30 വയസില്‍ താഴെയുള്ളവരില്‍ പുകവലി, മദ്യപാനം, പൊണ്ണത്തടി മുതലായവ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച പഠന റിപ്പോർട്ടുമായി ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജി. പുകവലി, രക്തത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മദ്യപാനം, പൊണ്ണത്തടി, പ്രമേഹം എന്നിവ മുപ്പത് വയസ്സില്‍ താഴെയുള്ളവരില്‍ ഹൃദ്രോഗത്തിന് കാരണമാകുന്നതായി ശ്രീചിത്രയുടെ പഠനത്തില്‍ കണ്ടെത്തി.

1978നും 2017നും ഇടയിൽ ശ്രീചിത്രയിൽ ഹൃദ്രോഗ ലക്ഷണങ്ങളുമായെത്തി ആന്‍ജിയോഗ്രാഫിക്ക് വിധേയരായ 159 പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ 92 ശതമാനവും പുരുഷന്മാരാണ്.

30 വയസ്സിന് താഴെയുള്ള ഹൃദ്രോഗികളില്‍ 64 ശതമാനവും പുകവിലക്കുന്നവരായിരുന്നു. ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടായിരുന്നവര്‍ 88 ശതമാനമാണ്. മദ്യപാന ശീലം 21 ശതമാനം പേര്‍ക്കുണ്ടായിരുന്നുവെന്നും പഠനത്തിൽ പറയുന്നു.

പഠനത്തില്‍ പങ്കെടുത്ത 82 ശതമാനം പേര്‍ക്കും തീവ്രമായ ഹൃദയാഘാത ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. നാല് ശതമാനം പേര്‍ക്ക് മാത്രമേ പ്രമേഹം ഉണ്ടായിരുന്നുള്ളൂവെന്നും പഠനത്തില്‍ പറയുന്നുണ്ട്. ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഏറ്റവും പ്രായംകുറഞ്ഞ രോഗി 15 വയസ്സുള്ള ആണ്‍കുട്ടിയായിരുന്നുവെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. പാരമ്പര്യമായി ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിലയുള്ള കുടുംബത്തിലെ അംഗമായിരുന്നു ഈ കുട്ടി. നെഞ്ചുവേദനയോടെയാണ് ചികിത്സ തേടിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

ജീവിത ശൈലിയിൽ മാറ്റം വരുത്താത്തവർ വലിയ ശതമാനം

ഈ രോഗികളിൽ 34 ശതമാനം പേരും ആദ്യം രോഗലക്ഷണം പ്രത്യക്ഷപ്പെട്ട് ആശുപത്രിയില്‍ ചികിത്സ തേടി ആന്‍ജിയോഗ്രാം ചെയ്തതിന് ശേഷവും പുകവലി തുടർന്നതായും ശ്രീചിത്രയുടെ പഠനത്തിൽ പറയുന്നു. മദ്യപാനം ഉപേക്ഷിക്കാതിരുന്നവര്‍ 17 ശതമാനമാണ്. പകുതിയല്‍ അധികം പേരും വ്യായാമം ശീലമാക്കിയില്ലെന്നും 79 ശതമാനം പേരും ആവശ്യത്തിന് പഴവും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും ദീര്‍ഘകാല തുടര്‍ചികിത്സയില്‍ ബോദ്ധ്യമായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

41 ശതമാനം പേര്‍ കൃത്യമായി മരുന്ന് കഴിച്ചിരുന്നില്ല

ഇവരില്‍ 41 ശതമാനം പേര്‍ കൃത്യമായി മരുന്ന് കഴിച്ചിരുന്നില്ലെന്നും പഠന ഫലത്തിൽ പറയുന്നു. മരുന്ന് കഴിക്കാതിരുന്നതിനുള്ള കാരണമായി കൂടുതല്‍ പേരും പറഞ്ഞത് ലക്ഷണങ്ങളുടെ അഭാവമാണ്. മരുന്നുകള്‍ ഉപയോഗിച്ച് രോഗം നിയന്ത്രിച്ച് നിര്‍ത്തിയിരുന്നവരില്‍ പകുതിയും മരുന്നുകള്‍ ഉപേക്ഷിച്ചു. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയരായവരില്‍ കൃത്യമായി മരുന്ന് കഴിക്കാതിരുന്നവര്‍ മൂന്നിലൊന്നില്‍ താഴെയായിരുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.

കൃത്യസമയത്ത് ചികിത്സ തേടാത്തതാണ് മരണത്തിലേക്ക് നയിക്കും

5, 10, 15, 20 വര്‍ഷങ്ങളില്‍ രോഗത്തെ അതിജീവിച്ചവരുടെ നിരക്ക് യഥാക്രമം 84%, 70%,58%,52% എന്നിങ്ങനെയാണ്. ഹൃദയത്തിന്റെ ഇടതുവശത്തെ താഴെ അറയ്ക്കുണ്ടാകുന്ന തകരാറും ഒന്നിലധികം ധമനികളിലുണ്ടാകുന്ന തടസ്സവുമാണ് വര്‍ഷങ്ങള്‍ കഴിയുന്തോറും മരണകാരണമായി മാറുന്നതെന്നും പഠനത്തില്‍ കണ്ടെത്തി.

30 വയസ്സില്‍ താഴെ ഹൃദ്‌രോഗ ബാധിതരാകുന്നവരില്‍ 30 ശതമാനം 10 വര്‍ഷത്തിലും 48 ശതമാനം 20 വര്‍ഷത്തിലും മരണത്തിന് കീഴടങ്ങുന്നുവെന്നത് ആശങ്കാജനകമായ വസ്തുതയാണ്. കൃത്യസമയത്ത് ചികിത്സ തേടാത്തതാണ് മരണത്തിലേക്ക് നയിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.

രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാത്തതിനാല്‍ ഈ വിഭാഗത്തിലുള്ളവരില്‍ ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നത് അപൂര്‍വ്വമായാണ്. ഹൃദയാഘാതത്തിന് ശരിയായ ചികിത്സ തേടാത്തതും ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധമില്ലായ്മയും 30 വയസ്സില്‍ താഴെയുള്ള ഹൃദ്‌രോഗികളില്‍ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ യുവാക്കള്‍ക്കിടയില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് അത്യാവശ്യമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook