പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മാമ്പഴങ്ങളുടെ കാലമാണിപ്പോൾ. എല്ലാവരും അത് ആസ്വദിക്കുന്നു. അതിന്റെ ജ്യൂസി ഘടനയും മധുരവും മാത്രമല്ല, ഈ സ്വാദിഷ്ടമായ വേനൽക്കാല പഴം നിരവധി പോഷകങ്ങളും ആരോഗ്യ ഗുണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു.
മാമ്പഴത്തിന്റെ ചില ആരോഗ്യ ഗുണങ്ങളെക്കുറിച്ച് കരീന കപൂറിന്റെ ഡയറ്റീഷ്യൻ റുജുത ദിവേകർ ഇൻസ്റ്റാഗ്രാമിൽ പറയുന്നു. “ഭക്ഷ്യ ക്രമത്തിൽ – നാരുകൾ വേണോ? ഓട്സ് കഴിക്കുക, പോളിഫെനോൾ വേണോ? ഗ്രീൻ ടീ കുടിക്കുക, ആന്റിഓക്‌സിഡന്റുകൾ വേണോ? ഡാർക്ക് ചോക്ലേറ്റ് കഴിക്കുക. മുകളിലുള്ള എല്ലാ പോഷകങ്ങളും എന്തിലാണ് ഉള്ളതെന്ന് അറിയുമോ? മാമ്പഴത്തിൽ”, റുജുത ദിവേകറിന്റെ പോസ്റ്റിൽ പറയുന്നു.
പോഷകാഹാര വിദഗ്ധനായ മാക് സിങ് ഓറഞ്ചും മാമ്പഴവും തമ്മിൽ താരതമ്യം ചെയ്യുന്നു. “നമ്മൾ ഒരു ഓറഞ്ചും ഒരു മാമ്പഴവും എടുത്താൽ, വിറ്റാമിൻ സി, എ, ഇ, കെ, ഫോളേറ്റ് എന്നിവയുടെ കാര്യത്തിൽ മാമ്പഴം വളരെ ഉയരത്തിലാണ്. ഇവയെല്ലാം ഒരു ഓറഞ്ചിൽ കാണപ്പെടുന്നതിനേക്കാൾ കൂടുതലാണ്,” മാക് സിങ് പറഞ്ഞു.
മാമ്പഴം മികച്ച രുചി മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളും നൽകുന്ന ഒരു രുചികരമായ പഴമാണെന്ന് ഹൈദരാബാദ് കെയർ ഹോസ്പിറ്റൽസ് ക്ലിനിക്കൽ ഡയറ്റീഷ്യൻ ജി സുഷമ ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.
മാമ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ
ഉയർന്ന പോഷകങ്ങൾ: വിറ്റാമിൻ സി, വിറ്റാമിൻ എ, നാരുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് മാമ്പഴം. പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ് തുടങ്ങിയ നിരവധി വിറ്റാമിനുകളും ധാതുക്കളും അവയിൽ അടങ്ങിയിട്ടുണ്ട്.
ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു: മാമ്പഴത്തിൽ പ്രോട്ടീൻ വിഘടിപ്പിക്കാനും ദഹനത്തെ സഹായിക്കാനും കഴിയുന്ന ദഹന എൻസൈമുകൾ അടങ്ങിയിട്ടുണ്ട്.
പ്രതിരോധശേഷി വർധിപ്പിക്കുക: മാമ്പഴം ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇത് പ്രതിരോധശേഷി വർധിപ്പിക്കാനും രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.
ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുക: മാമ്പഴത്തിലെ ഉയർന്ന ഫൈബർ ഉള്ളടക്കം കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക: മാമ്പഴം വിറ്റാമിൻ സിയുടെ ഉറവിടമാണ്. ഇത് കൊളാജൻ ഉൽപാദനത്തിന് അത്യന്താപേക്ഷിതമാണ്. ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഒരു കപ്പ് (165 ഗ്രാം) മാങ്ങയിൽ അടങ്ങിയിരിക്കുന്ന പോഷകഗുണങ്ങൾ:
- കലോറി: 99
- കാർബോഹൈഡ്രേറ്റ്സ്: 25 ഗ്രാം
- ഫൈബർ: 3 ഗ്രാം
- പ്രോട്ടീൻ: 1 ഗ്രാം
- കൊഴുപ്പ് – 0.5 ഗ്രാം
- വിറ്റാമിൻ സി: പ്രതിദിന മൂല്യത്തിന്റെ 67% (ഡിവി)
- വിറ്റാമിൻ എ: ഡിവിയുടെ 10%
- ഫോളേറ്റ്: ഡിവിയുടെ 18%
- പൊട്ടാസ്യം: ഡിവിയുടെ 6%
- മഗ്നീഷ്യം: ഡിവിയുടെ 8%
മാമ്പഴം ശരീരഭാരം കൂടാൻ കാരണമാകുമോ?
മാമ്പഴം ശരീരഭാരം വർധിപ്പിക്കും എന്നു ചില തെറ്റിദ്ധാരണകൾ ഉണ്ടാകാറുണ്ട്. അത്തരത്തിലുള്ള ഒന്നാണ് മാമ്പഴത്തിൽ പഞ്ചസാര കൂടുതലാണ് എന്നത്. “മാമ്പഴത്തിൽ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ടെങ്കിലും അവയിൽ നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. കൂടാതെ, മാമ്പഴത്തിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്. അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരുന്നതിന് കാരണമാകുന്നില്ല,” ജി സുഷമ വിശദീകരിക്കുന്നു.
മാമ്പഴത്തിൽ കലോറി കുറവാണെങ്കിലും വെള്ളവും നാരുകളും കൂടുതലാണെന്നും ഇവ രണ്ടും ദഹനത്തിന് നല്ലതാണെന്നും മാക് പറയുന്നു. “ഉയർന്ന നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. കൂടാതെ, മാമ്പഴത്തിൽ 100 ഗ്രാമിൽ 0.4 ഗ്രാം കൊഴുപ്പ് മാത്രമേ ഉള്ളൂ. അവ കൊളസ്ട്രോൾ രഹിതവുമാണ്, ”മാക് വിശദീകരിക്കുന്നു.
മാമ്പഴം കഴിച്ചാൽ മുഖക്കുരു ഉണ്ടാക്കുമോ?
പഞ്ചസാരയുടെ അംശം കൂടുതലായതിനാൽ മാമ്പഴം മുഖക്കുരുവിന് കാരണമാകുമെന്നതാണ് മറ്റൊരു മിഥ്യാധാരണ. “മാമ്പഴം കഴിക്കുന്നത് മുഖക്കുരു ഉണ്ടാക്കുന്നു എന്നതിന് തെളിവുകളൊന്നുമില്ല. വാസ്തവത്തിൽ, മാമ്പഴത്തിലെ വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മുഖക്കുരു സാധ്യത കുറയ്ക്കാനും സഹായിക്കും,” സുഷമ പറഞ്ഞു.
മറ്റേതൊരു ഭക്ഷണത്തെയും പോലെ, മാമ്പഴം അമിതമായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് ഓർക്കേണ്ടതുണ്ട്. ഭക്ഷണത്തിൽ മാമ്പഴം ഉൾപ്പെടുത്തുമ്പോൾ മിതത്വം പ്രധാനമാണ്.
“മാമ്പഴം നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു രുചികരമായ പഴമാണ്. അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും നല്ല ഉറവിടവുമാണ്. ദഹനം പ്രോത്സാഹിപ്പിക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും. എന്നിരുന്നാലും, മറ്റേതൊരു ഭക്ഷണത്തെയും പോലെ, മാമ്പഴം മിതമായും സമീകൃതാഹാരത്തിന്റെ ഭാഗമായും കഴിക്കേണ്ടത് പ്രധാനമാണ്, ” സുഷമ പറഞ്ഞു.