അർധരാത്രിയിൽ ലഘുഭക്ഷണം കഴിക്കാൻ നമ്മളിൽ ചിലർക്കെങ്കിലും കൊതിയുണ്ടാവും. എന്നാൽ അത്തരം ശീലങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. കൂടാതെ, ചില ഭക്ഷണങ്ങൾ ഉറങ്ങുന്നതിനു തൊട്ടു മുൻപായിട്ടാണ് കഴിക്കുന്നതെങ്കിൽ നല്ല ഉറക്കം ലഭിക്കില്ല. ഉറങ്ങുന്നതിനുമുമ്പ് നിങ്ങൾ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളെക്കുറിച്ച് പറയുകയാണ് ന്യൂട്രീഷ്യണലിസ്റ്റും കൾട്ടിവേറ്റ് ഹെൽത്തിന്റെ ഡയറക്ടറുമായ പൂജ ബംഗ.
ക്രൂസിഫറസ് പച്ചക്കറികൾ
ക്രൂസിഫറസ് പച്ചക്കറികളായ ബ്രൊക്കോളി, കോളിഫ്ളവർ, കാബേജ് എന്നിവ ആരോഗ്യത്തിന് വളരെ നല്ലതാണ്. പക്ഷേ, ഉറങ്ങാൻ പോകുന്നതിനു മുൻപ് ഇവ കഴിക്കുന്നത് നല്ലതല്ല. ഈ പച്ചക്കറികൾക്ക് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്താൻ കഴിയും. ഇവ ദഹിക്കാൻ സമയമെടുക്കും. നിങ്ങൾ ഉറങ്ങാൻ ശ്രമിക്കുമ്പോൾ അതിന് തടസം വരും. ഇത് ദഹന പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അതിനാൽ, പകൽ സമയം ഇവ കഴിക്കുക. നിങ്ങളുടെ ശരീരത്തിന് അവയെ ദഹിപ്പിക്കാൻ ഏറെ സമയം ലഭിക്കും.
ഐസ്ക്രീം, മധുരം കൂടിയ ഭക്ഷണങ്ങൾ
ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഒരു ബൗൾ ഐസ്ക്രീം കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്താം. ഫാറ്റി ചീസ് പോലെ, ഐസ്ക്രീമും ദഹിപ്പിക്കാൻ സമയമെടുക്കും. മാത്രമല്ല, ദഹനം നടക്കുമ്പോൾ നിങ്ങളുടെ ശരീരത്തിന് നന്നായി വിശ്രമിക്കാൻ കഴിയില്ല. പഞ്ചസാരയ്ക്കും നിങ്ങളുടെ ഉറക്കത്തെ തടയാനാവും. മിഠായികൾ, ഐസ്ക്രീമുകൾ, കേക്ക് തുടങ്ങിയവയൊന്നും ഉറങ്ങുന്നതിനു തൊട്ടു മുൻപായി കഴിക്കാതിരിക്കുക.
സിട്രിക് പഴങ്ങളും തക്കാളിയും
തക്കാളി കഴിക്കുന്നത് ഉറക്കത്തെ പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനം വർധിപ്പിക്കുകയും ഉറക്കം വൈകിപ്പിക്കുകയും ചെയ്യുന്ന ടൈറാമൈൻ എന്ന അമിനോ ആസിഡ് ആണ് ഇതിന് പ്രധാന കാരണം. സിട്രസ് പഴങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്ന് ആരും പറഞ്ഞിട്ടില്ലെങ്കിലും, ഉയർന്ന വിറ്റാമിൻ സി ഉള്ളതിനാൽ, ഉറങ്ങുന്നതിനു മുൻപായി കഴിക്കുന്നത് നല്ലതല്ല. കാരണം ഇത് ശരിയായി ആഗിരണം ചെയ്യപ്പെടുന്നില്ലെങ്കിൽ അസിഡിറ്റിക്കും നെഞ്ചെരിച്ചിലിനും കാരണമാകും.
മദ്യം
ഉറങ്ങുന്നതിനു മുമ്പായി മദ്യം കഴിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും. ഒരു ഗ്ലാസ് വീഞ്ഞ് കുടിച്ചാൽ നിങ്ങൾ വേഗത്തിൽ ഉറങ്ങും, പക്ഷേ പിറ്റേ ദിവസം ഉണരുമ്പോൾ ഒരുപക്ഷേ ക്ഷീണം അനുഭവപ്പെടും.
Read More: മുഴുവൻ മുട്ടയോ അതോ വെള്ളയോ; ഏതാണ് കൂടുതൽ ആരോഗ്യകരം?
റെഡ് മീറ്റ്, ചീസ്
റെഡ് മീറ്റിൽ ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ചീസിലും അമിനോ ആസിഡ് ടൈറാമൈൻ ഉണ്ട്. അത് നിങ്ങളുടെ ഉറക്കം തടസപ്പെടുത്തും.
കഫീൻ പാനീയങ്ങളും ചോക്ലേറ്റും
ഉറക്കമില്ലായ്മയ്ക്ക് കാരണമാകുമെന്നതിനാൽ കഫീൻ പാനീയങ്ങൾ കിടക്കുന്നതിനു മുമ്പായി ഒഴിവാക്കണമെന്ന് നമുക്കെല്ലാവർക്കും അറിയാം, പക്ഷേ ചോക്ലേറ്റുകൾക്കും ഇത് ബാധകമാണ്. ചോക്ലേറ്റുകളിലെ കഫീൻ ഉള്ളടക്കം അത്ര ഉയർന്നതല്ലെങ്കിലും, ഇതിനൊപ്പം ഒരു അമിനോ ആസിഡും ഉണ്ട്. അത് നിങ്ങളെ ജാഗരൂകരാക്കുന്നു. രാത്രിയേക്കാൾ എനർജി ബൂസ്റ്ററായ ചോക്ലേറ്റ് പകൽ കഴിക്കുക.