പച്ച മാങ്ങ എന്നു കേൾക്കുമ്പോൾ മിക്കവർക്കും ബാല്യകാല ഓർമ്മകൾ ഓടിയെത്തും. പച്ച മാങ്ങ ഉപ്പും മുളകും ചേർത്ത് കഴിച്ച കാലമോർക്കുമ്പോൾ വായിൽ വെള്ളമൂറും. എന്നാൽ, പച്ച മാങ്ങയ്ക്ക് ആരോഗ്യ ഗുണങ്ങളുമുണ്ടെന്ന് എത്ര പേർക്ക് അറിയാം?. വിറ്റാമിൻ സി, വിറ്റാമിൻ എ, വിറ്റാമിൻ ബി6, വിറ്റാമിൻ കെ എന്നിവയാൽ സമ്പുഷ്ടമായ പച്ച മാങ്ങ കരളിനെ വിഷവിമുക്തമാക്കുന്ന മഗ്നീഷ്യം, കാൽസ്യം, ഇരുമ്പ്, ഭക്ഷണ നാരുകൾ എന്നിവയുടെ ഉറവിടമാണ്.
ന്യൂട്രീഷ്യനിസ്റ്റ് ലവ്‌നീത് ബത്ര അടുത്തിടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പച്ച മാങ്ങയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നു. പച്ചമാങ്ങയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ പല രോഗങ്ങൾക്കും ഫലപ്രദമായ മറുമരുന്നായി മാറുന്നത് എങ്ങനെയെന്ന് അവർ വിശദീകരിച്ചിട്ടുണ്ട്.
- ആരോഗ്യമുള്ള ഹൃദയം
മാമ്പഴത്തിൽ മാംഗിഫെറിൻ എന്ന സവിശേഷമായ ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ, ഫാറ്റി ആസിഡ് എന്നിവയുടെ അളവ് സന്തുലിതമാക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പച്ച മാങ്ങയിൽ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. ഇത് ആരോഗ്യകരമായ ഹൃദയ പ്രവർത്തനത്തിന് സഹായിക്കുന്നു.
- ദഹനം മെച്ചപ്പെടുത്തുന്നു
മോശം ദഹനമാണോ പ്രശ്നം? പച്ച മാങ്ങയാണ് അതിനുള്ള പരിഹാരം. ഇതിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങളും നാരുകളും ദഹനരസങ്ങളുടെ ഉൽപാദനത്തെ ഉത്തേജിപ്പിച്ച് ദഹനം മെച്ചപ്പെടുത്തുന്നു. മലബന്ധം, ദഹനക്കേട്, അസിഡിറ്റി, നെഞ്ചെരിച്ചിൽ, ഓക്കാനം എന്നിവ മാറ്റി ദഹനനാളത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
- കാൻസർ സാധ്യത കുറയ്ക്കുന്നു
പച്ച മാങ്ങയ്ക്ക് കാൻസറിനെ എങ്ങനെ അകറ്റി നിർത്താൻ കഴിയുമെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? പച്ച മാങ്ങയിൽ കാൻസർ സാധ്യത കുറയ്ക്കുന്ന പോളിഫെനോൾ പോലുള്ള ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
- കരൾ ആരോഗ്യം
പച്ച മാങ്ങ പിത്തരസത്തിന്റെ സ്രവത്തെ ഉത്തേജിപ്പിക്കുകയും ലിപിഡുകളുടെ ആഗിരണത്തെ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല, ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുമെന്ന് പോഷകാഹാര വിദഗ്ധ പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.