മിക്ക അടുക്കളകളിലും സാധാരണയായി കാണപ്പെടുന്ന വിത്തുകളിൽ ഒന്നാണ് എള്ള്. വളരെയധികം ആരോഗ്യഗുണങ്ങൾ ഉണ്ടെങ്കിലും എള്ള് വളരെ അപൂർവമായി മാത്രമേ പല ആളുകളും ഉപയോഗിക്കാറുള്ളൂ. എള്ള് പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണ്.
അവയിൽ ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനുകളും ഉണ്ട്. ബി വിറ്റാമിനുകളാൽ സമ്പന്നമായതിനാൽ മുടിക്കും ചർമ്മത്തിനും മികച്ചതാണ്. അവയിൽ നാരുകൾ, ആന്റിഓക്സിഡന്റുകൾ, സസ്യ സംയുക്തങ്ങൾ എന്നിവയും അടങ്ങിയിട്ടുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഉയർന്ന രക്തസമ്മർദ്ദം, സന്ധിവേദന എന്നിവ നിയന്ത്രിക്കുന്നതിലും ചർമ്മം, മുടി, എല്ലുകളുടെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതിലും തൈറോയ്ഡ് പ്രവർത്തനം വർധിപ്പിക്കുന്നതിലും എള്ള് മികച്ചതാണ്. എള്ളിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പറയുകയാണ് ലൈഫ്സ്റ്റൈൽ കോച്ച് ലൂക്ക് കുട്ടീഞ്ഞോ.
എള്ളിന്റെ ആരോഗ്യ ഗുണങ്ങൾ
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു, ഹൃദയത്തെ സംരക്ഷിക്കുന്നു
ട്രൈഗ്ലിസറൈഡുകൾ, എൽഡിഎൽ കൊളസ്ട്രോൾ (ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ) എന്നിവ കുറയ്ക്കുന്നതിൽ പങ്ക് വഹിക്കുന്ന സസ്യ സംയുക്തങ്ങളായ ലിഗ്നാനുകളും ഫൈറ്റോസ്റ്റെറോളുകളും എള്ളിൽ അടങ്ങിയിട്ടുണ്ട്. ഇതിലൂടെ ഹൃദയത്തെ സംരക്ഷിക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു
കുറഞ്ഞ കാർബോഹൈഡ്രേറ്റുകളും ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനുകളും അടങ്ങിയ എള്ള് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഇത് ഫലപ്രദമാണ്. പ്രമേഹത്തിന് അനുയോജ്യമായ ഭക്ഷണമാണ് എള്ള്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് അവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
തൈറോയ്ഡ് ഗ്രന്ഥിക്ക് കരുത്തേകുന്നു
തൈറോയ്ഡൈറ്റിസ് അല്ലെങ്കിൽ ഹൈപ്പോതൈറോയിഡിന്റെ മിക്ക കേസുകളിലും പ്രധാന കാരണം സെലിനിയം കുറവാണ്. എള്ളിൽ സെലിനിയം അടങ്ങിയിട്ടുണ്ട്, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിന് വലിയ പങ്ക് വഹിക്കാൻ കഴിയും.
സന്ധിവേദനയ്ക്കും ആരോഗ്യമുള്ള അസ്ഥികൾക്കും
അസ്ഥി വേദനയും സന്ധിവേദനയും കുറയ്ക്കാൻ എള്ള് സഹായിക്കും. നിങ്ങൾക്ക് ആർത്രൈറ്റിസ് ഇല്ലെങ്കിലും, മൊത്തത്തിലുള്ള അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. എള്ളിൽ കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട്.
എള്ള് എങ്ങനെ കഴിക്കാം?
എള്ള് കുതിർത്ത് കഴിക്കുന്നത് നല്ലതാണ്. അവ മുളപ്പിക്കുമ്പോൾ, ആന്റി-ന്യൂട്രിയന്റുകൾ ഏകദേശം 50 മുതൽ 70 ശതമാനം വരെ കുറയ്ക്കുന്നു. അവ വറുത്ത് കഴിക്കാം. ഇവ വറുത്തെടുക്കുന്നത് അൽപ്പം പോഷണം നഷ്ടപ്പെടുത്തുമെങ്കിലും പോഷക വിരുദ്ധ ഘടകങ്ങളെ നശിപ്പിക്കാനുള്ള നല്ലൊരു വഴിയാണിത്.