കൊറോണ വൈറസ് ലോകമാകെ പടർന്നു പിടിച്ച സാഹചര്യത്തിൽ നിരവധി വ്യാജ വാർത്തകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ചെറുപ്പക്കാരിൽ കൊറോണ വൈറസിനെ പ്രതിരോധിക്കാനുളള ശേഷിയുണ്ടെന്നായിരുന്നു ചില പ്രചാരണം. പക്ഷേ ലോകാരോഗ്യ സംഘടന ഈ വിശ്വാസത്തെ തകർത്തിരിക്കുകയാണ്. സമൂഹവുമായി ഇടപഴകുന്നത് അടിയന്തരമായി നിർത്തിയില്ലെങ്കിൽ നിങ്ങളുടെ മാത്രമല്ല, കുടുംബത്തിലെ പ്രായമുളള ആൾക്കാരുടെ ആരോഗ്യത്തെയും നിങ്ങൾ അപകടത്തിലാക്കുകയാണെന്ന മുന്നറിയിപ്പും ഒപ്പം നൽകിയിട്ടുണ്ട്.

ലോകത്ത് കൊറോണ ചികിത്സയിൽ കഴിയുന്ന ഭൂരിഭാഗവും 50 വയസിൽ താഴെയുളളവരാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. നിലവിലെ സാഹചര്യത്തിന്റെ ഗൗരവത്തെക്കുറിച്ച് പലരും ഇപ്പോഴും മനസിലാക്കിയിട്ടില്ലെന്നും പറയുന്നു.

ചെറുപ്പക്കാർ അജയ്യരല്ല, നിങ്ങൾക്ക് രോഗബാധ ഇല്ലെങ്കിലും നിങ്ങൾ പോകുന്ന ഇടം മറ്റൊരാളുടെ ജീവൻ അപകടത്തിലാക്കിയേക്കാമെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ റ്റെഡ്റോസ് അഡ്ഹനോം ഗീബ്രയൂസസ് പറയുന്നു. പ്രായമായവർക്കും ആരോഗ്യപരമായ പ്രശ്നങ്ങളുളളവർക്കും അപകടസാധ്യത കൂടുതലാണെങ്കിലും, ചെറുപ്പക്കാർക്ക് അണുബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

ചികിത്സ തേടിയെത്തുന്ന ചെറുപ്പക്കാരായ രോഗികളുടെ എണ്ണം വർധിക്കുന്നതായി ഇറ്റലിയിലെ ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Read Also: നാരങ്ങയോ മാങ്ങയോ കഴിച്ചതുകൊണ്ട് കൊറോണ വൈറസിനെ തടയാനാവില്ലെന്ന് ലോകാരോഗ്യ സംഘടന

അതേസമയം, മാരകമായ വൈറസ് ഉയർത്തുന്ന ഭീഷണി യുവാക്കൾ തള്ളിക്കളയുന്നതിൽ ആശങ്കയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുതിർന്ന ഉപദേഷ്ടാവ് ബ്രൂസ് ഐൽ‌വാർഡ് പറഞ്ഞു. ”ഇപ്പോൾ എന്നെ ഭയപ്പെടുത്തുന്ന ഒരു കാര്യം, ഇത് പടിഞ്ഞാറ് വ്യാപിച്ചതിനാൽ, ആയിരക്കണക്കിന് പേരിലേക്ക് പകരാൻ സാധ്യതയുണ്ട്. ആരോഗ്യമുള്ള ചില ചെറുപ്പക്കാർ കഠിനമായ രോഗത്തിലേക്ക് നീങ്ങുകയും മരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല” അദ്ദേഹം പറഞ്ഞതായി ടൈംസ് മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു.

മാരക വൈറസ് ചെറുപ്പക്കാരെ ആഴ്ചകളോളം ആശുപത്രിയിൽ കിടത്താനും ചിലപ്പോൾ മരണത്തിലേക്കും കൊണ്ടുപോകുമെന്ന് ഗീബ്രയൂസസ് മുന്നറിയിപ്പ് നൽകി. ”നിരവധി ചെറുപ്പക്കാർ ഇതിനെക്കുറിച്ച് പ്രചരിപ്പിച്ചതിന് ഞാൻ നന്ദിയുള്ളവനാണ്. ഐക്യദാർഢ്യമാണ് കോവിഡ്-19 നെ പരാജയപ്പെടുത്തുന്നതിനുള്ള താക്കോൽ – രാജ്യങ്ങൾ തമ്മിലുള്ള ഐക്യദാർഢ്യം, മാത്രമല്ല വിവിധ പ്രായക്കാർക്കിടയിലും ഇത് വേണം” അദ്ദേഹം പറഞ്ഞു.

Read in English: There is no COVID-immunity for young people, says WHO

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook