ആർത്തവ വേദനയാൽ കഷ്ടപ്പെടുന്ന നിരവധി സ്ത്രീകളുണ്ട്. ആർത്തവ വേദനയിൽനിന്നും രക്ഷ നേടാൻ പലപ്പോഴും മരുന്നുകളിലാണ് സ്ത്രീകൾ ചെന്നെത്താറുള്ളത്. എന്നാൽ ഇതല്ലാതെ മറ്റു പരിഹാരമുണ്ടോ?. തീർച്ചയായും ഉണ്ടെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് സിമ്രൺ ചോപ്ര പറയുന്നത്.
ആർത്തവ വേദനയ്ക്കു പിന്നിൽ പല കാരണങ്ങളുണ്ടാകാമെന്ന് അവർ പറയുന്നു. ഹോർമോൺ അസന്തുലിതാവസ്ഥയായിരിക്കാം ഇതിന് പ്രധാന കാരണം. ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്ന മൂന്നു ഡയറ്റ് ടിപ്സുകൾ ന്യൂട്രീഷ്യനിസ്റ്റ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ അവർ പറഞ്ഞിട്ടുണ്ട്.
ഉയർന്ന ഫൈബർ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക
ദിവസം മുഴുവൻ നാരുകൾ കൂടുതലുള്ള ഭക്ഷണം കഴിക്കണം. നാരുകളുള്ള പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഒരു ദിവസം കുറഞ്ഞത് രണ്ടു പച്ചക്കറികളും കുറഞ്ഞത് ഒരു പഴവും കഴിക്കണമെന്ന് ന്യൂട്രീഷ്യനിസ്റ്റ് നിർദേശിച്ചു.
ഒമേഗ 3 ഫാറ്റി ആസിഡുകൾ കഴിക്കുക
ചിയ വിത്തുകൾ, ഫ്ളാക്സ് സീഡുകൾ, വാൽനട്ട്, മത്സ്യം ഇവയെല്ലാം ആരോഗ്യകരമായ ഫാറ്റി ആസിഡുകളുടെ നല്ല ഉറവിടങ്ങളാണ്. റോസ്റ്റ് ചെയ്ത സോയാബീൻ, വാൽനട്ട്, ചിയ വിത്തുകൾ, ചണ വിത്തുകൾ എന്നിവയെല്ലാം ഒമേഗ 3 ഫാറ്റി ആസിഡിന്റെ സമ്പന്നമായ ഉറവിടങ്ങളാണ്.
ധാരാളം വിറ്റാമിൻ ഡി നേടുക
വിറ്റാമിൻ ഡിയുടെ കുറവ് ഹോർമോൺ അസന്തുലിതാവസ്ഥയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സിമ്രൺ ചോപ്ര പറയുന്നു. സൂര്യപ്രകാശത്തിലൂടെ ദൈനംദിന വിറ്റാമിൻ ഡി പരിഹരിക്കാം. ഇതിനു പുറമേ, വിറ്റാഡിൻ ഡി ലഭിക്കാൻ സഹായിച്ചേക്കാവുന്ന ചില ഭക്ഷണങ്ങളും തിരഞ്ഞെടുക്കാം. മുട്ട, തൈര്, പാൽ, കൂൺ, ഓറഞ്ച് ജ്യൂസ്, കാലെ, സ്പിനച്, ചീസ്, സോയാബീൻ എന്നിവയൊക്കെ വിറ്റാമിൻ ഡിയുടെ നല്ല ഉറവിടങ്ങളാണ്.
ആരോഗ്യത്തോടെയും തുടരാനും ഹോർമോൺ അസന്തുലിതാവസ്ഥ പ്രശ്നം പരിഹരിക്കാനും കുറച്ച് സമയം വ്യായാമം ചെയ്യാനും അവർ ഉപദേശിച്ചു. ആഴ്ചയിൽ മൂന്നു തവണ, ഒരു ദിവസം കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക. ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ ഫലം കാണിക്കാൻ സമയമെടുത്തേക്കാം. “കുറഞ്ഞത് 6 മാസമെങ്കിലും ശരീരത്തിന് ശരിയായ പോഷണം നൽകുക, ബാക്കിയുള്ളത് ഫലത്തിൽ കാണാം,” സിമ്രൺ ചോപ്ര പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.