scorecardresearch

ഒമിക്രോൺ ആശങ്ക: നിങ്ങളുടെ കുഞ്ഞിന്റെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ഒമിക്രോൺ വളരെ പകർച്ചാ ശേഷിയുള്ള വകഭാദമായതിനാൽ, ഒരു കുടുംബാംഗത്തെ ബാധിച്ചാൽ അത് പെട്ടെന്ന് പടരാൻ സാധ്യതയുണ്ട്

ഒമിക്രോൺ ആശങ്ക: നിങ്ങളുടെ കുഞ്ഞിന്റെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

കോവിഡ് മഹാമാരിക്കാലത്ത്, പ്രത്യേകിച്ച് മൂന്നാം തരംഗത്തിൽ, മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നു. ഒമിക്രോൺ വകഭേദവുമായി ബന്ധപ്പെട്ട കേസുകൾ ഉയരുമ്പോൾ, കുട്ടികളെ എങ്ങനെ സുരക്ഷിക്കണമെന്ന് മനസിലാക്കേണ്ടതുണ്ട്. പുതിയ വേരിയന്റായ ഒമിക്‌റോണിന് വ്യാപനം ഇരട്ടിപ്പിക്കാനുള്ള സമയം ഒന്നര മുതൽ മൂന്ന് ദിവസം വരെയാണെന്നും ഡെൽറ്റയുടെ കാര്യത്തിൽ അത് അഞ്ച് ദിവസമായിരുന്നെന്നും ബാംഗ്ലൂരിലെ ഇലക്ട്രോണിക് സിറ്റിയിലെ കാവേരി ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് നിയോനറ്റോളജിസ്റ്റ് ഡോ. ശ്രീനാഥ് മണികാന്തി പറയുന്നു.

“ഇത് ഡെൽറ്റ വേരിയന്റിനേക്കാൾ ഒമിക്‌റോണിനെ അപകടകരമാക്കുമോ? ഇല്ല. മൊത്തത്തിൽ ഒമിക്രോൺ ഒരു കടുപ്പം കുറഞ്ഞ വകഭേദമാണെന്ന് കണ്ടെത്തി. ഇന്ത്യയിൽ ബാധിച്ചവരിൽ ഭൂരിഭാഗം ആളുകളും ലഘുവായ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും ഇത് അതിവേഗം പടരുകയാണ്. ഇതുവരെ ഇത് മിതമായതോ ലഘുവായതോ ആയ രോഗങ്ങൾക്ക് കാരണമാകുമെന്നാണ് അറിഞ്ഞത്, ”അദ്ദേഹം പറയുന്നു.

ഒമിക്രോൺ കുട്ടികളെ ബാധിക്കുമോ?

കുട്ടികൾക്ക് രോഗം പിടിപെടാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. “ഒന്നാമത്തെയും രണ്ടാമത്തെയും തരംഗങ്ങളെ അപേക്ഷിച്ച് മൂന്നാം തരംഗത്തിൽ കൂടുതൽ കുട്ടികൾ ബാധിക്കപ്പെടുന്നു. രോഗം ബാധിച്ച കുട്ടികളിൽ ഭൂരിഭാഗവും നേരിയതോ മിതമായതോ ആയ ലക്ഷണങ്ങളുള്ളതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. രോഗബാധിതരായ കുട്ടികൾ സൂപ്പർ-സ്പ്രെഡറുകളാകാം. ദുർബലമായ പ്രതിരോധശേഷിയുള്ള മറ്റ് കുട്ടികളിലേക്കും, പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത അല്ലെങ്കിൽ ഭാഗികമായി പ്രതിരോധശേഷിയില്ലാത്ത മുതിർന്നവരിലേക്കും ഇത് പകരാം. പ്രായമായ ആളുകളിലേക്കും ഇത് പകരും. അവരിൽ ചിലർക്ക് വളരെ അസുഖം വരാം.

ഓമിക്രോണിൽ നിന്ന് എങ്ങനെയാണ് കുട്ടികളെ സംരക്ഷിക്കുക?

ഡോക്ടർ മണികാന്തി ഇനിപ്പറയുന്ന നടപടികൾ മുന്നോട്ട് വയ്ക്കുന്നു:

 1. വാക്സിനേഷൻ വഴിയുള്ള സംരക്ഷണം: നിലവിൽ, ഇന്ത്യയിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി വാക്സിനുകളൊന്നും അംഗീകരിച്ചിട്ടില്ല. അവരെ സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗം കുടുംബത്തിലെയും സമീപപ്രദേശങ്ങളിലെയും 15 വയസ്സിന് മുകളിലുള്ള എല്ലാ കുട്ടികളും മുതിർന്നവരും പൂർണ്ണമായി വാക്സിനേഷൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ്. ഇതിൽ വീട്ടുജോലിക്കാർ, ഡ്രൈവർമാർ, സെക്യൂരിറ്റികൾ, അധ്യാപകർ തുടങ്ങിയവരും ഉൾപ്പെടുന്നു.
 2. കോവിഡ്-അനുയോജ്യ പെരുമാറ്റം: നിങ്ങളുടെ കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം കൊവിഡിന് അനുയോജ്യമായ പെരുമാറ്റമാണ്. കുട്ടികൾ (രണ്ട് വയസ്സിന് മുകളിൽ) പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. സാമൂഹിക അകലവും കൈ ശുചിത്വവും പാലിക്കുന്നുണ്ടോയെന്നും ഉറപ്പ് വരുത്തുക.
 3. കുടുംബത്തിനകത്തെ രോഗവ്യാപനം തടയുക: ഒമിക്രോൺ വളരെ പകർച്ചാ ശേഷിയുള്ള വകഭാദമായതിനാൽ, ഒരു കുടുംബാംഗത്തെ ബാധിച്ചാൽ അത് പെട്ടെന്ന് പടരാൻ സാധ്യതയുണ്ട്. നേരിയ ലക്ഷണങ്ങൾ പോലും ഉള്ളവരെ അതിനാൽ ഐസൊലേഷനിലേക്ക് മാറ്റണം. ഒരു കുട്ടി രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ, മറ്റ് കുട്ടികളിൽ നിന്നും പ്രായമായവരിൽ നിന്നും അവരെ ഐസൊലേറ്റ് ചെയ്യുക. രോഗം ബാധിച്ച വ്യക്തിയെ പരിശോധിക്കണം. രണ്ട് വയസ്സിന് മുകളിലുള്ള എല്ലാവരും വീട്ടിൽ മാസ്ക് ധരിക്കുന്നത് പ്രോത്സാഹിപ്പിക്കണം.
 4. ശിശുരോഗ വിദഗ്ദ്ധന്റെ ഉപദേശം തേടുക: ആശുപത്രിയോ ക്ലിനിക്കോ സന്ദർശിക്കുമ്പോൾ മുൻകരുതലുകൾ എടുക്കുക. പുറത്തു പോകുന്നത് സുരക്ഷിതമല്ലെങ്കിൽ ഒരു ഓൺലൈൻ കൺസൾട്ടേഷൻ നടത്തുക.
 5. മുലയൂട്ടലിൽ നിന്നുള്ള സംരക്ഷണം: രണ്ട് വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുക. അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് സംരക്ഷിത ആന്റിബോഡികൾ കൈമാറുന്നതിനാൽ മുലയൂട്ടൽ കോവിഡിനെതിരെ സംരക്ഷണം നൽകുന്നു. കോവിഡ് പോസിറ്റീവ് അമ്മമാരോട് പോലും വേണ്ടത്ര മുൻകരുതലുകൾ എടുത്ത് കുഞ്ഞിന് മുലയൂട്ടാൻ നിർദ്ദേശിക്കുന്നു.
 6. വാക്സിൻ വഴി തടയാൻ കഴിയുന്ന രോഗങ്ങൾ: ഇൻഫ്ലുവൻസ ഉൾപ്പെടെയുള്ള എല്ലാ സാധാരണ വാക്സിനേഷനുകളും ചെയ്തുവെന്ന് ഉറപ്പാക്കുക. ചില രാജ്യങ്ങളിൽ, ‘ഫ്ലോറോണ’ എന്ന് വിളിക്കപ്പെടുന്ന ഒരു കോവിഡ്-ഫ്ലൂ സംയുക്ത രോഗം കണ്ടെത്തി. ഒരു ഇരട്ട അണുബാധയാണ് അത്.
 7. ജന്തുജന്യ, ജലജന്യ രോഗങ്ങൾ തടയുക: വെള്ളവും ഭക്ഷണവും ശുചിത്വമുള്ളതും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കുക. കൊതുകുകളോ പ്രാണികളോ കടിക്കുന്നത് തടയാൻ നടപടികൾ കൈക്കൊള്ളുക.
 8. തിരക്കേറിയ സ്ഥലങ്ങൾ, പരിപാടികൾ, പൊതു സ്ഥലങ്ങൾ എന്നിവ ഒഴിവാക്കുക.
 9. നല്ല ജലാംശം ശരീരത്തിലെത്തിക്കുക. വിവിധതരം പഴങ്ങളും പച്ചക്കറികളും അടങ്ങിയ സമീകൃതാഹാരവും ഉറപ്പാക്കുക.
 10. കുട്ടിയുടെ ശാരീരിക പ്രവർത്തനങ്ങൾ ഉറപ്പാക്കുക. നിങ്ങളുടെ കുട്ടിയെ കളിക്കാൻ പ്രേരിപ്പിക്കുകയും ഫോണിലും ടിവിയിലും കംപ്യൂട്ടറിലും അമിതമായി നോക്കിയിരിക്കുന്നത് ഒഴിവാക്കിപ്പിക്കുകയും ചെയ്യുക.
 11. ദിവസവും കുറഞ്ഞത് 20-30 മിനിറ്റെങ്കിലും സൂര്യപ്രകാശം ഏൽക്കുക.
 12. കുട്ടിയുടെ കളിപ്പാട്ടങ്ങൾ ദിവസത്തിൽ ഒരിക്കലെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ചോ അല്ലെങ്കിൽ സാനിറ്റൈസർ സ്പ്രേ ഉപയോഗിച്ച് വൃത്തിയാക്കുക.
 13. തറയും സാധാരണയായി തൊടുന്ന മറ്റ് പ്രതലങ്ങളും പതിവായി വൃത്തിയാക്കുക.

ദുർബലരായ വിഭാഗങ്ങൾ

“കോ-മോർബിഡിറ്റികളുള്ള (മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ള) കുട്ടികൾക്ക് മിതമായതോ ഗുരുതരമായതോ ആയ രോഗത്തിനുള്ള സാധ്യത കൂടുതലാണ്. അവർക്ക് ആശുപത്രിവാസം ആവശ്യമായി വന്നേക്കാം. ഈ കുട്ടികളിൽ കൊവിഡ് തടയാൻ പതിവായി മരുന്നുകൾ നൽകുകയും കൂടുതൽ മുൻകരുതലുകൾ എടുക്കുകയും ചെയ്യുക,” ഡോക്ടർ ഉപസംഹരിക്കുന്നു.

Also Read: ഒമിക്രോണ്‍: അറിയാം ഹോം കെയര്‍ മാനേജ്‌മെന്റ് കാര്യങ്ങള്‍

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Omicron scare children safe healthy tips parenting