കോവിഡ് വ്യാപനത്തെത്തുടർന്നുള്ള ആരോഗ്യ പ്രതിസന്ധിയെത്തുടർന്ന് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്, പ്രത്യേകിച്ചും ആരോഗ്യം വീണ്ടെടുക്കലിനെക്കുറിച്ചും പ്രതിരോധശേഷിയെക്കുറിച്ചും. കോവിഡ് -19 ബാധിച്ച് രോഗമുക്തി നേടിയ നിരവധി പേർ ഉന്നയിക്കുന്ന ഒരു സംശയമുണ്ട്. കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവർക്ക് രക്തം ദാനം ചെയ്യാൻ കഴിയുമോ എന്ന ചോദ്യം.
രക്തം ദാനം ചെയ്യുന്നത് ഒരു കാരുണ്യ പ്രവൃത്തിയായി കണക്കാക്കപ്പെടുന്നു, ഇത് ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന കാര്യമാണ്. കോവിഡ് രോഗവ്യാപന സമയത്ത് രക്തദാനം ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നു. രാജ്യത്തുടനീളമുള്ള ബ്ലഡ് ബാങ്കുകളിൽ രക്ത യൂണിറ്റുകളുടെ കുറവിന് ഇത് കാരണമായി.
“രക്തം ദാനം ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ധാരാളം ചോദ്യങ്ങളുണ്ട്. അവർ കോവിഡ്-19 ൽ നിന്ന് മുക്തി നേടിയ രോഗികളാണെങ്കിൽ, അവർക്ക് രക്തം ദാനം ചെയ്യാൻ കഴിയുമോ ഇല്ലയോ, അല്ലെങ്കിൽ ഇത് ദാതാവിനും സ്വീകർത്താവിനും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്നതുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾ വരുന്നു. ആരോഗ്യമുള്ള മറ്റ് വ്യക്തികളെ സംബന്ധിച്ചിടത്തോളം, രക്തദാനത്തിലൂടെ ഏതെങ്കിലും വിധത്തിൽ വൈറസ് ബാധിക്കാനുള്ള സാധ്യതയുണ്ടോയെന്ന് അവർ ആശങ്കാകുലരാണ്,” കല്യാണിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഡോക്ടർ സന്ദീപ് പാട്ടീൽ പറഞ്ഞു.
രക്തം ദാനം ചെയ്യുമ്പോൾ ഒരാൾക്ക് വൈറസ് പിടിപെടാമോ?
“ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അഭിപ്രായത്തിൽ, രക്തദാനം അല്ലെങ്കിൽ രക്തപ്പകർച്ച പ്രക്രിയകൾ നിങ്ങളെ കോവിഡ്-19 ബാധിക്കാനുള്ള ഉയർന്ന അപകടസാധ്യതയിലേക്കെത്തിക്കില്ല, കാരണം മിക്ക ശ്വാസകോശ വൈറസുകളും രക്തദാനത്തിലൂടെയോ കൈമാറ്റം വഴിയോ പകരില്ല,” ഡോ. പാട്ടീൽ വിശദീകരിക്കുന്നു.
കൊറോണ വൈറസ് ബാധയിൽ നിന്ന് മുക്തി നേടിയവർക്ക് രക്തം ദാനം ചെയ്യാമെന്ന് ഡോ. പാട്ടീൽ പറയുന്നു. രോഗമുക്തി നേടിയാലും ഏതാനും ആഴ്ചകളോളം ചില വ്യക്തികൾക്ക് “ചുമ, മണം അല്ലെങ്കിൽ രുചി കുറയുന്ന പ്രശ്നം” എന്നിവയുണ്ടാവാമെങ്കിലും ഇവരെയും രോഗം ഭേദമായവരായി കണക്കാക്കാമെന്നും അദ്ദേഹം പറഞ്ഞു.
രോഗമുക്തി നേടിയവർക്ക് എപ്പോഴാണ് രക്തം ദാനം ചെയ്യാൻ കഴിയുക?
- കൊറോണ വൈറസ് ലക്ഷണങ്ങളുള്ള, കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ഒരാൾക്ക് രോഗലക്ഷണങ്ങളെല്ലാം മാറി ചുരുങ്ങിയത് 28 ദിവസമെങ്കിലും കഴിഞ്ഞാൽ മാത്രമേ രക്തദാനം ചെയ്യാൻ സാധിക്കൂ. രോഗലക്ഷണങ്ങൾ മാറുന്നതിന് മുൻപ് തന്നെ കോവിഡ് പരിശോധനയിൽ നെഗറ്റീവ് ലഭിച്ചാലും രോഗലക്ഷണങ്ങൾ മാറി 28 ദിവസം കഴിയണമെന്ന ഈ സമയപരിധി കുറയ്ക്കാനാവില്ല.
- കൊറോണ വൈറസ് ലക്ഷണങ്ങളുണ്ടായിരുന്നതും എന്നാൽ പരിശോധനയിൽ നെഗറ്റീവ് ലഭിച്ചതുമായ ഒരാൾക്ക് രോഗലക്ഷണങ്ങൾ മാറി 14 ദിവസം കഴിയുന്നത് വരെ കാത്തിരിക്കണം.
- കൊറോണ വൈറസ് ലക്ഷണങ്ങളുള്ള, എന്നാൽ കോവിഡ് പരിശോധന നടത്താത്തതോ പരിശോധനാ ഫലം അറിയാത്തതോ ആയ ആളുകൾ രോഗലക്ഷണങ്ങൾ ഭേദമായി കുറഞ്ഞത് 28 ദിവസം കഴിയുന്നത് വരെ കാത്തിരിക്കണം.
- കോവിഡ് പോസിറ്റീവ് ഫലം ലഭിക്കകുകയും എന്നാൽ രോഗ ലക്ഷണങ്ങളില്ലാതിരിക്കുകയും ചെയ്യുന്നവരുടെ കാര്യത്തിൽ അവസാന പോസിറ്റീവ് പരിശോധനാ ഫലം കിട്ടിയ 28 ദിവസം കഴിഞ്ഞ ശേഷം മാത്രമേ രക്തം ദാനം ചെയ്യാൻ കഴിയൂ.
“എന്നിരുന്നാലും, ഇവ ജോയിന്റ് യുണൈറ്റഡ് കിങ്ഡം (യുകെ) ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റേഷൻ സർവീസസ് പ്രൊഫഷനൽ അഡ്വൈസറി കമ്മിറ്റിയുടെ മാർഗ്ഗനിർദ്ദേശങ്ങളാണെന്ന് ശ്രദ്ധിക്കേണ്ടതാണ്. ഇന്ത്യയിലെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഒരു കോവിഡ്-19 രോഗിക്ക് 28 ദിവസം മാറ്റിവച്ച ശേഷമോ അല്ലെങ്കിൽ പൂർണ്ണമായി ആരോഗ്യം വീണ്ടെടുത്തതിന് ശേഷമോ മാത്രമേ രക്തം ദാനം നൽകാൻ കഴിയൂ. ഇക്കാര്യത്തിൽ സംശയങ്ങളുണ്ടെങ്കിൽ ഡോക്ടറുമായി സംസാരിക്കുന്നതാണ് നല്ലത്, ”ഡോ.പാട്ടീൽ പറഞ്ഞു.