ദഹനപ്രശ്നനങ്ങളാൽ ബുദ്ധിമുട്ടുന്നവർ നിരവധിയുണ്ട്. ശരീരത്തിന് അവ അസ്വസ്ഥത ഉണ്ടാക്കുക മാത്രമല്ല, ചില സന്ദർഭങ്ങളിൽ വേദനയുണ്ടാക്കുകയും ചെയ്യും. നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണമെന്ന പോലെ നല്ല ദഹനത്തിനും ഇതാവശ്യമാണ്.
ദഹനം മികച്ചതാക്കുന്ന രീതിയിൽ ഭക്ഷണം കഴിക്കാനുള്ള മാർഗങ്ങൾ ആയുർവേദത്തിൽ നിങ്ങൾക്ക് കണ്ടെത്താൻ കഴിയുമെന്ന് ആയുർവേദ വിദഗ്ധ ഡോ. ഡിക്സ ഭാവ്സർ പറയുന്നു. ”ഭക്ഷണം തിരഞ്ഞെടുക്കുന്നതിൽ ആയുർവേദം ചില മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട്, പ്രത്യേകിച്ച് ദഹനവുമായി ബന്ധപ്പെട്ട്,” അവർ പറഞ്ഞു. ദഹന പ്രശ്നങ്ങൾ ഒഴിവാക്കാൻ ഒൻപത് ആയുർവേദ ശീലങ്ങൾ പിന്തുടരാമെന്ന് അവർ പറഞ്ഞു.
1. വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക. നന്നായി വിശക്കുമ്പോൾ മനസ്സിലാക്കേണ്ടത് നിങ്ങൾ മുൻപു കഴിച്ച ഭക്ഷണം പൂർണമായും ദഹിച്ചു കഴിഞ്ഞുവെന്നാണ്. ചിലപ്പോൾ വിശക്കുന്നുവെന്ന് നമുക്ക് തോന്നാം, പക്ഷേ അത് നിർജ്ജലീകരണം സംഭവിച്ചതായിരിക്കാം. അതിനാൽ ശരിക്കും വിശപ്പ് തോന്നുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക.
2. ശാന്തവും സുഖപ്രദവുമായ സ്ഥലത്തിരുന്ന് ഭക്ഷണം കഴിക്കുക. ഇരുന്നു കൊണ്ട് ഭക്ഷണം കഴിക്കുക. ഭക്ഷണ സമയത്ത് ടിവി, പുസ്തകം, ഫോൺ, ലാപ്ടോപ് ഒന്നും തന്നെ അടുത്ത് വേണ്ട.
3. ശരിയായ അളവിൽ ഭക്ഷണം കഴിക്കുക. നമ്മളെല്ലാം വ്യത്യസ്തരാണ്. ഭക്ഷണത്തിന്റെ ആവശ്യത്തിലും അളവിലും വയറിന്റെ വലുപ്പത്തിലുമെല്ലാം. ശരീരത്തിന് ചെവി കൊടുക്കുക. നിങ്ങൾക്ക് മതിയായെന്നു തോന്നുമ്പോൾ ഭക്ഷണം കഴിക്കുന്നത് നിർത്തുക.
4. പാചകം ചെയ്ത് കഴിക്കുക. ഫ്രിഡ്ജിൽനിന്ന് നേരിട്ട് പുറത്തെടുത്ത് ഭക്ഷണം ഉപയോഗിക്കാതെ ഫ്രഷായി പാചകം ചെയ്ത് കഴിക്കുക. ദഹനശേഷിക്ക് ഇതാണ് നല്ലത്. നിങ്ങളുടെ ദഹന എൻസൈമുകളെ കാര്യക്ഷമമായി പ്രവർത്തിക്കാൻ ഇത് സഹായിക്കും.
5. നല്ല ഭക്ഷണം കഴിക്കുക. നിങ്ങളുടെ ഭക്ഷണം ചാറുളളതും അൽപം എണ്ണമയമുള്ളതും ആണെന്ന് ഉറപ്പാക്കുക, ഇത് ദഹനത്തെ സഹായിക്കുകയും പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യും. വളരെയധികം വരണ്ട ഭക്ഷണങ്ങൾ ഒഴിവാക്കുക.
6. ചില ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കരുത്. ഇത് വയറ്റിൽ അസ്വസ്ഥതയുണ്ടാക്കാം. പഴങ്ങളും പാലും, മീനും പാലും തുടങ്ങിയവയൊന്നും ഒരുമിച്ച് കഴിക്കാതിരിക്കുക.
Read More: ഭക്ഷണം കഴിക്കുന്നതിനിടയിൽ വെളളം കുടിക്കാമോ?
7. ഭക്ഷണം കഴിക്കുമ്പോൾ ചിന്തകളൊന്നും പാടില്ല. ഭക്ഷണത്തിന്റെ ഗന്ധം, നിങ്ങളുടെ പ്ലേറ്റിന്റെ രൂപം, ഭക്ഷണത്തിന്റെ ഘടന, വ്യത്യസ്ത സുഗന്ധങ്ങൾ, നിങ്ങൾ കഴിക്കുമ്പോൾ ഉണ്ടാക്കുന്ന ശബ്ദങ്ങൾ എന്നിവയൊക്കെ ശ്രദ്ധിക്കുക.
8. വേഗത്തിൽ കഴിക്കരുത്. വളരെ സാവധാനം സമയമെടുത്ത് ചവച്ചരച്ച് ഭക്ഷണം കഴിക്കുക. ദഹനത്തിന്റെ ഒരു പ്രധാന ഘട്ടമാണ് ചവയ്ക്കുക.
9. കൃത്യമായ സമയത്ത് കഴിക്കുക. “പ്രകൃതിക്ക് കാലചക്രവും കൃത്യതയും ഇഷ്ടമാണ്, നിങ്ങളും അത് പാലിക്കണം,” അവർ പറഞ്ഞു.