ജോലിതിരക്കും ഓഫീസിലേക്കുള്ള യാത്രയുമൊക്കെയായി പലപ്പോഴും പകൽ വ്യായാമം ചെയ്യാനും നടക്കാൻ പോവാനുമൊക്കെ സാധിക്കാത്ത നിരവധിയേറെ പേരുണ്ട് നമുക്ക് ചുറ്റും. ആരോഗ്യവും ഫിറ്റ്നസ്സും നിലനിർത്താൻ കുറുക്കുവഴികൾ ഒന്നുമില്ലെന്നതിനാൽ, പലരുടെയും വ്യായാമം ഓഫീസിൽ നിന്നും വന്നു കഴിഞ്ഞ് വൈകുന്നേരങ്ങളിലോ രാത്രികാലങ്ങളിലോ ആണ്. രാത്രി ഓടാൻ പോകുന്നവരും കുറവല്ല. രാത്രിയോട്ടം നല്ലതാണോ? എന്തൊക്കെയാണ് രാത്രിയോട്ടത്തിന്റെ ഗുണങ്ങളും ദോഷങ്ങളും എന്നു നോക്കാം.

ഗുണങ്ങൾ

പകൽ സമയത്തോ രാവിലെയോ ഉള്ള ഓട്ടത്തെ സംബന്ധിച്ച് കൂടുതൽ സമയം മാറ്റിവയ്ക്കാം എന്നതാണ് രാത്രിയോട്ടത്തിന്റെ ഒരു പ്രധാന ഗുണം. ഒരു ദിവസം അവസാനിക്കുന്നതിനാൽ വ്യായാമത്തിനു ശേഷം സുഖമായി കുളിച്ച് ഉറങ്ങുക മാത്രമേ വേണ്ടൂ എന്ന സൗകര്യവുമുണ്ട്.

രാത്രിയോട്ടം പതിവാകുമ്പോൾ വലിയ ടെൻഷനില്ലാതെ പകൽ ഭക്ഷണം കഴിക്കുകയും ആവാം. പകൽ കഴിച്ച ഭക്ഷണമെല്ലാം ശരിയായ രീതിയിൽ ആഗിരണം ചെയ്യപ്പെടാനും അനാവശ്യമായി ശരീരത്തിൽ അടിയുന്ന കൊഴുപ്പ് എരിയിച്ചുകളയാനും രാത്രിയോട്ടം സഹായകരമാണ്. രാവിലെ വെറും വയറ്റിൽ ഓടുന്നത് വലിയ വെല്ലുവിളി നിറഞ്ഞ കാര്യമാണ് പലരെയും സംബന്ധിച്ച്.

ഒരു ദിവസത്തിന്റെ മുഴുവൻ സമ്മർദ്ദം ഇല്ലാതാക്കാനും രാത്രികാലങ്ങളിലെ ഈ വ്യായാമവേളകൾ സഹായിക്കും. വിയർക്കുംതോറും നിങ്ങളുടെ സമ്മർദ്ദവും ഇല്ലാതായി പോവുമെന്ന് വേണമെങ്കിൽ ആലങ്കാരികമായി പറയാം. മാനസിക പിരിമുറുക്കമെല്ലാം ഇല്ലാതാക്കി ഊർജ്ജസ്വലതയോടെ ഒരു പുതിയ ദിവസം തുടങ്ങാൻ അത് നിങ്ങളുടെ മനസ്സിനെ പ്രാപ്തമാക്കും. ഇത് പേശികളുടെ പിരിമുറുക്കം ലഘൂകരിക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. തൽഫലമായി രാത്രി നല്ല രീതിയിൽ ഉറക്കവും ലഭിക്കും.

പോരായ്മകൾ

പകൽസമയത്തെ അപേക്ഷിച്ച് കാഴ്ചയ്ക്കും വിസിബിലിറ്റിയ്ക്കും കുറവുണ്ടാകും എന്നതാണ് രാത്രികാലയോട്ടത്തിന്റെ ഒരു പോരായ്മയായി പറയാവുന്നത്. വേണ്ടത്ര വെളിച്ചമില്ലാത്ത വഴികളും മറ്റും പലപ്പോഴും വീണ് അപകടങ്ങളും പരിക്കുകളും പറ്റാൻ കാരണമാകാറുണ്ട്. സുരക്ഷ ഉറപ്പാക്കുക എന്നതാണ് പ്രധാനം, രാത്രിയോട്ടത്തിന് ഒപ്പം ഒരു സുഹൃത്തോ പങ്കാളിയോ ഉണ്ടെങ്കിൽ ഒരു പരിധിവരെ ഇക്കാര്യങ്ങളിൽ സുരക്ഷ ഉറപ്പുവരുത്താനാവും. ഓടാൻ തെരുവുകളാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ റോഡ് നിയമങ്ങൾ നിർബന്ധമായും പാലിക്കണം, പ്രത്യേകിച്ചും റോഡ് മുറിച്ചുകടക്കുമ്പോഴും മറ്റും.

Read more: കെട്ടിപ്പിടിക്കൂ, മനസ് ശാന്തമാകും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook