നമ്മളെല്ലാവരും ചില സമയത്ത് അസിഡിറ്റി അനുഭവിച്ചിട്ടുണ്ട്. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. വായ്നാറ്റം, വയറുവേദന, മറ്റ് ലക്ഷണങ്ങൾ എന്നിവ അസിഡിറ്റിയുടേതാണ്. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കിൽ ചായ, കോഫി, പുകവലി അല്ലെങ്കിൽ മദ്യപാനം എന്നിവയുടെ അമിതമായ ഉപയോഗം മൂലമാണ് അസിഡിറ്റി ഉണ്ടാകുന്നത്.
Read Also: വയർ വീർക്കുന്നുണ്ടോ? ഈ ഭക്ഷണങ്ങൾ ശീലമാക്കൂ
ചിലപ്പോൾ അസിഡിറ്റി തികച്ചും ശല്യപ്പെടുത്തുന്നതായി മാറും. എന്നാൽ അസിഡിറ്റിയെ മാറ്റുന്നതിനും നിങ്ങളുടെ ദഹനപ്രക്രിയയെ സഹായിക്കുന്നതിനുമുളള ഭക്ഷണ സാധനങ്ങൾ അടുക്കളയിൽ തന്നെയുണ്ട്.
കറുവാപ്പട്ട

ഈ അടുക്കള സാധനം അസിഡിറ്റിയെ തടയുന്നതിന് സ്വാഭാവിക ആന്റാസിഡായി പ്രവർത്തിക്കുന്നു, മാത്രമല്ല ദഹനവും ആഗിരണവും മെച്ചപ്പെടുത്തുന്നതിലൂടെ നിങ്ങളുടെ വയറിനെ ശമിപ്പിക്കും. കറുവാപ്പട്ടയിൽ നിറയെ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. കുടലിലെ അണുബാധകൾ ഭേദമാക്കാൻ കറുവാപ്പട്ട ഇട്ട ചായ കുടിക്കുന്നത് നല്ലതാണ്.
വാഴപ്പഴം

കടുത്ത അസിഡിറ്റിക്ക് ഉത്തമമായ ഒരു മറുമരുന്നാണ് പഴുത്ത വാഴപ്പഴം. ദഹന പ്രക്രിയയെ സഹായിക്കുന്ന ഉയർന്ന ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ ഇവ കുടലിന്റെയും വയറിന്റെയും ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. പൊട്ടാസ്യം സമ്പുഷ്ടമായ ഇവ ആമാശയത്തിലെ മ്യൂക്കസിന്റെ ഉത്പാദനം വർധിപ്പിക്കും, ഇത് അമിതമായ ആസിഡ് ഉണ്ടാകുന്നത് തടയുകയും അതിന്റെ ദോഷകരമായ ഫലങ്ങളെ ചെറുക്കുകയും ചെയ്യും.
ശർക്കര

ശർക്കരയിൽ ഉയർന്ന മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാൽ, കുടലിന്റെ പ്രവർത്തനത്തെ ശക്തിപ്പെടുത്തുന്നു. ദഹനത്തെ സഹായിക്കുന്നതിലൂടെ ആമാശയത്തിലെ അസിഡിറ്റി കുറയ്ക്കുന്നു. ഭക്ഷണത്തിനുശേഷം ഒരു ചെറിയ കഷ്ണം ശർക്കര കഴിക്കുക, അതിന്റെ ഗുണങ്ങൾ വളരെ പെട്ടെന്ന് തന്നെ അറിയാനാവും. ശരീരത്തിൽ സാധാരണ താപനില നിലനിർത്താനും വയറിനെ തണുപ്പിക്കാനും ശർക്കര ഉപയോഗിച്ചുളള പാനീയം കുടിക്കുന്നത് നല്ലതാണ്.
പുതിന ഇല

അസിഡിറ്റി മൂലമുണ്ടാകുന്ന വേദനയും ദഹനക്കേടും മാറ്റാൻ പുതിന ഇല സഹായിക്കും. ആമാശയത്തിലെ ആസിഡ് കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. അസിഡിറ്റി നിയന്ത്രിക്കാനും ശമിപ്പിക്കാനും കുറച്ച് പുതിനയില അരിഞ്ഞത് അല്ലെങ്കിൽ കുറച്ച് ഇലകൾ ഇട്ട തിളപ്പിച്ച വെളളം തണുത്തശേഷം കുടിക്കുക.
ഇഞ്ചി

ചുമയും ജലദോഷവും ഭേദമാക്കുന്നത് മുതൽ ദഹന, കുടൽ സംബന്ധമായ അസുഖങ്ങൾ മാറ്റാനും കഴിയുന്ന മറ്റൊരു അടുക്കള സാധനമാണ് ഇഞ്ചി. അസിഡിറ്റി ശമിപ്പിക്കാനും, വയറിന്റെ വീക്കം കുറയ്ക്കാനും, വയറിലെ പേശികളെ ശാന്തമാക്കാനും ഇഞ്ചി സഹായിക്കും. ദഹനക്കേടും അസിഡിറ്റിയും ഉണ്ടാകുമ്പോൾ, 1 ടീസ്പൂൺ വീതം ഇഞ്ചി നീര്, നാരങ്ങ നീര്, 2 ടീസ്പൂൺ തേൻ എന്നിവ ചെറുചൂടുവെളളത്തിൽ ചേർത്ത് കുടിക്കുക. ഇത് അസിഡിറ്റിയുടെ ലക്ഷണങ്ങൾ കുറയ്ക്കാനും വേദന മാറാനും സഹായിക്കും.