scorecardresearch
Latest News

ആർത്തവത്തിനു ശേഷവും വിഷാദവും അസ്വസ്ഥതകളും അനുഭവപ്പെടുന്നുണ്ടോ?; ഇതാവാം കാരണം

ആർത്തവശേഷം ചില സ്ത്രീകളിൽ കണ്ടുവരുന്ന പോസ്റ്റ്‌ മെൻസ്ട്രൽ സിൻഡ്രോമിനെ കുറിച്ച് കൂടുതലറിയാം

ആർത്തവത്തിനു ശേഷവും വിഷാദവും അസ്വസ്ഥതകളും അനുഭവപ്പെടുന്നുണ്ടോ?; ഇതാവാം കാരണം

ശാരീരികവും മാനസികവുമായ നിരവധി പ്രശ്നങ്ങളിലൂടെയും അസ്വസ്ഥതകളിലൂടെയുമാണ് ആർത്തവസമയത്ത് സ്ത്രീകൾ കടന്നുപോവുന്നത്. സ്ത്രീശരീരത്തിൽ ആർത്തവചക്രം മൂലമുണ്ടാകുന്ന ശാരീരികവും മാനസികവും പെരുമാറ്റപരവുമായ ലക്ഷണങ്ങളെയാണ് പ്രീമെൻസ്ട്രൽ സിൻഡ്രോം അല്ലെങ്കിൽ പി എം എസ് എന്ന് വിളിക്കുന്നത്. ആർത്തവത്തിന് ഒന്ന് രണ്ട് ആഴ്ച മുൻപാണ് പൊതുവെ ഇവ അനുഭവപ്പെടുക. എന്നാൽ ഇത്തരം ലക്ഷണങ്ങൾ ആർത്തവശേഷവും ചിലരിൽ അനുഭവപ്പെടാറുണ്ട്. അത്ര ചർച്ചചെയ്യപ്പെടാത്ത, ശാസ്ത്രീയമായി വളരെകുറച്ചുമാത്രം അടിസ്ഥാനമുള്ള പോസ്റ്റ്‌ മെൻസ്ട്രൽ സിൻഡ്രോമെന്ന (Post-Menstrual Syndrome) അവസ്ഥയാകാം ഇതെന്നാണ് വിദഗ്ധർ പറയുന്നത്.

തലവേദന പോലുള്ള ശാരീരിക ലക്ഷണങ്ങൾ മുതൽ ഉത്കണ്ഠ പോലുള്ള വൈകാരിക ലക്ഷണങ്ങൾ വരെ പോസ്റ്റ്‌ മെൻസ്ട്രൽ സിൻഡ്രോമിന്റെ ഭാഗമായി ഉണ്ടാകാം. ചിലരിൽ ഈ ലക്ഷണങ്ങൾ ദിവസങ്ങൾ മുതൽ ഒന്നോ രണ്ടോ ആഴ്ചകൾ വരെ നീണ്ടുനിൽക്കുകയും ചെയ്യാം. ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ തുടങ്ങിയ ഹോർമോണുകളുടെ അളവിലുണ്ടാകുന്ന വ്യത്യാസങ്ങളാണ് പോസ്റ്റ്‌ മെൻസ്ട്രൽ സിൻഡ്രോമിന് പ്രധാന കാരണം.

പ്രധാന ലക്ഷണങ്ങൾ
ശാരീരികവും മാനസികവും പെരുമാറ്റപരവുമായ നിരവധി ലക്ഷണങ്ങൾ പോസ്റ്റ്-മെൻസ്ട്രൽ സിൻഡ്രോമിന്റെ ഭാഗമായി ഉണ്ടാകാം. തലവേദന, വയറുവേദന, സന്ധികളിലെ വേദന, യോനിയിലെ അസ്വസ്ഥത, ചൊറിച്ചിൽ, ലൈംഗികവേളയിലെ വേദന തുടങ്ങിയവയാണ് പ്രധാനമായും കണ്ടുവരുന്ന ശാരീരിക അസ്വസ്ഥതകൾ. ഇതിനൊപ്പം മൂഡ് സ്വിങ്സ്, കോപം, ക്ഷോഭം, വിഷാദം, ഉറക്കക്കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലെ ബുദ്ധിമുട്ട്, ഏകോപനപ്രശ്നങ്ങൾ തുടങ്ങിയ മാനസികപ്രശ്‍നങ്ങളും കാണാം.

കാരണങ്ങൾ
പോസ്റ്റ്‌ മെൻസ്ട്രൽ സിൻഡ്രോമിന്റെ കാരണങ്ങളെക്കുറിച്ച് നിരവധി വാദപ്രതിവാദങ്ങൾ നിലവിലുണ്ട്. ആർത്തവം മൂലമുണ്ടാകുന്ന ഹോർമോൺ, ന്യൂറോകെമിക്കൽ ഏറ്റക്കുറച്ചിലുകളാണ് പ്രധാനമായും ഇതിന്റെ കാരണമായി വിദഗ്ദർ ചൂണ്ടികാട്ടുന്നത്. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അല്ലെങ്കിൽ പിസിഒഎസ് ഉള്ളവരിലും, ഗർഭനിരോധന ഇംപ്ലാന്റുകൾ ഉപയോഗിക്കുന്നവരിലുമെല്ലാം പോസ്റ്റ്‌ മെൻസ്ട്രൽ സിൻഡ്രോമിന്റെ ലക്ഷണങ്ങൾ കൂടുതലായി കണ്ടുവരുന്നു. എന്നാൽ ഈ സിദ്ധാന്തങ്ങളെയെല്ലാം പിന്തുണയ്ക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്.

എങ്ങനെ നേരിടാം?
പോസ്റ്റ്‌മെൻസ്ട്രൽ സിൻഡ്രോമിന് പ്രത്യേക ചികിത്സകളില്ല. നിർദ്ദിഷ്ട ലക്ഷണങ്ങളിൽ നിന്ന് മോചനം നേടുന്നതിനുള്ള മാർഗങ്ങൾ മാത്രമേ നിലവിലുള്ളൂ. എന്നാൽ ആരംഭകാലത്ത്, പോസ്റ്റ്‌മെൻസ്ട്രൽ സിൻഡ്രോം നിങ്ങളെ ബാധിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനായി കുറഞ്ഞത് രണ്ട് ആർത്തവചക്രങ്ങളിലെയെങ്കിലും നിങ്ങളുടെ ലക്ഷണങ്ങൾ കുറിച്ചുവെയ്ക്കുന്നത് ഗുണപ്രദമാകും. പിന്നീടുള്ള ചികിത്സ നിങ്ങളുടെ ലക്ഷണങ്ങളുടെ തീവ്രതയനുസരിച്ച് ഡോക്ടറുടെ നിർദ്ദേശപ്രകാരമാവണം.

” നിങ്ങളുടെ രോഗലക്ഷണങ്ങൾ തീവ്രത കുറഞ്ഞതെങ്കിൽ മരുന്നുകളില്ലാതെ തന്നെ അവയെ നേരിടാൻ കഴിയും. അല്ലാത്തപക്ഷം, Chiropractic തെറാപ്പി, കോഗ്‌നിറ്റീവ് ബിഹേവിയറൽ തെറാപ്പി, ലൈറ്റ് തെറാപ്പി എന്നിവ ആശ്വാസം നൽകുന്നതായി കണ്ടുവരുന്നു, ” ഫെർട്ടിലിറ്റി സ്‌പെഷ്യലിസ്റ്റ് ഡോ. തൻമോയ് മുർഖാജി പറയുന്നു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Post menstrual syndrome symptoms causes treatment