/indian-express-malayalam/media/media_files/uploads/2023/09/Nipah-Virus-4.jpg)
ഭയം വേണ്ട. ജാഗ്രത മതി; നിപയെ പ്രതിരോധിക്കാം
ഒരിടവേളയ്ക്ക് ശേഷം കോഴിക്കോട് ജില്ലയെ വീണ്ടും ആശങ്കയിലാക്കുകയാണ് നിപ ഭീഷണി. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് നിപ വൈറസ് ബാധയാണോ എന്ന സംശയത്തിലേക്ക് ആരോഗ്യ വകുപ്പ് എത്തിയത്. പൂനെ വൈറോളജി ലാബിലെ പരിശോധനയ്ക്ക് ശേഷം മരണകാരണം നിപയാണെന്ന് ഉറപ്പിച്ചിരിക്കുകയാണിപ്പോൾ.
എന്താണ് നിപ വൈറസ്?
ഹെനിപാ വൈറസ് ജനുസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഫാമിലിയിൽ പെടുന്ന വൈറസാണ്. പൊതുവേ മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. എന്നാൽ വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്കും പടരും. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്കും രോഗം പകരാനുള്ള സാധ്യതയേറെയാണ്. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.
നിപ വന്ന വഴി
രണ്ട് പതിറ്റാണ്ട് മുൻപ് മലേഷ്യയിലാണ് ഈ രോഗം കണ്ടെത്തിയത്. മലേഷ്യ കടുത്ത വരൾച്ചയെ നേരിട്ട 1997ൽ മൃഗങ്ങളും പക്ഷികളും വെളളം തേടി നാടുകളിലേക്ക് ചെക്കേറി. തൊട്ടു പിന്നാലെ മലേഷ്യയിലെ പന്നി ഫാമുകളെ അജ്ഞാതമായ രോഗം പിടികൂടുകയും പന്നികൾ കൂട്ടമായി ചത്തൊടുങ്ങുകയും ചെയ്തു. പിന്നാലെ മനുഷ്യരെയും ഈ രോഗം പിടികൂടി. നൂറിലേറെ പേർ രോഗം ബാധിച്ച് മരിച്ചു. നൂറോളം പേർ രോഗബാധിതരായി ചികിത്സയിലായി. ജപ്പാൻജ്വരം ആണെന്ന നിഗമനത്തിലായിരുന്നു ആദ്യഘട്ടത്തിൽ ചികിത്സ. എന്നാൽ ജപ്പാൻജ്വരത്തിനുളള പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരും രോഗികളായതോടെയാണ് വില്ലൻ മറ്റാരോ ആണെന്ന സംശയം ഉടലെടുത്തത്. തുടർന്നു നടന്ന ഗവേഷണങ്ങളിൽ, രോഗം ബാധിച്ച ഒരാളുടെ തലച്ചോറിലെ നീരിൽ നിന്ന് വൈറസിനെ വേർതിരിച്ചപ്പോഴാണ് പുതിയ രോഗത്തിന്റെ സാന്നിദ്ധ്യം ലോകരാഷ്ട്രങ്ങൾ തിരിച്ചറിഞ്ഞത്.
മലേഷ്യയിലെ കാംപുങ് ബാറു സുംഗായ് നിപാ എന്ന സ്ഥലത്ത് നിന്നാണ് വൈറസിനെ കണ്ടെത്തിയത്. ഇതാണ് നിപ വൈറസ് എന്ന് പേര് വരാൻ കാരണം. ഇതൊരു ആർഎൻഎ വൈറസാണ്.
നിപ്പ വൈറസിനെ പ്രതിരോധിക്കാൻ ആ സമയത്ത് മറ്റ് പ്രതിവിധികളൊന്നും ഇല്ലായിരുന്നു. അതിനാൽ പന്നിഫാമുകളിലെ എല്ലാ പന്നികളെയും കൂട്ടത്തോടെ കൊന്നൊടുക്കയായിരുന്നു. ഇതോടു കൂടി മലേഷ്യയിലെ പന്നി വ്യാപാര മേഖല ഏതാണ്ട് പൂർണ്ണമായും തകരുകയും ചെയ്തു.
നിപ വൈറസിന്റെ രണ്ടാം വരവ്
നിപ വൈറസിന്റെ ആക്രമണം പിന്നീട് ഏറ്റവും കൂടുതൽ തവണ ഉണ്ടായത് ബംഗ്ലാദേശിലാണ്. തുടർച്ചയായി എട്ട് വർഷങ്ങളിൽ ഇവിടെ നിപ വൈറസിന്റെ ആക്രമണം ഉണ്ടായി. 2001ന് ശേഷം മാത്രം ബംഗ്ലാദേശിൽ 150 ലേറെ പേരാണ് നിപ ബാധിച്ച് മരിച്ചത്. രോഗം റിപ്പോർട്ട് ചെയ്ത കേസുകളിൽ പലപ്പോഴും മരണസംഖ്യ 50 ശതമാനത്തിന് മുകളിലേക്ക് പോവുകയും ചെയ്തു.
/indian-express-malayalam/media/media_files/uploads/2018/05/nipah-3.jpg)
Nipah Virus Symptoms: നിപ രോഗലക്ഷണങ്ങൾ
നിപ വൈറസ് ശരീരത്തിൽ കടന്നാൽ പെട്ടെന്നൊന്നും ലക്ഷണങ്ങൾ കാണില്ല. അഞ്ച് ദിവസം മുതൽ രണ്ടാഴ്ച വരെ സമയമെടുത്തേ ശരീരം രോഗലക്ഷണങ്ങൾ കാണിക്കൂ. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവും ഉണ്ടാകും. ചിലർ ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാറുണ്ട്.
ശരീരത്തിലെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം താറുമാറാക്കുന്ന വൈറസാണിത്. അതിനാൽ തന്നെ രോഗലക്ഷണങ്ങൾ ആരംഭിച്ച് രണ്ടു ദിവസത്തിനകം തന്നെ രോഗി കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ കാര്യമായ ഫലം ചെയ്യില്ല, പ്രതിരോധമാണ് പ്രധാനം.
നിപ വൈറസിനെ പ്രതിരോധിക്കേണ്ടതെങ്ങനെ?
ഇതുവരെ കണ്ടെത്തിയതിൽ വവ്വാലുകളാണ് നിപ്പ വൈറസിന്റെ പ്രധാന വാഹകർ. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെ രോഗം പകരാം. പക്ഷികളിൽ നിന്ന് മൃഗങ്ങളിലേക്കും മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരുന്ന അസുഖമാണ് നിപ വൈറസ്.
അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാൻ വലിയ സാധ്യതയുണ്ട്. അതിനാൽ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യശരീരത്തിൽ ഉള്ളിലെത്തിയാൽ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക.
/indian-express-malayalam/media/media_files/uploads/2018/05/nipah-4.jpg)
- വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ നിന്നും തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.
- വവ്വാലുകൾ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ്ഫലങ്ങൾ ഒഴിവാക്കുക. രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.
- പനി ബാധിതരുമായി സമ്പർക്കം ഉണ്ടായ ശേഷം കൈകൾ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വൃത്തിയായി കഴുകുക.
- രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.
- രോഗിയുമായി ഇടപഴകുന്ന അവസരങ്ങളിൽ എൻ 95 മാസ്ക്, കൈയുറ (ഗ്ലൗസ് ), ഗൗൺ എന്നിവയൊക്കെ നിർബന്ധമായും ഉപയോഗിക്കുക.
- ആരെങ്കിലും പനി ബാധിച്ച് കിടപ്പിലാണെന്നറിഞ്ഞാൽ സന്ദർശിക്കുന്നത് ഒഴിവാക്കുക.
- രോഗബാധിതരുടെയും, രോഗം ബാധിച്ച് മരിച്ചവരുടെയും മുഖത്തു ചുംബിക്കുക, കവിളിൽ തൊടുക എന്നിങ്ങനെയുള്ള സ്നേഹപ്രകടനങ്ങൾ ഒഴിവാക്കുക. ശവസംസ്‌കാര ചടങ്ങുകൾക്കായി മൃതദേഹത്തെ കുളിപ്പിക്കുകയോ മറ്റോ ചെയ്‌താൽ ഇത് ചെയ്യുന്നവർ ദേഹരക്ഷ ഉപയോഗിക്കുക.
- നിപ്പ രോഗം ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും, ശാരീരികസ്രവങ്ങളുമായും സമ്പർക്കം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.
- നിപ്പ രോഗം ബാധിച്ച് മരിച്ചവരുടെ മരണാനന്തര ചടങ്ങുകളിലെയും സന്ദർശനം പരമാവധി ഒഴിവാക്കുക.
- നിപ്പ വൈറസ് ബാധയേറ്റ് മരിച്ച വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, പാത്രങ്ങൾ തുടങ്ങിയവ സോപ്പോ അലക്കുപൊടിയോ ഉപയോഗിച്ചു കഴുകണം. കിടക്ക, തലയിണ എന്നിവ ഏറെ നാൾ സൂര്യപ്രകാശത്തിൽ ഉണക്കിയെടുത്ത ശേഷമേ ഉപയോഗിക്കാവൂ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us