അമിത ശരീര ഭാരം പലപ്പോഴും മാസികമായും ശാരീരികമായും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ശരീര ഭാരം കുറയ്ക്കാനായി പലവിധ ഡയറ്റുകളും മാർഗങ്ങളും നോക്കുന്നവരുണ്ട്. അവർ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഒരു ഭക്ഷണമുണ്ട്. നാരുകളാൽ സമ്പുഷ്ടമായ ചെറുപയർ.
ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രധാന ഭക്ഷണമായ ചെറുപയറിനെക്കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് സിമ്രൻ വോഹ്‌റ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.
കോളിസിസ്‌റ്റോകിനിൻ ഹോർമോണിന്റെ പ്രവർത്തനം വർധിപ്പിക്കാൻ ചെറുപയർ സഹായിക്കുന്നു. ഇത് കഴിച്ചതിനുശേഷം നിങ്ങൾക്ക് പൂർണ്ണത അനുഭവപ്പെടുകയും മെറ്റബോളിസം നിരക്ക് മെച്ചപ്പെടുകയും ചെയ്യും. ഇങ്ങനെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു.
ചെറുപയർ ദഹിക്കാൻ എളുപ്പമാണ്. പ്രോട്ടീനും നാരുകളും കൊണ്ട് സമ്പുഷ്ടമാണ്. അതിനാൽ തന്നെ എല്ലാ ദിവസവും കഴിക്കാവുന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നുവെന്ന് അവർ പറഞ്ഞു.
ചെറുപയർ ദിവസവും കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ
ദഹനത്തെയും കുടൽ ആരോഗ്യത്തെയും പ്രോത്സാഹിപ്പിക്കും
ലയിക്കാത്ത നാരുകൾ, പ്രോട്ടീനുകൾ, കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ എന്നിവ ചെറുപയറിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ കുടലിലെ ‘നല്ല’ ബാക്ടീരിയകളുടെ വളർച്ച വർധിപ്പിക്കുന്നു. മാത്രമല്ല, ഇത് ദഹിക്കാൻ എളുപ്പമാണ്. അതിനാൽ, അവ കുട്ടികൾക്ക് മികച്ചതാണ്.
പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും
കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ളതിനാൽ, പ്രമേഹമുള്ളവർക്ക് ഏറ്റവും കൂടുതൽ ശുപാർശ ചെയ്യുന്ന ഭക്ഷണങ്ങളിലൊന്നാണ് ചെറുപയർ. അവ സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകളും നാരുകളും ചേർന്നതാണ്, ദഹിക്കാൻ കൂടുതൽ സമയമെടുക്കും. ഇതിനർത്ഥം ചെറുപയർ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരാൻ കാരണമാകില്ലെന്നാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ചെറുപയർ സഹായിച്ചേക്കാം. ചെറുപയറിന് കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ഉണ്ട്. കുറഞ്ഞ ജിഐ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നത് സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തും
പോഷക ഗുണങ്ങൾ നിറഞ്ഞതിനാൽ ചെറുപയർ തലച്ചോറിന്റെ പ്രവർത്തനത്തെയും മാനസികാരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു. തലച്ചോറിന്റെ പ്രവർത്തനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന കോളിന്റെ മികച്ച ഉറവിടമാണിത്. ശരീരത്തിലെ നാഡീകോശങ്ങളുടെ കെമിക്കൽ സന്ദേശവാഹകരായി പ്രവർത്തിക്കുന്ന പ്രത്യേക ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉൽപാദനത്തിന് ഈ അവശ്യ പോഷകം ആവശ്യമാണ്.