ആരോഗ്യത്തോടെ തുടരാനും സങ്കീർണതകൾ ഒഴിവാക്കാനും പ്രമേഹരോഗികൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരന്തരം നോക്കേണ്ടതുണ്ട്. പ്രമേഹമുള്ളവർക്ക് എല്ലാം മിതമായി കഴിക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയാറുണ്ട്. എന്നാൽ, ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയർത്താത്ത കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നതാണ് ഉചിതം. അത്തരം ഭക്ഷണങ്ങൾ ദീർഘനേരം സംതൃപ്തി നൽകുകയും ശരീര ഭാരം വർധിപ്പിക്കാതിരിക്കുകയും ചെയ്യും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്ന ഒരു അത്ഭുതകരമായ പച്ചക്കറിയാണ് ചുവന്ന ചീര. പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈ ഇലക്കറി. ആന്റിഓക്‌സിഡന്റുകളുടെ പ്രത്യേകിച്ച് ആന്തോസയാനിനുകളുടെ നല്ല ഉറവിടമാണവ.
ചുവന്ന ചീര പ്രമേഹരോഗികൾക്ക് മികച്ചതാകുന്നത് എന്തുകൊണ്ട്?
ചുവന്ന ചീരയിൽ കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും ഉള്ളതിനാൽ പ്രമേഹരോഗികൾക്ക് മികച്ചതാണെന്ന് ജിൻഡാൽ നേച്ചർക്യൂർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറ്റീഷ്യൻ സുഷമ പി.എസ് പറഞ്ഞു. ”കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉയർന്ന പോഷകഗുണവും ഉള്ളതിനാൽ ചുവന്ന ചീര പ്രമേഹ രോഗികൾക്ക് ആരോഗ്യകരമായ ഒരു ഓപ്ഷനാണ്. കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങളാണ് പ്രമേഹരോഗികൾക്ക് ഗുണകരം. ചുവന്ന ചീരയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്. ആയതിനാൽ ഇത് രക്തത്തിലെ പഞ്ചസാര വർധിപ്പിക്കാനുള്ള സാധ്യത കുറവാണ്. കൂടാതെ, ചുവന്ന ചീരയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഗ്ലൂക്കോസ് ആഗിരണം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താനും സഹായിക്കും. പ്രമേഹ വിരുദ്ധ ഗുണങ്ങളുള്ള ഫ്ലേവനോയിഡുകൾ പോലുള്ള ആരോഗ്യകരമായ സസ്യ രാസവസ്തുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്.”
ചുവന്ന ചീരയിലെ നാരുകൾ രക്തത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കാൻ സഹായിക്കും. ഇതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ഭുവനേശ്വറിലെ കെയർ ഹോസ്പിറ്റൽസിലെ സീനിയർ ഡയറ്റീഷ്യൻ ഗുരു പ്രസാദ ദാസ് പറഞ്ഞു.
ചുവന്ന ചീരയുടെ ആരോഗ്യ ഗുണങ്ങൾ
- ഇരുമ്പിന്റെ നല്ല ഉറവിടമാണ്
- വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
- ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഇതിൽ അടങ്ങിയിരിക്കുന്നു.
- ദഹനത്തെ സഹായിക്കുന്ന ഡയറ്ററി ഫൈബർ ഇതിൽ കൂടുതലാണ്.