ഭക്ഷണത്തിൽ നെല്ലിക്ക ഉൾപ്പെടുത്താൻ നിരവധി കാരണങ്ങളുണ്ട്. ഇതിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഓറഞ്ചിനെക്കാൾ 20 മടങ്ങ് വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. തണുത്ത കാലാവസ്ഥയിൽ നെല്ലിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി വർധിപ്പിക്കും.
എണ്ണമറ്റ രോഗങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കാൻ നെല്ലിക്കയ്ക്ക് കഴിയും. ശരീരത്തിലെ മൂന്ന് ദോഷങ്ങളെ (വാതം / പിത്തം / കഫം) സന്തുലിതമാക്കാനും നിരവധി രോഗങ്ങൾക്കുള്ള അടിസ്ഥാന കാരണം ഇല്ലാതാക്കാനും നെല്ലിക്കയ്ക്ക് കഴിയുമെന്ന് ആയുർവേദ ഡോക്ടർമാർ അവകാശപ്പെടുന്നു.
നെല്ലിക്ക കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുമെങ്കിലും, എല്ലാവർക്കും സുരക്ഷിതമായിരിക്കണമെന്നില്ല. ചില പ്രത്യേക രോഗാവസ്ഥകൾ അനുഭവിക്കുന്നുണ്ടെങ്കിൽ നെല്ലിക്ക ഒഴിവാക്കുന്നതാണ് നല്ലത്. നെല്ലിക്ക ആരൊക്കെ കഴിക്കരുതെന്നാണ് ഇനി പറയുന്നത്.
ഹൈപ്പർ അസിഡിറ്റി അനുഭവിക്കുന്നുണ്ടെങ്കിൽ
അസിഡിറ്റിക്ക് കാരണമാകുന്ന ഒരു പോഷകമായ വിറ്റാമിൻ സി ധാരാളമായി നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. നെല്ലിക്ക കഴിക്കുന്നത് നെഞ്ചെരിച്ചിൽ കുറയ്ക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു, എന്നാൽ ഹൈപ്പർ അസിഡിറ്റി ഉള്ളവർക്ക് ഇത് രോഗലക്ഷണങ്ങൾ വഷളാക്കും.
രക്ത സംബന്ധമായ അസുഖമുള്ളവർ
നെല്ലിക്കയ്ക്ക് ആന്റി പ്ലേറ്റ്ലെറ്റ് ഗുണങ്ങളുണ്ട്. അതായത് രക്തം കട്ടപിടിക്കുന്നത് തടയാൻ കഴിയും. സാധാരണ ആളുകൾക്ക്, നെല്ലിക്ക ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയുടെ സാധ്യത കുറയ്ക്കും. എന്നാൽ രക്ത സംബന്ധമായ അസുഖമുള്ളവർക്ക് നെല്ലിക്ക കഴിക്കുന്നത് നല്ല ഓപ്ഷനായിരിക്കില്ല. ബ്ലീഡിംഗ് ഡിസോർഡർ ഉള്ളവർ പോലും, ഭക്ഷണത്തിൽ നെല്ലിക്ക ഉൾപ്പെടുത്തുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.
ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവർ
അടുത്ത കാലത്ത് ശസ്ത്രക്രിയ ചെയ്യേണ്ടി വരുന്നവർ തൽക്കാലം നെല്ലിക്ക ഒഴിവാക്കണം. നെല്ലിക്ക അധികമായി കഴിക്കുന്നത് രക്തസ്രാവത്തിനുള്ള സാധ്യതയുണ്ട്. ശസ്ത്രക്രിയയ്ക്ക് 2 ആഴ്ച മുമ്പെങ്കിലും നെല്ലിക്ക കഴിക്കുന്നത് നിർത്തുക.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറവാണെങ്കിൽ
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ നെല്ലിക്ക സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് നെല്ലിക്ക ഗുണം ചെയ്യുമെങ്കിലും, പലപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറവുള്ളവർക്കും ആന്റി ഡയബറ്റിക് മരുന്നുകൾ കഴിക്കുന്നവർക്കും ഇത് നല്ലതല്ല. അതിനാൽ, ആന്റി ഡയബറ്റിക് മരുന്നുകൾക്കൊപ്പം നെല്ലിക്ക കഴിക്കുമ്പോൾ പ്രമേഹ രോഗികൾ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കണം.
ഗർഭിണികൾ അല്ലെങ്കിൽ മുലയൂട്ടുന്നവർ
നിരവധി പോഷക സംയുക്തങ്ങളാൽ സമ്പന്നമാണ് നെല്ലിക്ക. ഇത് അധികമായി കഴിക്കുന്നത് വയറിളക്കം, നിർജ്ജലീകരണം തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം എന്നതാണ് മറ്റൊരു വസ്തുത. ഈ ലക്ഷണങ്ങൾ ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. മുലയൂട്ടുന്ന സമയത്തും ഗർഭാവസ്ഥയിലും നെല്ലിക്ക കഴിക്കുന്നത് ദോഷകരമാകുമെന്നതിനെക്കുറിച്ച് ധാരാളം പഠനങ്ങൾ നടന്നിട്ടില്ലെങ്കിലും, അത് ഒഴിവാക്കുകയോ അല്ലെങ്കിൽ കഴിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുകയോ ചെയ്യുന്നതാണ് നല്ലത്.
നെല്ലിക്ക കഴിക്കുന്നതിനുള്ള മികച്ച സമയം
നെല്ലിക്കയിൽനിന്ന് പരമാവധി ഗുണങ്ങൾ നേടാൻ അതിരാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് നല്ലത്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.