ജീവിതത്തിന്റെ മൂന്നിലൊന്നു ഭാഗവും നാം ഉറങ്ങുകയാണ്. ഉറക്കത്തിന്റെ നാലിൽ ഒരു ഭാഗം സ്വപ്നങ്ങൾക്കായി ചെലവഴിക്കുന്നു. അതായത് 2022ൽ ജീവിക്കുന്ന ഒരു മനുഷ്യന്റെ ശരാശരി ആയുർദൈർഘ്യമായ 73 വർഷത്തിൽ 6 വർഷം മാത്രമാണ് നമ്മൾ സ്വപ്നം കാണാൻ ഉപയോഗിക്കുന്നത്. എന്നാൽ ഒരു മനുഷ്യന്റെ ജീവിതത്തിൽ സുപ്രധാന പങ്കു നിർവഹിക്കുന്ന സ്വപ്നങ്ങളെക്കുറിച്ചും അവ എങ്ങനെ തലച്ചോറിൽ രൂപപ്പെടുന്നെന്നും തലച്ചോറിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് സ്വപ്നങ്ങൾക്കുള്ള പങ്കിനെക്കുറിച്ചും വളരെ പരിമിതമായ അറിവ് മാത്രമേ നമുക്കുള്ളൂ.
തലച്ചോറിന്റെ ആരോഗ്യസ്ഥിതി മനസിലാക്കാൻ സ്വപ്നങ്ങളിലൂടെ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. അതായത്, സ്ഥിരമായി ഒരു വ്യക്തി അയാളുടെ മധ്യപ്രായത്തിലോ വാർദ്ധക്യത്തിലോ ഭയപ്പെടുത്തുന്ന, ഉറക്കം കെടുത്തുന്ന സ്വപ്‌നങ്ങൾ കാണുന്നത് മറവിരോഗങ്ങളിലേക്കുള്ള സാധ്യത കൂട്ടും. ആരോഗ്യവും വാർദ്ധക്യവും ബന്ധപ്പെടുത്തി അമേരിക്കയിൽ, 35 – 40 വയസിനിടയിൽ പ്രായമുള്ള 600 പേരിലും 79 വയസിനു മുകളിലുള്ള 2,600 പേരിലും നടത്തിയ മൂന്നു പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. പങ്കെടുത്ത എല്ലാവരും പഠനത്തിന്റെ തുടക്കത്തിൽ മറവിസംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കാത്തവരായിരുന്നു. മധ്യവയസ്‌കരിൽ ഒൻപത് വർഷവും വയോധികരിൽ 5 വർഷവും പഠനം പുരോഗമിച്ചു. പഠനത്തിന്റെ തുടക്കത്തിൽ അവർ കാണുന്ന ദുഃസ്വപ്നങ്ങളുടെ കണക്ക് രേഖപെടുത്തി. കൂടുതൽ തീവ്രതയിൽ ദുഃസ്വപ്നം കാണുന്നവർക്കു ക്രമേണ ഓർമക്കുറവ് അനുഭവപ്പെടാൻ തുടങ്ങുകയും അവർ മറവിരോഗത്തിന് ചികിത്സ എടുക്കുന്നതായും കണ്ടെത്തി.
ദുഃസ്വപ്നവും ഭാവിയിൽ ഉണ്ടായേക്കാവുന്ന മറവിയും തമ്മിലുള്ള ബന്ധം സ്ത്രീകളെക്കാൾ പുരുഷന്മാരിലാണ് കൂടുതലെന്ന് പഠനം തെളിയിക്കുന്നു. സ്ഥിരമായി ദുഃസ്വപ്നം കാണുന്നത് മറവിരോഗത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണെന്ന കണ്ടെത്തലുകളും പഠനം പറയുന്നു. എന്നാൽ ദുഃസ്വപ്നം സ്ഥിരമായി കാണുന്നതിന് പരിഹാരമായി ചികിത്സ ലഭ്യമാണ്. ചികിത്സ ഫലപ്രദമായ മാറ്റങ്ങൾ ഉണ്ടാക്കിയതിന്റെ റിപ്പോർട്ടുകളും വന്നിട്ടുണ്ട്. സ്ഥിരമായുള്ള ദുഃസ്വപ്നങ്ങളെ നിയന്ത്രിക്കുന്നതിനായി ചികിത്സ സ്വീകരിക്കുന്നത് മറവിരോഗ സാധ്യത കുറക്കാൻ സഹായിക്കുന്നു. ഇത്തരം കണ്ടെത്തലുകളെല്ലാം ഭാവിയിലേക്കുള്ള ഗവേഷണങ്ങൾക്കു സഹായകമാവുന്നതാണ്.