാനിക്കും.  ഉറക്കഗുളികയുടെ ഗുണം ചെയ്യുന്ന ഒരു ഹോർമോൺ ആണ് പ്രോലാക്റ്റിൻ. അതുകൊണ്ടാണ് ലൈംഗികബന്ധത്തിന് ശേഷം പലപ്പോഴും നിങ്ങൾ എളുപ്പത്തിൽ ഉറക്കത്തിലേക്ക് വീണുപോവുന്നത്.

Read more: പുതുവര്‍ഷ രാത്രിയിലെ ‘സെക്‌സ് പ്രിയം’; കൗതുകം ഈ കണക്കുകള്‍

ടെൻഷനും സമ്മർദ്ദവും കുറയ്ക്കും

ടെൻഷൻ, മാനസിക പിരിമുറുക്കം എന്നിവ കുറയ്ക്കാൻ സെക്സ് മികച്ചൊരു ഉപാധിയാണ്. സ്പർശനം, ആലിംഗനം, ലൈംഗികപരമായ അടുപ്പം, വൈകാരിക അടുപ്പം എന്നിവ മനസ്സിന് ശാന്തതയും ആശ്വാസവും നൽകും. തലച്ചോറിൽ സന്തോഷത്തിന്റെ അനുരണനങ്ങൾ ഉണർത്താനും സെക്സിനാവും. അടുപ്പവും മാനസികോല്ലാസവും ഉണ്ടാകുന്നതോടെ സമ്മർദ്ദങ്ങളിൽ നിന്നും മുക്തരാവുകയും ആരോഗ്യകരമായ മാറ്റങ്ങൾ ശരീരത്തിലും മനസ്സിലുമുണ്ടാവുകയും ചെയ്യും.

പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നു

സുഹൃത്തുക്കൾ, കുടുംബം എന്നിവരുമായുള്ള  സമാധാനപരമായ ബന്ധം ഓരോ വ്യക്തിയുടെയും മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒന്നാണ്. പങ്കാളിയുമായുള്ള മികച്ച ബന്ധം നിങ്ങളെ കൂടുതൽ സന്തോഷവാന്മാരായി നിലനിർത്തും. പരസ്പരം ആലിംഗനം ചെയ്യുന്നതും സ്പർശിക്കുന്നതുമൊക്കെ പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ സഹായിക്കും. സെക്സിലൂടെയും രതിമൂർച്ഛയിലൂടെയും ഉണ്ടാവുന്ന ഓക്സിടോസിൻ എന്ന ഹോർമോൺ വ്യക്തികൾക്കിടയിലെ മാനസികമായ അടുപ്പം കൂട്ടും. സ്നേഹവും വിശ്വാസവും ഊട്ടിയുറപ്പിക്കാൻ ‘ലവ് ഹോർമോൺ’ എന്നറിയപ്പെടുന്ന ഓക്സിടോസിനു സാധിക്കും.

കൂടുതൽ ചെറുപ്പം

പ്രായം കുറയ്ക്കാനായി ശസ്ത്രക്രിയകളും ആന്റി ഏജിംഗ് ക്രീമുകളും അന്വേഷിക്കുന്ന നിരവധിയേറെ പേരുണ്ട്, എന്നാൽ ശരീരത്തിന്റെയും മനസ്സിന്റെയും ചെറുപ്പം നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ് സെക്സ്. ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ​ എന്നീ ഹോർമോണുകൾ വ്യക്തികളെ ചെറുപ്പമായും ഊർജ്ജസ്വലരായും നിലനിർത്താൻ സഹായിക്കും. ചർമ്മത്തിന്റെ തിളക്കവും ശോഭയും വർധിപ്പിക്കാനും ഈസ്ട്രജൻ ഹോർമോണുകൾ സഹായിക്കും. ആളുകളെ കണ്ട് അവരുടെ പ്രായം ഊഹിച്ചുപറയാനായി നടത്തിയ ഒരു സർവ്വെയിൽ, ആഴ്ചയിൽ നാലുതവണയെങ്കിലും സെക്സിൽ ഏർപ്പെടുന്ന ആളുകൾ മറ്റുള്ളവരേക്കാൾ കാഴ്ചയിൽ 7 മുതൽ 12 വയസ്സ് വരെ പ്രായം കുറഞ്ഞതായി കണ്ടെത്തിയിരുന്നു.

തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു

ലൈംഗികതയുടെ ഗുണങ്ങൾ യഥാർത്ഥത്തിൽ തല മുതൽ കാൽ വരെ നീളുന്ന ഒന്നാണ്. സജീവമായ ലൈംഗിക ജീവിതം നിങ്ങളുടെ തലച്ചോറിനെ മികച്ച രീതിയിൽ പ്രവർത്തിപ്പിക്കാൻ സഹായിക്കും. ഓർമ്മശക്തി കൂട്ടാനും കാര്യങ്ങളെ കൂടുതൽ ആഴത്തിൽ വിശകലനം ചെയ്യാനുമൊക്കെയുള്ള തലച്ചോറിന്റെ ശേഷിയേയും സെക്സ് സഹായിക്കും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

Read more: ലൈംഗിക ജീവിതം ഏറ്റവും ആസ്വാദ്യകരമാകുന്നത് നാൽപ്പത് വയസ് കഴിയുമ്പോൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook