മുട്ട കഴിക്കുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കുമോ?. ഈ ചോദ്യത്തിനുള്ള ഉത്തരം നൽകുകയാണ് പുതിയൊരു പഠനം. കൂടുതൽ മുട്ട കഴിക്കുന്നത് ഹൃദയത്തിന് നല്ലതാണെന്ന് ന്യൂട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ കണ്ടെത്തി. 2,300-ലധികം മുതിർന്നവരിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് ബോസ്റ്റൺ സർവ്വകലാശാലയിലെ ഗവേഷകർ പഠനം നടത്തിയത്.
ആഴ്ചയിൽ അഞ്ചോ അതിലധികമോ മുട്ടകൾ കഴിക്കുന്നത് കുറഞ്ഞ രക്തസമ്മർദം, രക്തത്തിലെ പഞ്ചസാരയുടെ കുറവ്, ടൈപ്പ് 2 പ്രമേഹ സാധ്യത എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ മനസിലാക്കി. മുട്ട കഴിക്കുന്നത് യഥാർത്ഥത്തിൽ ഹൃദയാരോഗ്യം വർധിപ്പിക്കുമെന്നാണ് അവർ നിർദേശിക്കുന്നത്.
ഹൃദയാരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി പ്രതിദിനം ഒരു മുട്ട മുഴുവനായോ രണ്ട് മുട്ടയുടെ വെള്ളയോ കഴിക്കാമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിർദേശിക്കുന്നു. മുട്ട പ്രോട്ടീനിന്റെയും മറ്റ് പോഷകങ്ങളുടെയും സമ്പന്നമായ ഉറവിടമാണെങ്കിലും, കൊളസ്‌ട്രോളിന്റെ അളവ് ഉയർത്തും. ഇത് ഹൃദയത്തിന് നല്ലതല്ല.
ഒരു മുട്ട, ഏകദേശം ആറ് ഗ്രാം പ്രോട്ടീൻ നൽകുന്നുവെന്ന് ന്യൂഡൽഹിയിലെ ഫോർട്ടിസ് എസ്കോർട്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ.അപർണ ജസ്‌വാൾ പറഞ്ഞു. ഒരു സാധാരണ ആരോഗ്യമുള്ള മുതിർന്ന വ്യക്തിക്ക് ഓരോ കിലോഗ്രാം ഭാരത്തിനും പ്രതിദിനം 0.8 മുതൽ 1 ഗ്രാം വരെ പ്രോട്ടീൻ ആവശ്യമാണ്. ”ഇതിനർത്ഥം, നിങ്ങളുടെ ഭാരം 60 കിലോ ആണെങ്കിൽ, നിങ്ങൾക്ക് 40-60 ഗ്രാം പ്രോട്ടീൻ ആവശ്യമാണ്. കൂടാതെ, മുട്ടയുടെ വെള്ള കൂടുതലായി കഴിക്കുന്നവർക്ക് ആഴ്ചയിൽ 2-3 മഞ്ഞക്കരു കഴിക്കാം,” ഡോ.ജസ്‌വാൾ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു.
മുട്ടയിലേത് പോലെയുള്ള ഭക്ഷണ പ്രോട്ടീനുകൾക്ക് സ്വാഭാവിക രക്തസമ്മർദ്ദം കുറയ്ക്കുന്ന ഗുണങ്ങളുണ്ടെന്ന് അറിയപ്പെടുന്നു. അവ പ്രകൃതിദത്തമായ എസിഇ ഇൻഹിബിറ്ററുകളായി പ്രവർത്തിക്കുന്നുവെന്ന് ശാരദ ഹോസ്പിറ്റൽ എംഡി (ഇന്റേണൽ മെഡിസിൻ) ഡോ.ശ്രേയ് ശ്രീവാസ്തവ് പറഞ്ഞു.
എസിഇ (ആൻജിയോടെൻസിൻ-കൺവേർട്ടിംഗ് എൻസൈം) ഇൻഹിബിറ്ററുകൾ രക്തക്കുഴലുകളെ റിലാക്സ് ചെയ്ത് രക്തയോട്ടം മെച്ചപ്പെടുത്തി രക്തസമ്മർദ്ദം കുറയ്ക്കുന്ന സംയുക്തങ്ങളാണ്. പ്രോട്ടീൻ ദഹനത്തെ മന്ദീഭവിപ്പിക്കുക മാത്രമല്ല, ഗ്ലൂക്കോസ് ആഗിരണത്തെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ ഇത് വളരെ സഹായകരമാണ്. പ്രതിദിനം ഒരു വലിയ മുട്ട കഴിക്കുന്നത് ഫാസ്റ്റിങ് ബ്ലഡ് ഷുഗർ 4.4 ശതമാനം കുറയ്ക്കുന്നതിന് കാരണമാകുമെന്ന് ഡോ.ശ്രീവാസ്തവ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു.
മുട്ട നല്ല കൊളസ്‌ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുകയും ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ തടയുന്നതിന് ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നുവെന്ന് ഭാട്ടിയ ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ സക്കീന ദിവാൻ പറഞ്ഞു. മുട്ട പൊരിച്ചെടുക്കുന്നതിനുപകരം പുഴുങ്ങി കഴിക്കാൻ വിജഗ്ധർ നിർദേശിച്ചു.