കോവിഡിൽ നിന്ന് സുഖം പ്രാപിച്ചതിനുശേഷം, മുടി കൊഴിച്ചിൽ അനുഭവപ്പെടുന്നതായി പലരും പരാതി പറഞ്ഞിട്ടുണ്ട്. “കോവിഡിനു ശേഷമുള്ള മുടി കൊഴിച്ചിൽ പലരും ഇപ്പോൾ അഭിമുഖീകരിക്കുന്ന ഒരു യാഥാർത്ഥ്യമാണ്,” എന്ന് പോഷകാഹാര വിദഗ്ധ മുൻമുൻ ഗനേരിവാൾ പറഞ്ഞു.
കോവിഡ് രോഗമുക്തിയും മുടികൊഴിച്ചിലും
കോവിഡിൽ നിന്ന് വീണ്ടെടുക്കുന്ന ഘട്ടത്തിൽ മുടി കൊഴിയുന്നതും മുടിയുടെ കനംകുറയുന്നതും പ്രതിരോധശേഷ ദുർബലമായത് കൊണ്ടാണെന്ന് വിദഗ്ദ്ധർ പറയുന്നു. ഒപ്പം സമ്മർദ്ദവും ഈ അവസ്ഥയെ വർധിപ്പിക്കുന്നു.
എന്നിരുന്നാലും, ഇത് നിയന്ത്രിക്കാനുള്ള ഒരു നല്ല മാർഗം ഭക്ഷണത്തിൽ ശ്രദ്ധ ചെലുത്തുക എന്നതാണ്. ഇത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും മുടി വളർച്ചയെ സഹായിക്കുകയും മുടി കൊഴിച്ചിൽ നിയന്ത്രിക്കുകയും ചെയ്യുന്നു.
Read More: ചായ, കാപ്പി, പാൽ, ആപ്പിൾ എന്നിവ കഴിക്കേണ്ട മികച്ച സമയം ഏതാണ്?
മുടികൊഴിച്ചിൽ കുറയ്ക്കാൻ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, ഗനേരിവാൾ മൂന്ന് ഭക്ഷണങ്ങൾ നിർദ്ദേശിച്ചു. അവ കഴിക്കുന്നത് വളരെയധികം വ്യത്യാസമുണ്ടാക്കുമെന്നും അവർ പറഞ്ഞു.
ഉണക്കമുന്തിരി
കറുത്ത, വിത്ത് അകത്തുള്ള തരം ഉണക്കമുന്തിരിയാണ് ഏറ്റവും നല്ലത്. ഒരു പിടി ഉണക്കമുന്തിരി ഒരു രാത്രി കുടിവെള്ളത്തിൽ കുതിർത്ത് വെയ്ക്കുക. രാവിലെ എഴുന്നേറ്റ ശേഷം അത് കഴിക്കുക. നിങ്ങൾക്ക് വേണമെങ്കിൽ ആ വെള്ളം കുടിക്കുകയും ചെയ്യാം.
നെല്ലിക്ക
നെല്ലിക്ക ജ്യൂസ് രൂപത്തിൽ കഴിക്കാവുന്നതാണ്. അങ്ങനെ കഴിക്കുമ്പോൾ നെല്ലിക്കയുടെ ചാറ് എടുത്ത് ഉടനെ തന്നെ കഴിക്കണം. അല്ലെങ്കിൽ അച്ചാറിന്റെയോ ചട്നിയുടെയോ രൂപത്തിലും അത് കഴിക്കാം.
കറിവേപ്പില
100 ഗ്രാം വെള്ളത്തിൽ 10 ഗ്രാം കറിവേപ്പില പൊടി നാലിലൊന്നായി കുറയുന്നതുവരെ തിളപ്പിക്കുക. “രാവിലെ ഈ ‘ചായ’ ആദ്യം കുടിക്കുക,” എന്നാണ് ഗനേരിവാൾ പറയുന്നത്.
Read More: ആരോഗ്യകരമായ ജീവിതത്തിനായ് പിന്തുടരേണ്ട ആയുർവേദ ശീലങ്ങൾ
“എല്ലാ ദിവസവും ഇവ കഴിക്കുക. അത് മൂന്ന്-നാല് ആഴ്ച തുടരുക, നിങ്ങളുടെ മുടിയുടെ പ്രശ്നങ്ങൾ കുറയുന്നത് നിങ്ങൾക്ക് തീർച്ചയായും കാണാനാവും,” അവർ കൂട്ടിച്ചേർത്തു.