/indian-express-malayalam/media/media_files/2025/12/12/fiber-2025-12-12-14-18-51.jpg)
Source: Freepik
ആരോഗ്യകരവും ദീർഘായുസുള്ളതുമായ ജീവിതം നേടുന്നതിനായി പലരും വിലകൂടിയ സപ്ലിമെന്റുകൾക്ക് പിന്നാലെ പായുമ്പോൾ, ഏറ്റവും ഫലപ്രദമായ ഒരു രഹസ്യം നമ്മുടെ നിത്യഭക്ഷണത്തിൽ തന്നെയുണ്ട്. അത്ഭുതകരമായ ഫലങ്ങളൊന്നും ഉടൻ വാഗ്‌ദാനം ചെയ്യുന്നില്ലെങ്കിലും, ഹൃദയത്തിന്റെയും കുടലിന്റെയും മെറ്റബോളിസത്തിന്റെയും ആരോഗ്യത്തിന് ഈ പോഷകം വഹിക്കുന്ന പങ്ക് വലുതാണെന്ന് പ്രമുഖ കാർഡിയോതൊറാസിക് സർജനായ ഡോ.ജെറമി ലണ്ടൻ ചൂണ്ടിക്കാണിക്കുന്നു.
ഡോക്ടറുടെ അഭിപ്രായത്തിൽ, പലപ്പോഴും അവഗണിക്കപ്പെടുന്ന ഈ പോഷകം നാരുകൾ ആണ്. പ്രായമായവർ മാത്രം ശ്രദ്ധിക്കേണ്ട ഒന്നാണ് ഫൈബർ എന്നൊരു പൊതുധാരണയുണ്ടെങ്കിലും, ആരോഗ്യകരമായ വാർധക്യത്തിന് ഇത് അത്യന്താപേക്ഷിതമാണ്. നാരുകൾ എങ്ങനെയാണ് നമ്മുടെ ശരീരത്തെ പല തലങ്ങളിൽ സംരക്ഷിക്കുന്നതെന്ന് ഡോ.ലണ്ടൻ വിശദീകരിച്ചിട്ടുണ്ട്.
Also Read: കാൻസർ തടയണോ? ഇന്നു തന്നെ ഈ പഴം കഴിച്ചു തുടങ്ങൂ
1. ഹൃദയത്തിന്റെയും മെറ്റബോളിസത്തിന്റെയും സംരക്ഷണം
ചീത്ത കൊളസ്‌ട്രോളായ എൽഡിഎല്ലിന്റെ അളവ് കുറയ്ക്കുന്നതിനും ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും ഫൈബർ സഹായിക്കുന്നു. ഇത് കാർഡിയോമെറ്റബോളിക് ആരോഗ്യത്തിന് (ഹൃദയത്തിന്റെയും ഉപാപചയത്തിന്റെയും ആരോഗ്യം) സംരക്ഷണം നൽകുന്നു.
2. കുടലിന്റെ പ്രവർത്തനം സുഗമമാക്കുന്നു
ദഹനപ്രക്രിയ ക്രമീകരിക്കുന്നതിൽ നാരുകൾക്ക് മുഖ്യ പങ്കുണ്ട്. ഇത് മലബന്ധം കുറയ്ക്കുന്നതിനും, കോളൻ കാൻസർ എന്നിവയുടെ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.
Also Read: രജനീകാന്തിന് 75 വയസ്; ഈ 5 ഭക്ഷണങ്ങൾ തൊടാറില്ല, സൂപ്പർ സ്റ്റാറിന്റെ ആരോഗ്യ രഹസ്യം
3. കുടൽ ബാക്ടീരിയകൾക്ക് പോഷണം
കുടലിലെ ഗുണകരമായ ബാക്ടീരിയകൾക്ക് ആവശ്യമായ പോഷണം നൽകുന്നത് നാരുകളാണ്. ഈ ബാക്ടീരിയകൾ ഉത്പാദിപ്പിക്കുന്ന ഷോർട്ട്-ചെയിൻ ഫാറ്റി ആസിഡുകൾ ശരീരത്തിലെ വീക്കം കുറയ്ക്കാനും, മെറ്റബോളിക് പ്രവർത്തനം മെച്ചപ്പെടുത്താനും, പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.
4. ഭാരം നിയന്ത്രിക്കാൻ
ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ വയറു നിറഞ്ഞതായി തോന്നിക്കുകയും ദഹനപ്രക്രിയ സാവധാനത്തിലാക്കുകയും ചെയ്യുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ സ്വാഭാവികമായി സഹായിക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ പിന്തുണ നൽകുകയും ചെയ്യുന്നു.
Also Read: രാവിലെ വെറും വയറ്റിൽ പഴങ്ങൾ കഴിക്കാമോ? ശ്രദ്ധിക്കേണ്ടത് എന്ത്?
നാരുകൾ എവിടെ നിന്ന് ലഭിക്കും?
ആരോഗ്യപരമായ ദീർഘായുസിനായി ഭക്ഷണക്രമത്തിൽ നാരുകൾ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഡോക്ടർ ഊന്നിപ്പറഞ്ഞിട്ടുണ്ട്. മിക്ക മുതിർന്ന ആളുകൾക്കും ശുപാർശ ചെയ്യുന്ന അളവിലുള്ള നാരുകൾ ലഭിക്കുന്നില്ല.
- പയർവർഗങ്ങൾ: പരിപ്പുകൾ, കടല, ചെറുപയർ, വൻപയർ തുടങ്ങിയവ നാരുകളുടെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിൽ ഒന്നാണ്.
- മുഴുവൻ ധാന്യങ്ങൾ: ഓട്‌സ്, ക്വിനോവ തുടങ്ങിയവ.
- പഴങ്ങൾ: പിയർ, ആപ്പിൾ, സ്ട്രോബെറി, റാസ്ബെറി, വാഴപ്പഴം, കൂടാതെ ഒരു പഴത്തിൽ ഏകദേശം 10 ഗ്രാം ഫൈബർ അടങ്ങിയ അവക്കാഡോ എന്നിവ.
- പച്ചക്കറികൾ: കാരറ്റ്, ബീറ്റ്റൂട്ട്, ബ്രൊക്കോളി, മധുരക്കിഴങ്ങ്.
- നട്ട്‌സും സീഡ്സും: ബദാം, ചിയ സീഡ്സ് എന്നിവയും മികച്ച അളവിൽ നാരുകൾ നൽകുന്നു.
വിലകൂടിയ സപ്ലിമെന്റുകൾ തേടുന്നതിന് പകരം, ഈ സാധാരണ ഭക്ഷണങ്ങളെ നമ്മുടെ പ്ലേറ്റിൽ ഉൾപ്പെടുത്തി ദീർഘകാല ആരോഗ്യം ഉറപ്പാക്കാം എന്നാണ് ഡോക്ടർ നൽകുന്ന ഉപദേശം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: എത്ര ശ്രമിച്ചിട്ടും ശരീര ഭാരം കുറയുന്നില്ലേ? ഈ 3 അബദ്ധങ്ങൾ തിരിച്ചറിയുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us