ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് വെളളം അത്യാവശ്യമാണ്. നമ്മളിൽ പലരും ആവശ്യത്തിന് വെളളം കുടിക്കാറില്ല. ജോലിത്തിരക്കിനിടയിൽ വെളളം കുടിക്കാൻ മറന്നുപോകുന്നവരുമുണ്ട്. വെളളം കുടിക്കാൻ ചില എളുപ്പ വഴികളുമുണ്ട്.

എരിവുളള ഭക്ഷണം കഴിക്കുക

എരിവുളള ഭക്ഷണം കഴിക്കുന്നത് വെളളം കുടിക്കാൻ സഹായിക്കും. എരിവ് നിറഞ്ഞ ഭക്ഷണം കഴിക്കുമ്പോൾ വെളളം കുടിക്കാൻ പെട്ടെന്ന് തോന്നും. ചിലപ്പോൾ എരിവു മൂലം കുടിക്കുന്ന വെളളത്തിന്റെ അളവ് പോലും നമുക്ക് മനസിലാക്കാൻ കഴിയില്ല. വളരെ പെട്ടെന്നു തന്നെ കൂടുതൽ വെളളം അറിയാതെ കുടിച്ചുപോകും.

വെളളം കുടിക്കുന്ന മത്സരം

water, ie malayalam
ചിലപ്പോൾ രസകരമായ ചില കാര്യങ്ങളിലൂടെയും വെളളം കുടിക്കാനാവും. അതിലൊന്നാണ് വെളളം കുടി മത്സരം. കുടുംബാംഗങ്ങൾക്കൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ ഈ മത്സരം കളിക്കാം. ഗ്ലാസിൽ നിറച്ച വെളളം കുടിക്കുന്നതാണ് മത്സരം. ഏറ്റവും കൂടുതൽ ഗ്ലാസ് വെളളം കുടിക്കുന്നയാൾ മത്സരത്തിൽ വിജയിക്കും. രസകരമായ ഈ മത്സരത്തിലൂടെ വളരെ എളുപ്പത്തിൽ വെളളം കുടിക്കാനാവും.

വെളളം കൂടുതലുളള ഭക്ഷണം കഴിക്കുക

വെളളം കുടിക്കാൻ മറന്നുപോവുകയാണെങ്കിൽ അതിന്റെ അളവ് കൂടുതലുളള ഭക്ഷണം കഴിക്കുക. വെളളം ധാരാളം അടങ്ങിയിരിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്: വെളളരിക്ക, ഇലക്കറികൾ, തണ്ണിമത്തൻ, തക്കാളി, ചീര, നാരങ്ങ, ഓറഞ്ച് തുടങ്ങിയവ. നിങ്ങൾ വേണ്ടത്ര വെള്ളം കുടിക്കുന്നില്ലെങ്കിലും ഈ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വെളളമെത്തും. എന്നിരുന്നാലും നിങ്ങൾക്ക് താൽക്കാലിക ആശ്വാസം മാത്രമേ ഇവ നൽകൂവെന്ന് മനസിലാക്കുക.

നിങ്ങൾക്കിഷ്ടപ്പെട്ട വാട്ടർ ബോട്ടിൽ തിരഞ്ഞെടുക്കുക

ചിലപ്പോൾ ഒരു വാട്ടർ ബോട്ടിൽ നിങ്ങളെ വെളളം കുടിക്കാൻ സഹായിക്കും. നിങ്ങൾക്ക് ഇഷ്ടപ്പെട്ട വാട്ടർ ബോട്ടിലിൽ വെളളം നിറച്ച് അടുത്തുവയ്ക്കുക. ബോട്ടിലിനോടുളള ഇഷ്ടം മൂലം അറിയാതെ നിങ്ങൾ വെളളം കുടിച്ചുപോകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook