/indian-express-malayalam/media/media_files/uploads/2023/10/Valan-Puli-Tamarind.jpg)
അവശ്യപോഷകങ്ങളുടെ സമൃദ്ധമായ ഉറവിടമാണ് വാളൻ പുളി
കുട്ടിക്കാലത്തിന്റെ മധുരവും പുളിയും കലർന്ന ഓർമകളിലേയ്ക്കാവും പുളി നമ്മളെ കൂട്ടി കൊണ്ട് പോവു. രുചിയിൽ മാത്രമല്ല ഗുണങ്ങളിലും മുൻപിലാണ് വാളൻപുളി. "അവശ്യപോഷകങ്ങളുടെ സമൃദ്ധമായ ഉറവിടമാണ് വാളൻ പുളി," മുംബൈ നാനാവതി മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡയറ്റീഷ്യനും ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റുമായ ഡോ. ഉഷാകിരൺ സിസോദിയ പറയുന്നു.
ലോകമെമ്പാടുമായി പലവിധ വിഭവങ്ങളിൽ പുളി ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല, ഔഷധഗുണമുള്ളതിനാൽ ചില മരുന്നുകൾക്കുവേണ്ടിയും ഇത് ഉപയോഗിച്ചു വരുന്നു.
പുളിയിൽ അടങ്ങിയ പോഷകങ്ങൾ
100 ഗ്രാം പുളിയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
- കലോറി- 239
- കാർബോഹൈഡ്രേറ്റ് - 62.5 ഗ്രാം
- പ്രോട്ടീൻ- 2.8 ഗ്രാം
- കൊഴുപ്പ് - 0.6 ഗ്രാം
- ദഹനത്തിന് ആവശ്യമായ നാരുകൾ- 5.1 ഗ്രാം
- വൈറ്റമിൻ സി - 3.5 ഗ്രാം
- വൈറ്റമിൻ ബി 1 തയാമിൻ - 0.428 മി. ഗ്രാം
- വൈറ്റമിൻ ബി2 റൈബോഫ്ളവിൻ - 0.152 മി. ഗ്രാം
- വൈറ്റമിൻ ബി3 നിയാസിൻ- 1.938 മി.ഗ്രാം
- കാൽസ്യം - 74 മി.ഗ്രാം
- ഇരുമ്പ് - 2.8 മി.ഗ്രാം
- മഗ്നേഷ്യം - 92 മി.ഗ്രാം
- ഫോസ്ഫറസ് - 113 മി.ഗ്രാം
- പൊട്ടാസ്യം - 628 മി.ഗ്രാം
വാളൻ പുളിയുടെ ആരോഗ്യഗുണങ്ങൾ
- മലബന്ധം ലഘൂകരിയ്ക്കുന്നു: ഇതിലെ നാരുകൾ ദഹനം സുഗമമാക്കുകയും മലബന്ധം ലഘൂകരിയ്ക്കുകയും ചെയ്യുന്നു.
- വേദന കുറയ്ക്കുന്നു: പുളിയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് സന്ധിവാതം പോലുള്ള അവസ്ഥകളിൽ വേദനയും വീക്കവും കുറയ്ക്കുന്നു.
- രക്തസമ്മർദ്ദം നിയന്ത്രിയ്ക്കുന്നു: പുളിയിൽ പൊട്ടാസ്യത്തിന്റെ അളവ് കൂടുതൽ ആയതിനാൽ രക്തസമ്മർദ്ദം നിയന്ത്രിയ്ക്കുന്നു.
- ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നു: ഹാനികരമായ കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് മെച്ചപ്പെട്ട ഹൃദയാരോഗ്യം ഉറപ്പാക്കുന്നതിന് പുളിയിലുള്ള ഡയറ്ററി ഫൈബർ സഹായിക്കും.
- അകാലവാർദ്ധക്യം തടയുന്നു: ഇതിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ സിയും ആന്റിഓക്‌സിഡന്റുകളും കേടുപാടുകളിൽ നിന്ന് ചർമത്തെ സംരക്ഷിച്ച് അകാലവാർദ്ധക്യം തടയുന്നു.
ഗർഭകാലത്ത് പുളി കഴിയ്ക്കാമോ?
ഗർഭകാലത്ത് പുളി കഴിക്കുന്നത് ആരോഗ്യകരമാണോ എന്ന സംശയം പലർക്കുമുണ്ട്. എന്നാൽ ചെറിയ അളവിൽ പുളി കഴിയ്ക്കുന്നതിൽ കുഴപ്പമില്ലെന്നും ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകൾ ഗുണം ചെയ്യുമെന്നുമാണ് ഡോ. ഉഷാകിരൺ പറയുന്നത്. എന്നാൽ അധികം കഴിയ്ക്കുന്നത് കോൺട്രാക്ഷന് കാരണം ആവും. അതിനാൽ ഗൈനക്കോളജിസ്റ്റിന്റെ നിർദേശം തേടുക.
പ്രമേഹരോഗികൾക്ക് പുളി കഴിയ്ക്കാമോ?
പുളിയിൽ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ടെങ്കിലും ഇതിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അതിനാൽ പ്രമേഹരോഗികൾ മിതമായ അളവിൽ പുളി കഴിക്കുന്നതിൽ തെറ്റില്ല. “എന്നിരുന്നാലും, നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുകയും ഒരു ഡയബറ്റോളജിസ്റ്റിനെയോ പോഷകാഹാര വിദഗ്ധനെയോ സമീപിക്കേണ്ടതും അത്യാവശ്യമാണ്,” ഡോ. ഉഷാകിരൺ കൂട്ടിച്ചേർത്തു.
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ധാരാളം ആരോഗ്യഗുണങ്ങൾ ഉണ്ടെങ്കിലും ചിലരിൽ പുളി അലർജി സാധ്യത ഉണ്ടാക്കാനും സാധ്യതയുണ്ട്. "അവ സാധാരണമല്ലെങ്കിലും ചിലർക്ക് അലജിയോ ചൊറിച്ചിലോ ചർമ്മത്തിൽ തടിപ്പോ പ്രത്യക്ഷപ്പെടാം. ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ തന്നെ വലിയ അളവിൽ കഴിയ്ക്കുന്നത് വയറിൽ അസ്വസ്ഥത ഉണ്ടാക്കാം, വയറിളക്കം പോലുള്ള അവസ്ഥകൾക്കും കാരണമാവാം." ഡോ. ഉഷാകിരൺ പറയുന്നു.
മിഥ്യയും വസ്തുതകളും
പുളിയുടെ ഉപഭോഗത്തെ ചുറ്റിപ്പറ്റിയുള്ള ചില മിഥ്യാധാരണകളും അതിനു പിന്നിലെ വിശദാംശങ്ങളും കൂടി ഡോ. ഉഷാകിരൺ വിശദമാക്കുന്നു.
പുളിയിൽ അടങ്ങിയ പഞ്ചസാരയുടെ അളവ് ശരീരഭാരം വർദ്ധിപ്പിക്കാൻ കാരണമാകുന്നു!
ഈ മിത്ത് തെറ്റാണെന്നാണ് ഡോക്ടർ പറയുന്നത്. "മിതമായ അളവിൽ കഴിക്കുമ്പോൾ ശരീരഭാരം കൂടാൻ ഇടയാക്കില്ല. വാസ്തവത്തിൽ, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കാം."
വളരെ അസിഡിറ്റി ഉള്ളതിനാൽ അൾസറിന് കാരണമാകും!
"പുളിയിൽ അസിഡിറ്റിയുണ്ടെങ്കിലും അത് അൾസറിന് കാരണമാകില്ല. എന്നിരുന്നാലും, ഒരാൾക്ക് അൾസറോ, ആസിഡ് റിഫ്ലക്സോ ഉണ്ടെങ്കിൽ പുളി മിതമായി മാത്രം കഴിക്കുക."
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us