പപ്പായ ആൻറി ഓക്സിഡൻറുകളുടെ ശക്തികേന്ദ്രമാണ്. അതിനാൽ അവ തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കാൻസർ വിരുദ്ധ ഗുണങ്ങളുണ്ടെന്ന് അറിയപ്പെടുന്ന ഇവ (പപ്പായയിലെ ലൈക്കോപീൻ കാൻസർ സാധ്യത കുറയ്ക്കും), ദഹനത്തെ സഹായിക്കുന്നു, ഹൃദയത്തെ സംരക്ഷിക്കുന്നു, നല്ല കൊളസ്‌ട്രോളിന്റെ ഫലങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നു.
സൂര്യാഘാതത്തിൽനിന്നു ഇവ സംരക്ഷണം നൽകുന്നു. കൂടാതെ, പപ്പായയിൽ കലോറി കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ അനുയോജ്യമായ ലഘുഭക്ഷണവും ആകുന്നു.
പപ്പായയുടെ പോഷകാഹാര ഗുണങ്ങൾ അറിയാം.
ഇടത്തരം വലിപ്പമുള്ള പപ്പായയിലെ (ഏകദേശം 152 ഗ്രാം) പോഷകാഹാരങ്ങൾ
- കലോറി: 60
- കാർബോഹൈഡ്രേറ്റ്സ്: 15 ഗ്രാം
- ഫൈബർ: 3 ഗ്രാം
- പ്രോട്ടീൻ: 1 ഗ്രാം
- കൊഴുപ്പ്: 0 ഗ്രാം
- വിറ്റാമിൻ സി: ശുപാർശ ചെയ്യുന്ന പ്രതിദിന ഉപഭോഗത്തിന്റെ 157 ശതമാനം (ആർഡിഎ)
- വിറ്റാമിൻ എ: ആർഡിഐയുടെ 33 ശതമാനം
- ഫോളേറ്റ്: ആർഡിഐയുടെ 14 ശതമാനം
- പൊട്ടാസ്യം: ആർഡിഐയുടെ 11 ശതമാനം
പപ്പായയുടെ ആരോഗ്യ ഗുണങ്ങൾ
ഹൈടെക് സിറ്റിയിലെ കെയർ ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷ്യനും ന്യൂട്രീഷനിസ്റ്റുമായ സമീന അൻസാരി പപ്പായയുടെ ആരോഗ്യ ഗുണങ്ങൾ പങ്കുവെക്കുന്നു:
- പോഷക സമ്പുഷ്ടം: വിറ്റാമിൻ എ, സി, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയുടെ നല്ല ഉറവിടമാണ്.
- ദഹന ആരോഗ്യം: പപ്പായയിലെ പപ്പൈൻ എന്ന എൻസൈം ദഹനത്തെ സഹായിക്കുകയും മലബന്ധം ലഘൂകരിക്കുകയും ചെയ്യും.
- ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ: ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, വീക്കം എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട്.
- രോഗപ്രതിരോധ സംവിധാന പിന്തുണ: പപ്പായയിലെ ഉയർന്ന വിറ്റാമിൻ സി ഉള്ളടക്കം രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു.
- കണ്ണിന്റെ ആരോഗ്യം: വിറ്റാമിൻ എയുടെയും മറ്റ് ആന്റിഓക്‌സിഡന്റുകളുടെയും സാന്നിധ്യം കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു.
- ചർമ്മത്തിന്റെ ആരോഗ്യം: പപ്പായയിലെ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും ആരോഗ്യകരമായ ചർമ്മത്തിനും മുറിവുണക്കുന്നതിനും സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ പപ്പായ
കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും ഉള്ളതിനാൽ പപ്പായ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിൽ ചേർക്കാവുന്നതാണ്. “നാരുകൾ പൂർണ്ണത അനുഭവപ്പെടാൻ സഹായിക്കുന്നു, അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. കൂടാതെ, പപ്പായയിൽ പപ്പൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ സഹായിക്കുകയും ആരോഗ്യകരമായ മെറ്റബോളിസത്തിന് സംഭാവന നൽകുകയും ചെയ്യും,” സമീന വിശദീകരിച്ചു.
പ്രമേഹരോഗികൾക്ക് പപ്പായ കഴിക്കാമോ?
പ്രമേഹ രോഗികൾ പപ്പായ കഴിക്കുന്നത് പൂർണ്ണമായും ഉപേക്ഷിക്കണമെന്നില്ല. എന്നാൽ സമീകൃതാഹാരത്തിന്റെ ഭാഗമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുകയും മിതമായ അളവിൽ കഴിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
“പ്രമേഹ രോഗികൾക്ക്, പപ്പായ മിതമായ അളവിൽ കഴിക്കുന്നത് പൊതുവെ സുരക്ഷിതമാണ്. ഏതൊരു പഴത്തെയും പോലെ, ഇവയിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാര കാരണം അളവിൽ നിയന്ത്രണം വരുത്തണം. പ്രമേഹരോഗികൾ അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പപ്പായയുടെ ഉചിതമായ അളവ് നിർണ്ണയിക്കാൻ ആരോഗ്യ വിദഗ്ധനോട് കൂടിയാലോചിക്കുന്നത് നല്ലതാണ്,” സമീന പറയുന്നു.
അൻസാരിയുടെ അഭിപ്രായത്തിൽ പപ്പായ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- അലർജികൾ: ചില വ്യക്തികൾക്ക് പപ്പായയോട് അലർജിയുണ്ടാകാം. പപ്പായ കഴിച്ചതിനുശേഷം എന്തെങ്കിലും പ്രതികൂല പ്രതികരണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ, അതിന്റെ ഉപയോഗം നിർത്തി വൈദ്യോപദേശം തേടുക.
- പാകം: ഒപ്റ്റിമൽ രുചിക്കും പോഷകത്തിനും വേണ്ടി പഴുത്ത പപ്പായ തിരഞ്ഞെടുക്കുക.
- കീടനാശിനികൾ: സാധ്യമെങ്കിൽ ജൈവ പപ്പായതന്നെ തിരഞ്ഞെടുക്കുക.
- മരുന്നുകൾ: ചില മരുന്നുകളുമായി, പ്രത്യേകിച്ച് രക്തം കട്ടി കുറയ്ക്കുന്ന മരുന്നുകളുമായി ഇൻറ്ററാക്ട് ചെയ്യുന്ന എൻസൈമുകൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട്. നിങ്ങൾ എന്തെങ്കിലും മരുന്നുകൾ കഴിക്കുകയാണെങ്കിൽ, ഇത്തരം പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാൻ ആരോഗ്യ വിദഗ്ധനെ സമീപിക്കുക.