പഴങ്ങളും പച്ചക്കറികളും ഒരുപോലെ ശരീര ആരോഗ്യത്തിന് ആവശ്യമാണ്. വൈവിധ്യമാർന്ന പച്ച ഇലക്കറികളും പച്ചക്കറികളും ധാരാളം ലഭിക്കുന്ന സീസൺ ആണ് ശൈത്യകാലം. നാരുകൾ, ഫോളേറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിനുകൾ എ, കെ എന്നിവയും മറ്റും പോഷകങ്ങളുടെയും കലവറയാണ് കാബേജ്. ഓറഞ്ചിനെക്കാൾ കൂടുതൽ വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധി വർധിപ്പിക്കുന്ന ഒന്നാണിത്.
കാബേജ് പോലുള്ള പച്ച ഇലക്കറികൾ കഴിക്കുന്നത് ശൈത്യകാലത്ത് വളരെ ഗുണം ചെയ്യും. മാത്രമല്ല, സസ്യാഹാരങ്ങൾ കൂടുതൽ കഴിക്കുന്നത് പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ഊർജനില വർധിപ്പിക്കുന്നതുമുതൽ ശരീര ഭാരം കുറയ്ക്കുന്നതുവരെ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നതാണ് കാബേജ്.
പോഷകങ്ങളുടെ കലവറയാണെങ്കിലും കാബേജ് പലരും അവഗണിക്കുന്നു. എന്നാൽ, കാജേബ് തീർച്ചയായും ഡയറ്റിൽ ഉൾപ്പെടുത്തണമെന്ന് പറയുകയാണ് ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത് ബത്ര. കാബേജിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചും ബത്ര വിശദീകരിച്ചിട്ടുണ്ട്.
കാൻസർ തടയുന്നു
ഈ പച്ചക്കറിക്ക് കയ്പേറിയ രുചി നൽകുന്ന സൾഫർ അടങ്ങിയ സൾഫൊറാഫെയ്ൻ എന്ന സംയുക്തം കാൻസറിനെ പ്രതിരോധിക്കാനുള്ള ശക്തി നൽകുന്നു. കാൻസർ കോശങ്ങളുടെ വളർച്ചയെ സൾഫോറാഫെയ്ൻ തടയുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ചുവന്ന കാബേജിന് നിറം നൽകുന്ന ശക്തമായ ആന്റിഓക്സിഡന്റുകളായ ആന്തോസയാനിൻ, ഇതിനോടകം രൂപപ്പെട്ട കാൻസർ കോശങ്ങളെ നശിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
വീക്കം നിയന്ത്രിക്കാൻ സഹായിക്കും
കാബേജ് പോലുള്ള ക്രൂസിഫറസ് പച്ചക്കറികളിൽ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന വിവിധ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. സൾഫോറഫെയ്ൻ, കെംപ്ഫെറോൾ, മറ്റ് ആന്റി ഓക്സിഡന്റുകൾ എന്നിവ ഈ ചെടികളിൽ കാണപ്പെടുന്നു. ഇതാവാം അവയുടെ ആന്റി ഇൻഫ്ലാമേറ്ററി ഫലത്തിന് കാരണം.
തലച്ചോറിന്റെ ആരോഗ്യത്തിന്
കാബേജിൽ വൈറ്റമിൻ കെ, അയോഡിൻ, ആന്തോസയാനിൻ പോലുള്ള ആന്റിഓക്സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കാബേജ് പോലുള്ള ക്രൂസിഫറസ് പച്ചക്കറികൾ അൽഷിമേഴ്സ് രോഗികളുടെ തലച്ചോറിൽ കാണപ്പെടുന്ന ചീത്ത പ്രോട്ടീനുകളുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
രക്തസമ്മർദ്ദം കുറയ്ക്കും
രക്തസമ്മർദം ആരോഗ്യകരമായ അളവിൽ നിലനിർത്താൻ പൊട്ടാസ്യം സഹായിക്കുന്നു. കാബേജ് പോലെയുള്ള പൊട്ടാസ്യം അടങ്ങിയ പച്ചക്കറികൾ കഴിക്കുന്നത് ഉയർന്ന രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.