പലരെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് അമിതമായ ശരീരഭാരം. മെലിയാനായി ഏറെ പരിശ്രമിച്ചാലും കാര്യമായ ഫലം ലഭിക്കാതെ വിഷമിക്കുന്ന നിരവധി പേരെ നമുക്ക് ചുറ്റും കാണാം. ശരീരഭാരം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തിനു മുന്നിൽ തടസ്സമാവുന്നത് പലപ്പോഴും വ്യായാമം, ഡയറ്റ് എന്നിവയുമൊക്കെയായി ബന്ധപ്പെട്ട് അറിയാതെ വരുത്തുന്ന ചില തെറ്റുകളോ ശാരീരിക അവസ്ഥകളോ ആവാം. അത്തരം ചില കാരണങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് പോഷകാഹാര വിദഗ്ധയായ റാഷി ചൗധരി.
“പതിവായി വ്യായാമം ചെയ്യുകയും നിർദ്ദിഷ്ട ഭക്ഷണക്രമത്തിൽ ഉറച്ചുനിൽക്കുകയും ചെയ്തിട്ടും പലരിലും ശരീരഭാരം കുറയാത്ത അവസ്ഥ കാണാറുണ്ട്. നിരാശരാക്കുന്നതിന് പകരം, എവിടെയാണ് തെറ്റു പറ്റുന്നതെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്,” റാഷി പറയുന്നു.
ആഴ്ചയിൽ അഞ്ചു ദിവസവും ഡയറ്റ് പിന്തുടരുകയും പ്രിയപ്പെട്ട ആഹാരങ്ങൾ വേണ്ടെന്ന് വയ്ക്കുകയും ചെയ്തിട്ട് വാരാന്ത്യങ്ങളിൽ നിയന്ത്രണങ്ങളില്ലാതെ ഭക്ഷണം കഴിക്കുന്നവരുണ്ട്. ഇത്തരം ശീലങ്ങൾ ആ ആഴ്ച മൊത്തം പിൻതുടർന്നുവന്ന നിയന്ത്രണങ്ങളെ ഒറ്റയടിക്ക് അവതാളത്തിലാക്കുകയാണ്. അതുപോലെ തന്നെ ദോഷകരമായ ഒന്നാണ്, മെലിയാനായി ഭക്ഷണം ഒഴിവാക്കുന്ന രീതിയും. കുറച്ച് ദിവസം ഭക്ഷണം ഒഴിവാക്കുമ്പോള്‍ ശരീരഭാരത്തില്‍ കുറവ് വരാം. അതോർത്ത് പലരും അമിതവണ്ണം കുറയ്ക്കാന്‍ ഭക്ഷണം ഒഴിവാക്കുന്ന രീതി സ്വീകരിക്കുമ്പോൾ ഗുണത്തേക്കാൾ ഏറെ ദോഷമാണ് വരുത്തിവയ്ക്കുന്നത്. ആരോഗ്യകരമായ ഭക്ഷണം, മിതമായ അളവിൽ കഴിക്കുന്നതാണ് ഭാരനിയന്ത്രണത്തിന് ഗുണകരമായ മാര്‍ഗം.
ഡയറ്റ് സ്വീകരിക്കുമ്പോൾ വേണ്ടത്ര ഗൗരവത്തോടെ തന്നെ അതു പിൻതുടരാൻ ശ്രമിക്കുക. എല്ലാ ദിവസവും ഭക്ഷണം പുറത്തു നിന്ന് ഓർഡർ ചെയ്ത് കഴിക്കരുത്, അതെത്ര ആരോഗ്യകരമാണെങ്കിലും. വീട്ടിലെ ഭക്ഷണത്തിന് പ്രാധാന്യം നല്‍കുക. സ്വന്തമായി ഭക്ഷണം പാചകം ചെയ്യുമ്പോള്‍ ഊര്ജമൂല്യമുള്ളതും കൊഴുപ്പുള്ളതുമായ ഭക്ഷണം ഒഴിവാക്കുക. പച്ചക്കറികള്‍ക്കും സാലഡുകള്‍ക്കും ഭക്ഷണത്തിൽ പ്രാധാന്യം നല്‍കുക. കലോറി കുറഞ്ഞതും നാരുകൾ ധാരാളം അടങ്ങിയതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
ശരീരഭാരത്തെ കുറിച്ചുള്ള അമിതമായ വേവലാതി ഒഴിവാക്കുക. ഇത്തരം വേവലാതികളും സമ്മർദ്ദവും ആരോഗ്യത്തിന് ഗുണകരമല്ല. വസ്ത്രങ്ങൾ ഫിറ്റാവുന്നില്ലല്ലോ എന്ന് വിഷമിക്കുന്നതിനു പകരം വർക്ക് ഔട്ട്, ആരോഗ്യകരമായ ഭക്ഷണശീലം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ടെൻഷൻ ഒഴിവാക്കുന്നതിനൊപ്പം ഉറക്കത്തിനും പ്രാധാന്യം നൽകണം. ഉറക്കം കുറഞ്ഞാല്‍ വിശപ്പുണ്ടാക്കുന്ന ഹോര്‍മോണിന്റെ അളവ് വര്‍ധിക്കാനും അമിതമായി ആഹാരം അകത്താക്കാനും കാരണമാകും. അതുപോലെതന്നെ ഉറക്കക്കുറവ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും മന്ദഗതിയിലാക്കും. അതുകൊണ്ട് നല്ല ഉറക്കം ഒഴിവാക്കാൻ ആവാത്ത കാര്യമാണ്.
ഓരോ ദിവസവും വ്യായാമം ചെയ്യുന്നത് കൃത്യതയോടെയാണ് എന്നു ഉറപ്പുവരുത്തുക. നടത്തമാണെങ്കിൽ പോലും ശരീരം വേണ്ടത്ര ചലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. ദിവസവും ഒരു നിശ്ചിതസമയം വ്യായാമത്തിനു വേണ്ടി നീക്കി വയ്ക്കണം. ഇതിനായി ജിമ്മിൽ പോകണമെന്നില്ല, വീട്ടിൽ തന്നെ ചെയ്യാവുന്ന വ്യായാമങ്ങളോ കളികളോ തിരഞ്ഞെടുക്കാം. എന്തു ചെയ്യുമ്പോഴും ശരീരം നന്നായി വിയർക്കുന്ന രീതിയിലാവണം വ്യായാമം ചെയ്യേണ്ടത്.
ഡയറ്റും വ്യായാമവുമെല്ലാം പിൻതുടരുന്നതിനു മുൻപ് എന്തെങ്കിലും തരത്തിലുള്ള ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കണം. അസന്തുലിതമായ ഹോർമോണുകൾ ശരീരത്തിലുണ്ടെങ്കിൽ അമിതമായ വ്യായാമമുറകൾ ശരീരഭാരം കൂട്ടുകയോ ശരീരത്തിൽ വീക്കം ഉണ്ടാക്കുകയോ ആണ് ചെയ്യുക. തൈറോയ്ഡ്, പിസിഒഎസ്, ഇൻസുലിൻ, ഈസ്ട്രജൻ എന്നിവയെല്ലാം ശരിയായ അളവിലാണോ എന്ന് ടെസ്റ്റ് ചെയ്ത് മനസ്സിലാക്കിയതിനു ശേഷം വേണം ഡയറ്റും വ്യായാമവുമെല്ലാം പിൻതുടരാൻ.