scorecardresearch
Latest News

രാമ തുളസി അല്ലെങ്കിൽ കൃഷ്ണ തുളസി: ഏതാണ് ആരോഗ്യകരമായത്?

ഒരു ദിവസം രണ്ട് മൂന്ന് തുളസിയിലകൾ വെറും വയറ്റിൽ കഴിക്കുക

രാമ തുളസി അല്ലെങ്കിൽ കൃഷ്ണ തുളസി: ഏതാണ് ആരോഗ്യകരമായത്?

നൂറ്റാണ്ടുകളായി വിവിധ രോഗാവസ്ഥകൾക്ക് ഉപയോഗിക്കുന്ന ഔഷധ സസ്യമാണ് തുളസി. ധാരാളം ആരോഗ്യ ഗുണങ്ങളാൽ നിറഞ്ഞതാണ് തുളസി. ആയുർവേദ, പ്രകൃതിചികിത്സ ഔഷധങ്ങളിൽ തുളസി വ്യാപകമായി ഉപയോഗിക്കുന്നു. പലതരം തുളസിയുണ്ട്. രാമ തുളസിയും കൃഷ്ണ തുളസിയുമാണ് സാധാരണമായി കാണുന്നത്. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്, നല്ല ആരോഗ്യത്തിന് ഏതാണ് തിരഞ്ഞെടുക്കേണ്ടത്?.

ബെംഗളൂരുവിലെ അപ്പോളോ ഹോസ്പിറ്റൽസിലെ ചീഫ് ക്ലിനിക്കൽ ഡയറ്റീഷ്യൻ ഡോ. പ്രിയങ്ക റോത്തഗി രാമതുളസിയും കൃഷ്ണതുളസിയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ”രാമതുളസി മതപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു, ഔഷധ ഗുണങ്ങൾക്ക് പേരുകേട്ടതാണിത്. തുളസിയുടെ മറ്റ് ഇനങ്ങളെ അപേക്ഷിച്ച് ഈ ഇനത്തിന്റെ ഇലകൾക്ക് മധുരമുള്ള സ്വാദുണ്ട്. കൃഷ്ണ തുളസി അല്ലെങ്കിൽ ശ്യാമ തുളസി, കടും പച്ച/പർപ്പിൾ ഇലകളും പർപ്പിൾ തണ്ടുമുള്ള ഒരു ഇനമാണ്.”

”രാമതുളസി ഹിന്ദുമതത്തിലെ ഒരു പരമോന്നത ഔഷധമായി കണക്കാക്കപ്പെടുന്നുവെന്നും മതപരമായ ചടങ്ങുകൾക്ക് അവ ഉപയോഗിക്കുന്നുവെന്ന് വേദാസ് ക്യൂർ സ്ഥാപകനും ഡയറക്ടറുമായി ആയുർവേദ വിദഗ്ധൻ വികാസ് ചൗള പറഞ്ഞു. കൃഷ്ണ തുളസി വളരെ കുറവായി മാത്രമേ ഉപയോഗിക്കാറുള്ളൂ. പക്ഷേ, നിരവധി ഔഷധ ഗുണങ്ങളുണ്ട്. മറ്റ് ഇനങ്ങളെ അപേക്ഷിച്ച് കയ്പ്പ് കുറവാണ്,” അദ്ദേഹം പറഞ്ഞു.

ഏതാണ് ആരോഗ്യകരം?

രണ്ട് തരത്തിലുള്ള തുളസി ഇലകളും നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണെന്ന് വിദഗ്ധർ പറയുന്നു. “പനി, ത്വക്ക് രോഗം, ദഹനം, ഉപാപചയപ്രവർത്തനം, പ്രതിരോധശേഷി എന്നിവയ്‌ക്ക് ഇവ രണ്ടും നല്ലതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉത്കണ്ഠ പ്രശ്നങ്ങളുള്ള ആളുകൾക്കും സമ്മർദ്ദം കുറയ്ക്കുന്നതിലും ഇത് സഹായിക്കുന്നു. കൊഴുപ്പ് ഇല്ലാതാക്കാനും തുളസി വെള്ളം സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. വായ് നാറ്റമുള്ളവർക്ക് തുളസി നല്ലതാണ്. സ്ഥിരമായി കഴിച്ചാൽ ചുമയും ജലദോഷവും ഇല്ലാതാക്കാം,” ഫിറ്റ്നസ് എക്സ്പ്രസിന്റെ ഡയറക്ടറും ഫിറ്റ്നസ് കോച്ചുമായ അങ്കിത് ഗൗതം പറഞ്ഞു.

രാമതുളസി ദഹനവ്യവസ്ഥയെ സുഗമമാക്കുന്നു, കൃഷ്ണതുളസി ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ചർമ്മരോഗങ്ങൾ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള പ്രതിവിധിയാണെന്ന് ചൗള പറഞ്ഞു. മനുഷ്യർക്കുള്ള പ്രകൃതിയുടെ സമ്മാനമെന്നാണ് അദ്ദേഹം തുളസിയെ വിശേഷിപ്പിച്ചത്.

രാമ തുളസി ഒരു സ്വാഭാവിക പ്രതിരോധശേഷി ബൂസ്റ്ററാണ്. ഭൂരിഭാഗം ആളുകളും നേരിടുന്ന ഏറ്റവും സാധാരണമായ രണ്ട് പ്രശ്നങ്ങൾ കുറയ്ക്കുന്നു – സമ്മർദ്ദവും ഉയർന്ന രക്തസമ്മർദ്ദവും. ഇതിന് കാൻസർ വിരുദ്ധ ഗുണങ്ങളുണ്ട്, മികച്ച ആരോഗ്യവും നൽകുകയും ദഹനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ജലദോഷവും ചുമയും ഉള്ള കുട്ടികൾക്ക് കൃഷ്ണ തുളസി പലപ്പോഴും നൽകാറുണ്ട്. ”കടുത്ത പനിക്കും ഇത് ഉപയോഗപ്രദമാണ്. ഇതിലെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ ഹൃദയാരോഗ്യത്തിനും പ്രമേഹ രോഗികൾക്കും നല്ലതാണ്. ഇത് ചർമ്മത്തിന് തിളക്കവും മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു,” ചൗള പറഞ്ഞു.

എങ്ങനെ കഴിക്കാം?

ഒരു ദിവസം രണ്ട് മൂന്ന് തുളസിയിലകൾ വെറും വയറ്റിൽ കഴിക്കാൻ ഗൗതം നിർദേശിച്ചു. “തുളസി ഇല ചേർത്ത് ചായ തയ്യാരാക്കാം. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും രക്തശുദ്ധീകരണത്തിനും സഹായിക്കുന്നു,” അദ്ദേഹം അഭിപ്രായപ്പെട്ടു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Rama tulsi or krishna tulsi which is healthier