/indian-express-malayalam/media/media_files/uploads/2023/09/rise-of-dengue-in-children-precautionary-measures-parents-can-take-903747.jpeg)
നിർത്താതെ പെയ്യുന്ന മഴയും വെള്ളക്കെട്ടും ഡെങ്കിപ്പനി, മലേറിയ, ചിക്കുൻഗുനിയ തുടങ്ങിയ കൊതുക് പരത്തുന്ന വൈറസുകളുടെ വ്യാപനം വർദ്ധിപ്പിച്ചിട്ടുണ്ട്
രാജ്യത്തിന്റെ വിവിധ വശങ്ങളിലായി, കേരളം ഉൾപ്പടെ, 4,000-ത്തിലധികം ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുട്ടികളിൽ ഡെങ്കി ബാധിക്കുന്നതിലും ഗണ്യമായ വർദ്ധനയുണ്ടായിട്ടുണ്ട്. ഡെങ്കിപ്പനി ബാധിച്ച കുട്ടികളുടെ എണ്ണത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ആരോഗ്യ വകുപ്പ് ഇതുവരെ പുറത്തു വിട്ടിട്ടില്ലെങ്കിലും,103 മുതൽ 104 ഡിഗ്രി വരെയുള്ള, ഉയർന്ന ഗ്രേഡ് പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം കൂടുകയാണ്.
നിർത്താതെ പെയ്യുന്ന മഴയും വെള്ളക്കെട്ടും ഡെങ്കിപ്പനി, മലേറിയ, ചിക്കുൻഗുനിയ തുടങ്ങിയ കൊതുക് പരത്തുന്ന വൈറസുകളുടെ വ്യാപനം വർദ്ധിപ്പിച്ചിട്ടുണ്ട്. സ്‌കൂളുകളിലും പാർക്കുകളും മറ്റു കളിസ്ഥലങ്ങളിലും ഒക്കെയായി കുട്ടികൾ വീടിനു പുറത്തായിരിക്കുന്ന സാഹചര്യം സാധ്യത കൂടുതലായതിനാൽ, ഡെങ്കി വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത് പ്രധാനമാണ്.
പൂനെയിലെ മുതിർന്ന ശിശുരോഗ വിദഗ്ധൻ ഡോ. ഉമേഷ് വൈദ്യ പറയുന്നതനുസരിച്ച്, ഡെങ്കിപ്പനിയുള്ള ഒരു വ്യക്തി തുടക്കത്തിൽ സാധാരണ വൈറൽ പനി, തലവേദന, പേശി വേദന, ഇടയ്ക്കിടെയുള്ള ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കും. 'കണ്ണുകൾ, പേശികൾ, എല്ലുകൾ, സന്ധികൾ എന്നിവയ്‌ക്ക് കഠിനമായ വേദനയും പ്രകടിപ്പിക്കാം. ഇത് ചർമ്മത്തിൽ തിണർപ്പ് അല്ലെങ്കിൽ ചർമ്മത്തിലും വായിലും ഒക്കെ ചെറിയ രക്തസ്രാവം ഉണ്ടാക്കാം..'
കുട്ടികൾ മുതൽ പ്രായമായവർ വരെ ഏത് പ്രായത്തിലും ഡെങ്കിപ്പനി വരാമെന്നിരിക്കെ, കുട്ടികളെ സംബന്ധിച്ചിടത്തോളം, വൃത്തിരഹിതമായ ചുറ്റുപാടുകളും വ്യക്തിപരമായ മുൻകരുതൽ ഇല്ലായ്മയും രോഗം പിടിപെടുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ കുട്ടികളിലെ പ്രതിരോധം വളരെ പ്രാധാന്യമർഹിക്കുന്നു.
കുട്ടികളിലെ വെക്ടർ ബോൺ രോഗങ്ങൾ തടയുന്നതിൽ രണ്ട് പ്രധാന ഘടകങ്ങൾ ഉൾപ്പെടുന്നു - വ്യക്തിഗത സംരക്ഷണവും (പേർസണൽ പ്രൊട്ടക്ഷൻ) കൊതുക് നിയന്ത്രണവും.
'വ്യക്തിഗത സംരക്ഷണത്തിൽ ജനൽ വലകൾ, കൊതുക് വലകൾ, കൊതുക് നിവാരണികൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, കുട്ടിയെ ഇളം നിറങ്ങളിലുള്ള വസ്ത്രം ധരിപ്പിക്കുന്നതും കൈകളും കാലുകളും മറയ്ക്കുന്ന തരത്തിൽ വസ്ത്രങ്ങൾ ധരിക്കുന്നതും സഹായകമാകും,' ഡോ. വൈദ്യ പറയുന്നു.
കൊതുക് നിയന്ത്രണത്തിന്റെ കാര്യത്തിൽ, വീടിനകത്തും പരിസരത്തും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുതെന്നും കൂളറുകൾ, പൂച്ചട്ടികൾ എന്നിവയിൽ നിന്ന് പതിവായി വെള്ളം മാറ്റണമെന്നും വിദഗ്ധർ പറയുന്നു. കൂടാതെ, വാട്ടർ ടാങ്കും വെള്ളം സംഭരിക്കുന്ന പാത്രങ്ങളും നിർബന്ധമായും മൂടിയിരിക്കണം.
കൂടാതെ, അയൽപക്കത്ത് ജലധാരകളോ നീന്തൽക്കുളങ്ങളോ കൃത്രിമ തടാകങ്ങളോ ഉണ്ടെങ്കിൽ, അവയിൽ പതിവായി അറ്റകുറ്റപ്പണികൾ നടത്തുകയും കൊതുകുകൾ പെരുകാതിരിക്കാൻ വെള്ളം മാറ്റുകയും ചെയ്യേണ്ടത് പ്രധാനമാണ്. ചുറ്റുപാടുമുള്ള കൊതുകുകളുടെ പെരുപ്പം നിയന്ത്രിക്കണം.
കുട്ടിക്ക് കൊതുക് റിപ്പല്ലന്റുകൾ (നിവാരണി) തിരഞ്ഞെടുക്കുമ്പോൾ, ചേരുവകളുടെ ലിസ്റ്റ് നോക്കാനും ഡോക്ടർ നിങ്ങളെ ഉപദേശിക്കുന്നുണ്ട്. 'സ്പ്രേകൾ, സ്റ്റിക്കുകൾ, ഡ്രോപ്പുകൾ അല്ലെങ്കിൽ ക്രീമുകൾ എന്നിങ്ങനെ വിവിധ രൂപങ്ങളിൽ കൊതുക് റിപ്പല്ലന്റുകൾ വരുന്നതിനാൽ, രാസവസ്തുക്കളിൽ നിന്നാണോ പ്രകൃതിദത്ത ചേരുവകളിൽ നിന്നാണോ ചേരുവകൾ എന്ന് പരിശോധിക്കണം. റിപ്പല്ലന്റിൽ DEET (diethyltoluamide) ഉണ്ടെങ്കിൽ, അത് 10 മുതൽ 30 ശതമാനം വരെയാണോ എന്ന് പരിശോധിക്കണം. രണ്ടു മുതൽ 5 മണിക്കൂർ വരെ ഫലപ്രദമായി പ്രവർത്തിക്കാൻ അത് മതിയാകും. രണ്ടു മാസത്തിൽ താഴെയുള്ള കുട്ടികളാണെങ്കിൽ DEET ചേരുവയുള്ളത് ഒഴിവാക്കണം.'
അതു പോലെ, നാരങ്ങ, യൂക്കാലിപ്റ്റസ് പോലെയുള്ള എസൻഷ്യൽ ഓയിലുകൾ കുട്ടിയെ കൊതുകുകളിൽ നിന്ന് മണിക്കൂറുകളോളം സംരക്ഷിക്കും, എന്നിരുന്നാലും, അത്തരം റിപ്പല്ലന്റുകൾ ഉപയോഗിക്കുന്നതിനു മുൻപ് കുട്ടിക്ക് അതിനോട് അലർജി ഉണ്ടോ എന്ന് പഠിക്കേണ്ടതുണ്ടെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. കൊതുക് വലകളും റാക്കറ്റുകളും കുട്ടികൾക്ക് ഏറ്റവും സുരക്ഷിതമായി കണക്കാക്കപ്പെടുന്നു.
'ഡെങ്കിപ്പനി, മലേറിയ, മറ്റ് രോഗങ്ങൾ എന്നിവ തടയുന്നതിന് കൊതുകുകടിയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ആവശ്യമായ മുൻകരുതലുകളും ശരിയായ നടപടികളുടെ ഉപയോഗവും തീർച്ചയായും ഇത്തരം അസുഖങ്ങളിൽ നിന്ന് കുട്ടികളെ അകറ്റി നിർത്താൻ സഹായിക്കും.' ഡോ.വൈദ്യ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.