/indian-express-malayalam/media/media_files/Cm6B6XkVd34NYK8dLvuG.jpg)
Photo Source: Pixabay
പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കാൻ പാടില്ല. ഒരു ദിവസത്തിലെ പ്രധാന ഭക്ഷണമാണിത്. ആരോഗ്യകരമായ പ്രഭാതഭക്ഷണം ഊർജസ്വലതയോടെ ദിവസം തുടങ്ങാൻ സഹായിക്കുന്നു. എങ്കിലും, പ്രഭാതഭക്ഷണത്തിന് എന്താണ് കഴിക്കേണ്ടതെന്ന് പലർക്കും അറിയില്ല.
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ പലപ്പോഴും ഉയർന്ന പ്രോട്ടീൻ ഉള്ള പ്രഭാതഭക്ഷണം തിരഞ്ഞെടുക്കുന്നു. മറുവശത്ത്, ഊർജത്തിനായി നല്ല കാർബോഹൈഡ്രേറ്റ് ഉൾപ്പെടുത്തണമെന്ന് ശുപാർശ ചെയ്യാറുണ്ട്. അങ്ങനെയെങ്കിൽ പ്രോട്ടീനോ അതോ കാർബോഹൈഡ്രേറ്റ് അടങ്ങിയ പ്രഭാത ഭക്ഷണമാണോ മികച്ചത്. ഇവയിലൊന്ന് ശരീരഭാരം കുറയ്ക്കാനും ഏകാഗ്രത മെച്ചപ്പെടുത്താനും എങ്ങനെ സഹായിക്കുമെന്ന് അടുത്തിടെ നടന്ന ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു.
ഉയർന്ന പ്രോട്ടീൻ അല്ലെങ്കിൽ ഉയർന്ന കാർബോഹൈഡ്രേറ്റ് അടങ്ങിയ പ്രഭാതഭക്ഷണം സംതൃപ്തി, ഏകാഗ്രത, ഊർജ നില എന്നിവയിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള പഠനം ഡയറി സയൻസ് ജേണലിലാണ് പ്രസിദ്ധീകരിച്ചത്. പ്രോട്ടീൻ സമ്പുഷ്ടമായ പ്രഭാതഭക്ഷണം സംതൃപ്തിയും ഏകാഗ്രതയും വർധിപ്പിക്കുന്നുവെന്ന് പഠനത്തിൽ കണ്ടെത്തി. എന്നാൽ, കാർബോഹൈഡ്രേറ്റ് അടങ്ങിയ പ്രഭാതഭക്ഷണത്തെയോ പ്രഭാതഭക്ഷണം കഴിക്കാത്തതിനെയോ താരതമ്യം ചെയ്യുമ്പോൾ ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കില്ല.
''പുളിച്ച പാലുൽപ്പന്നങ്ങളും ഓട്‌സും അടങ്ങിയ പ്രോട്ടീൻ സമ്പുഷ്ടമായ പ്രഭാതഭക്ഷണം തിരഞ്ഞെടുത്തവരിൽ സംതൃപ്തിയും ഏകാഗ്രതയും വർധിച്ചതായി ഞങ്ങൾ കണ്ടെത്തി. എന്നാൽ പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിനോ കാർബോഹൈഡ്രേറ്റ് അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുന്നതിനോ അപേക്ഷിച്ച് ഇത് മൊത്തത്തിലുള്ള ഊർജ ഉപഭോഗം കുറച്ചില്ല," പഠനത്തിന്റെ രചയിതാക്കളിൽ ഒരാളായ മെറ്റെ ഹാൻസെൻ പറഞ്ഞു.
പ്രോട്ടീൻ സമ്പുഷ്ടമായ പ്രഭാതഭക്ഷണം സംതൃപ്തി പ്രോത്സാഹിപ്പിക്കാനും ശരീരഭാരം വർധിക്കുന്നത് തടയാനും സഹായിക്കുമെന്ന് പഠനം കണ്ടെത്തി. ഇതുമാത്രം ശരീര ഭാരം കുറയ്ക്കാൻ സഹായിക്കില്ല. ഉയർന്ന പ്രോട്ടീൻ പ്രഭാതഭക്ഷണത്തോടൊപ്പം ശരീരഭാരം കുറയ്ക്കാനുള്ള മറ്റ് വഴികൾ കൂടി പിന്തുടർന്നാൽ ഫലപ്രദമായ ഫലങ്ങൾ നേടാൻ സഹായിക്കും.
മുട്ട, തൈര്, നട്‌സ്, വിത്ത്, കോട്ടേജ് ചീസ്, ക്വിനോവ, അവോക്കാഡോ ടോസ്റ്റ്, ചിയ പുഡ്ഡിംഗ്, പ്രോട്ടീൻ ഷേക്ക് അല്ലെങ്കിൽ സ്മൂത്തി, പീനട്ട് ബട്ടർ എന്നിവ ഉയർന്ന പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണ ഓപ്ഷനുകളാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.