സ്ത്രീകളിൽ ഹോര്‍മോൺ വ്യതിയാനം മൂലമുണ്ടാകുന്ന രോഗമാണ് പോളി സിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്). കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ ക്രമം തെറ്റിയ ആര്‍ത്തവമുറ, മുഖത്തും ശരീരത്തിലും അമിതമായ രോമവളര്‍ച്ച, അമിതവണ്ണം, മുടികൊഴിച്ചിൽ, കടുത്ത മുഖക്കുരു, വന്ധ്യത തുടങ്ങിയ പ്രശ്നങ്ങളിലേക്കാണ് പിസിഒഎസ് നയിക്കുക. ഇന്‍സുലിന്‍ പ്രതിരോധമാണ് പിസിഒഎസിന്റെ മറ്റൊരു പ്രശ്നം. ലോകത്തിൽ പത്തിൽ ഒരു സ്ത്രീക്ക് പിസിഒഎസ് ഉണ്ടെന്നാണ് കണക്കുകൾ.
പിസിഒഎസ് സുഖപ്പെടുത്താൻ ഭക്ഷണരീതികളിലും ജീവിതരീതിയിലുമൊക്കെ ചില മാറ്റങ്ങൾ വരുത്തുന്നത് ഫലപ്രദമാണെന്നാണ് ആയുർവേദ ഡോക്ടറായ ദിക്സ ഭവസ്കർ പറയുന്നത്.
കാപ്പി/ചായ വേണ്ട
കാപ്പിയിലും ചായയിലും കഫീൻ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ പിസിഒഎസിനെ വഷളാക്കും. ചായയ്ക്കും കാപ്പിയ്ക്കും പകരം ഹെർബൽ ടീ ശീലമാക്കിയാൽ ഹോർമോൺ ബാലൻസ് നിലനിർത്താനും വീക്കം കുറയ്ക്കാനും സഹായിക്കും.
ചൂടുവെള്ളം ശീലമാക്കൂ
ചൂടുവെള്ളം നിങ്ങളുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യും. തണുത്ത വെള്ളം കുടിക്കുന്നത് ഒരു ബക്കറ്റ് വെള്ളം തീയിൽ ഒഴിക്കുന്നതിന് തുല്യമാണ്, ഇത് മെറ്റബോളിസം കുറയ്ക്കുകയും കൂടുതൽ കുടൽ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. മുഖക്കുരു, പൊണ്ണത്തടി, വയറു വീർക്കൽ തുടങ്ങിയവയാവും അനന്തരഫലം.
ജ്യൂസിലും നല്ലത് പഴങ്ങൾ
പഴങ്ങൾ കഴിക്കുന്നത് ഇൻസുലിൻ പ്രകാശനം സാവധാനത്തിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നോർമലായി നിലനിർത്തുകയും ചെയ്യും. അതേസമയം, ജ്യൂസ് കുടിക്കുമ്പോൾ ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കും, പ്രത്യേകിച്ച് ജ്യൂസിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെങ്കിൽ.
സോഫ്റ്റ് ഡ്രിങ്ക്സ് വേണ്ട
സോഫ്റ്റ് ഡ്രിങ്ക്സ്/കാർബണേറ്റഡ് ഡ്രിങ്ക്സ് എന്നിവ ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. അതിനു പകരം മോര് കുടിക്കാം. മോര് കുടലിന്റെ ആരോഗ്യത്തിനു നല്ലതാണ്, മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യും.
മൈദയ്ക്ക് പകരം മില്ലറ്റ്
മൈദ പോലുള്ള ശുദ്ധീകരിച്ച മാവുകൾ ദഹിക്കാൻ പ്രയാസമാണ്. പോഷകാഹാരം കുറവാണ്, മാത്രമല്ല ഇവ പിസിഒഎസ് രോഗികളിൽ കൂടുതൽ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. അതിനാൽ മൈദയ്ക്ക് പകരം മില്ലറ്റ് വിഭവങ്ങളായ റാഗി, മണിച്ചോളം, തിന, ചാമ പോലുള്ളവ കഴിക്കാം. ഇവ എളുപ്പത്തിൽ ദഹിക്കും.
പഞ്ചസാരയോട് പറയാം നോ
ഒട്ടും പോഷകാഹാരമില്ലാത്ത പഞ്ചസാര ശരീരത്തിന് കലോറി മാത്രമാണ് സമ്മാനിക്കുന്നത്. ഇത് പിസിഒഎസ് രോഗികളിലെ രോഗശമനം വൈകിപ്പിക്കും. അതിനാൽ മധുരം കഴിക്കാൻ തോന്നുമ്പോൾ പഞ്ചസാരയ്ക്ക് പകരം ശർക്കരയോ തേനോ തിരഞ്ഞെടുക്കാം. ഇവ പോഷകം ചെയ്യുകയും മധുരാസക്തി കുറയ്ക്കുകയും ചെയ്യും. തേൻ ആണ് ഉപയോഗിക്കുന്നതെങ്കിൽ ശരീരഭാരം കുറയ്ക്കാനും സഹായിക്കും. പഞ്ചസാരയിലും നല്ലത് ശർക്കരയും തേനുമാണെങ്കിലും, മധുരം മിതമായിട്ട് മതിയെന്നത് പ്രത്യേകം ഓർക്കുക.
വ്യായാമം പ്രധാനം
പിസിഒഎസിലേക്ക് നയിക്കുന്ന ശരീരഭാരം വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഉദാസീനമായ ജീവിതശൈലിയാണ്. നടത്തമോ ഓട്ടമോ നീന്തലോ സൈക്കിളിംഗോ തുടങ്ങി ഏതു തരത്തിലുള്ള വ്യായാമവും ശരീരഭാരം കുറയ്ക്കാനും ആക്റ്റീവായി ഇരിക്കാനും ഹോർമോണുകളെ സന്തുലിതമാക്കാനും സഹായിക്കും.
നേരത്തെ കിടന്ന് നേരത്തെയുണരാം
ഏറെ വൈകി ഉണർന്നിരിക്കുന്നത് ഹോർമോണുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന കാര്യമാണ്. ഇത് നിങ്ങളിൽ ദേഷ്യവും ഉത്കണ്ഠയും ഉണ്ടാക്കും. അതേസമയം, നേരത്തെ എഴുന്നേൽക്കുമ്പോൾ ഊർജസ്വലത അനുഭവപ്പെടും. പോസിറ്റീവായ ആ ഉണർവ്വ് നിങ്ങളെ വ്യായാമം ചെയ്യാൻ പ്രേരിപ്പിക്കും. വൈറ്റമിൻ ഡിയും നിങ്ങളുടെ സർക്കാഡിയൻ റിഥം സമന്വയിപ്പിക്കുന്നതും പിസിഒഎസ് സുഖപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.