ശരീരത്തിന് ഊർജം പകരുന്നതും ദിവസം മുഴുവൻ സജീവമായിരിക്കാൻ സഹായിക്കുന്നതുമായ ഭക്ഷണം കഴിച്ച് ദിവസം തുടങ്ങുന്നത് ഏറെ നല്ലതാണ്. അതുപോലെ തന്നെ മധ്യാഹ്ന നേരത്തെ വിശപ്പ് ശമിപ്പിക്കാൻ ആരോഗ്യകരമായ എന്തെങ്കിലും കഴിക്കേണ്ടതും പ്രധാനമാണ്. ഈ സമയത്തെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പാണ് നട്സ്.
ബദാം മുതൽ വാൽനട്ട് വരെയുള്ള നട്സുകളിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. നട്സുകൾ പോഷകങ്ങളുടെ ശക്തികേന്ദ്രമായതിനാൽ ഓർമ്മശക്തി, ദഹനം, ഊർജ നില എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇവ പതിവായി കഴിക്കാൻ വിദഗ്ധർ നിർദേശിക്കുന്നു.
എന്നാൽ, നട്സ് എങ്ങനെ കഴിക്കണമെന്ന സംശയം ഇപ്പോഴും പലർക്കുമുണ്ട്. ചിലർ അവ അസംസ്കൃതമായി കഴിക്കാൻ ഇഷ്ടപ്പെടുന്നു, മറ്റുള്ളവർ രാത്രി മുഴുവൻ കുതിർത്തവ കഴിക്കുന്നു. ”നട്സ് പോഷകങ്ങളുടെ ശക്തികേന്ദ്രമാണ്, അവ പതിവായി കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും,” ഡയറ്റീഷ്യൻ ഗരിമ ഗോയൽ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചു. അവ എപ്പോഴും കഴിക്കുന്നതിന് മുമ്പ് കുതിർക്കേണ്ടത് എന്തുകൊണ്ടാണെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
- നട്സ് കുതിർക്കുമ്പോൾ ഫൈറ്റിക് ആസിഡിന്റെ അളവ് കുറയും. അല്ലെങ്കിൽ, ഈ സംയുക്തം അവശ്യ ധാതുക്കളുമായി സംയോജിക്കുകയും അവ കുടലിലൂടെ ആഗിരണം ചെയ്യപ്പെടാതെ കടന്നുപോകുകയും ചെയ്യുന്നുവെന്ന് ഗരിമ പറഞ്ഞു. അവയുടെ തൊലിപ്പുറത്തെ പാളിയിലെ ഫൈറ്റിക് ആസിഡ് നീക്കം ചെയ്യപ്പെടുന്നതിനാൽ കുതിർത്ത നട്സുകളാണ് ആരോഗ്യകരം. അങ്ങനെ ചെയ്യുന്നതിലൂടെ പോഷകങ്ങൾ മികച്ച രീതിയിൽ ആഗിരണം ചെയ്യുമെന്ന് മുംബൈയിലെ സൻകീൽ മൾട്ടിസ്പെഷ്യാലിറ്റി ക്ലിനിക്കിലെ ഡയറ്റീഷ്യൻ ഡോ.ശിൽപ ബൻസാൽ ചവാൻ പറഞ്ഞു.
- നട്സിൽ മഗ്നീഷ്യം, സെലിനിയം, സിങ്ക് തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. കുതിർക്കുമ്പോൾ ഇവ നന്നായി ആഗിരണം ചെയ്യപ്പെടും.
- ഫൈറ്റിക് ആസിഡ്, ടാന്നിൻ തുടങ്ങിയ ഇൻഹിബിറ്ററുകൾ നീക്കം ചെയ്യപ്പെടുന്നതിനാൽ നട്സ് കുതിർക്കുന്നത് ദഹനക്കേടിനുള്ള സാധ്യത കുറയ്ക്കുന്നു.
- നട്സുകൾ കുതിർക്കുന്നതിലൂടെ അവയുടെ രുചി കൂടുതൽ നന്നായി മനസ്സിലാക്കാൻ സഹായിക്കുന്നു.
ദിവസവും 6-10 നട്സ് വരെ കഴിക്കാൻ അവർ നിർദേശിച്ചു. “കശുവണ്ടി, ബദാം, മക്കാഡാമിയ, അല്ലെങ്കിൽ വാൽനട്ട് തുടങ്ങിയ പലതരം നട്സ് ദിവസം മുഴുവൻ നിങ്ങൾക്ക് കഴിക്കാമെന്ന് ഗരിമ പറഞ്ഞു.
രാവിലെയോ അല്ലെങ്കിൽ പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയിലോ, ഉച്ചഭക്ഷണത്തിനും വൈകുന്നേരത്തെ ലഘുഭക്ഷണത്തിനും ഇടയിലായി 4/5 മണിക്കു മുൻപായി നട്സ് കഴിക്കാനാണ് അനുയോജ്യമെന്ന് ഡോ.ചവാൻ പറഞ്ഞു.