/indian-express-malayalam/media/media_files/2025/02/21/sBCBnDJhKZG7NDBkYJwM.jpg)
Source: Freepik
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തേണ്ടത് പ്രമേഹക്കാർക്ക് വളരെ ആവശ്യമാണ്. ബ്ലഡ് ഷുഗറിലെ പെട്ടെന്നുള്ള ഉയർച്ചകളും താഴ്ചകളും ശരീരത്തിന് ക്ഷീണം ഉണ്ടാക്കും. എന്നാൽ, ശ്രദ്ധാപൂർവ്വമായ ഭക്ഷണ തിരഞ്ഞെടുപ്പുകളിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയും. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിനുള്ള ചില ടിപ്‌സുകൾ നോക്കാം.
നാരുകൾ
പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നതിലൂടെയും പെട്ടെന്നുള്ള ഉയർച്ച താഴ്ചകൾ തടയുന്നതിലൂടെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുന്നതിൽ നാരുകൾ പ്രധാന പങ്ക് വഹിക്കുന്നു. സ്പിനച്, ബ്രോക്കോളി, മധുരക്കിഴങ്ങ് തുടങ്ങിയ നാരുകൾ അടങ്ങിയ ഭക്ഷണങ്ങളും പയർ, കടല, ബീൻസ് തുടങ്ങിയ പയർവർഗ്ഗങ്ങളും ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ സഹായിക്കും. ക്വിനോവ, ബ്രൗൺ റൈസ്, ഓട്സ് തുടങ്ങിയ ധാന്യങ്ങൾ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാതെ സ്ഥിരമായ ഊർജം നൽകുന്നു.
കാർബോഹൈഡ്രേറ്റുകൾ പൂർണ്ണമായും ഒഴിവാക്കുന്നതിനുപകരം ബുദ്ധിപൂർവ്വം തിരഞ്ഞെടുക്കുക
കാർബോഹൈഡ്രേറ്റുകൾ ശത്രുവല്ല. സുസ്ഥിരമായ ഊർജം നൽകുന്ന കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ തിരഞ്ഞെടുക്കുക. മധുരക്കിഴങ്ങ്, ക്വിനോവ, ഓട്സ് തുടങ്ങിയ ഭക്ഷണങ്ങളും, കോളിഫ്ലവർ പോലുള്ള അന്നജം അടങ്ങിയിട്ടില്ലാത്ത പച്ചക്കറികളും തിരഞ്ഞെടുക്കുക. ആപ്പിൾ, ബെറി തുടങ്ങിയ പഴങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാതെ സ്വാഭാവിക മധുരം നൽകുന്നു. വൈറ്റ് ബ്രെഡ്, കേക്കുകൾ, പേസ്ട്രികൾ തുടങ്ങിയ പ്രോസസ്ഡ് ഭക്ഷണങ്ങൾ പരിമിതപ്പെടുത്തണം.
പ്രോട്ടീനിന് മുൻഗണന നൽകുക
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിന് പ്രോട്ടീൻ അത്യാവശ്യമാണ്. പയർ, ബീൻസ്, ടോഫു തുടങ്ങിയ സസ്യാധിഷ്ഠിത പ്രോട്ടീനുകളും തൈര്, കോട്ടേജ് ചീസ് പോലുള്ള പാലുൽപ്പന്നങ്ങളോ ഉൾപ്പെടുത്തുക. നോൺ വെജിറ്റേറിയൻകാർക്ക് ചിക്കൻ, മത്സ്യം തുടങ്ങിയ ലീൻ അനിമൽ പ്രോട്ടീനുകളും മികച്ച തിരഞ്ഞെടുപ്പുകളാണ്. ഒരുപിടി ബദാം, ഒരു ആപ്പിള്‍ എന്നിവ കഴിക്കുന്നത് പോലെ, കാർബോഹൈഡ്രേറ്റുകളുമായി പ്രോട്ടീൻ സംയോജിപ്പിക്കുന്നത് പഞ്ചസാരയുടെ ആഗിരണം കൂടുതൽ മന്ദഗതിയിലാക്കുന്നു.
ആരോഗ്യകരമായ കൊഴുപ്പുകൾ തിരഞ്ഞെടുക്കുക
ആരോഗ്യകരമായ കൊഴുപ്പുകൾ ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നതിലൂടെയും സംതൃപ്തി പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിനും സഹായിക്കുന്നു. അവോക്കാഡോ, നട്‌സ് (ബദാം, വാൽനട്ട് പോലുള്ളവ), സീഡ്സുകൾ (ചിയ, ഫ്ളാക്സ് സീഡുകൾ പോലുള്ളവ) തുടങ്ങിയ ഭക്ഷണങ്ങൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഒലിവ് ഓയിൽ, വെളിച്ചെണ്ണ തുടങ്ങിയ ആരോഗ്യകരമായ എണ്ണകൾ മിതമായ അളവിൽ പാചകത്തിന് ഉപയോഗിക്കുക.
ഭക്ഷണ സമയം
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് നിങ്ങൾ എന്ത് കഴിക്കുന്നുവെന്നത് മാത്രമല്ല, എപ്പോൾ കഴിക്കുന്നുവെന്നതിനെയും ആശ്രയിച്ചിരിക്കുന്നു. ക്രമരഹിതമായ ഭക്ഷണ സമയം അല്ലെങ്കിൽ ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന് രക്തത്തിലെ പഞ്ചസാരയെ ഫലപ്രദമായി നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാക്കും.
ജലാംശം
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനുള്ള ഒരു മാർഗമാണ് ജലാംശം നിലനിർത്തുന്നത്. നിർജ്ജലീകരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാൻ കാരണമാകും. ഗ്രീൻ ടീ, ഇഞ്ചി ചായ, കറുവപ്പട്ട ചായ തുടങ്ങിയ ഹെർബൽ ടീകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യും. പഞ്ചസാര അടങ്ങിയ പാനീയങ്ങളും സോഡകളും കുറയ്ക്കണം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us