scorecardresearch
Latest News

ബ്രോങ്കൈറ്റിസിന് കാരണമാകുന്ന പുതിയ ഫ്ലൂ വൈറസ് : പ്രതിരോധമെങ്ങനെ?

രോഗികളിൽ പലർക്കും രണ്ടാഴ്ചക്കുള്ളിൽ തുടർച്ചയായി വൈറൽ അണുബാധ അനുഭവപ്പെടുന്നു. ബാക്ക് ടു ബാക്ക് ഫ്ലൂവിനർഥം ഒന്നിൽ കൂടുതൽ വൈറസുകൾ ഉണ്ടെന്നും നിങ്ങൾ അവയ്ക്ക് ഇരയാകാമെന്നതാണെന്നും ഡൽഹി മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ഡയറക്ടർ ഡോ.റൊമ്മൽ ടിക്കോ

Dr Rommel Tickoo column, health and wellness, bronchitis, fever, cough

ഞങ്ങളുടെ ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ, വൈറൽ പനി ബാധിച്ച ഒരുപാട് രോഗികളുള്ള ഒരു അസാധാരണ മാസമാണിത്. കാലാനുസൃതമായ പരിവർത്തനങ്ങൾ എല്ലായ്പ്പോഴും വൈറൽ അണുബാധകളുമായി ബന്ധപ്പെട്ടിരിക്കുന്നെങ്കിലും ഈ വർഷം ഇത് മുൻപത്തേക്കാൾ കൂടുതലാണ്. താപനിലയിലെ ഏറ്റക്കുറച്ചിലുകൾ, അസാധാരണമായ ചൂട്, മലിനീകരണം എന്നിവ കാരണം അന്തരീക്ഷത്തിലെ അലർജികളുടെ എണ്ണം വർധിപ്പിക്കുകയും വൈറസുകളെ സജീവമാക്കുകയും ചെയ്യുന്നു.

താപത്തിന്റെയും മലിനീകരണത്തിന്റെയും ഈ ബാന്ധവം രാജ്യത്തെ എല്ലാ നഗരങ്ങളിലും വ്യാപകമാണ്. അവ സമാന രീതിയിലുള്ള അണുബാധ റിപ്പോർട്ട് ചെയ്യുന്നു. എച്ച് 3 എൻ 2 ഇൻഫ്ലുവൻസ വൈറസ് ചുറ്റുമുള്ളതായും പറയപ്പെടുന്നു. പനിക്കും അണുബാധയ്ക്കും കാരണമാകുന്ന മറ്റു വൈറസുകളും ഉണ്ടാകാം. എനിക്ക് പറയാൻ കഴിയുന്നത് അത് അത്യുഗ്രമായ വൈറസ് ആണെന്നതാണ്. ഒരു കുടുംബത്തിൽ ഒരാൾക്ക് ബാധിച്ചാൽ, മറ്റുള്ളവർക്കും എളുപ്പത്തിൽ പകരും.

എന്താണ് ലക്ഷണങ്ങൾ?

ജലദോഷം, ചുമ, കടുത്ത പനി, ശരീരവേദന, തലവേദന, തുമ്മൽ, മൂക്കടപ്പ്, തൊണ്ട വേദന, കണ്ണിൽ വെള്ളം നിറയുക, മൂക്കിൽ നിന്ന് തൊണ്ടയിലേക്ക് കഫം ഒഴുകൽ എന്നിവയാണ് എല്ലാ ഫ്ലൂ വൈറസുകളുടെയും ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ. മൂന്നാമത്തെയോ നാലാമത്തെയോ ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ മാറിയേക്കാം, എന്നാൽ ഇത്തവണ കഠിനമായ ചുമ സ്ഥിരമാകുന്നു. സുഖം പ്രാപിച്ചതിനുശേഷവും ചുമ രണ്ടോ നാലോ ആഴ്ച വരെ നീണ്ടുനിൽക്കും. അകാരണമായ തലവേദന പോലും ചില രോഗികളെ അലട്ടാറുണ്ട്. എന്റെ രോഗികളിൽ 30 മുതൽ 40 ശതമാനം വരെ അവരുടെ കഠിനമായ ചുമയിൽനിന്നു ആശ്വാസം തേടി ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ മടങ്ങിയെത്തുന്നു.

മിക്കവാറും എല്ലാവരിലും ബ്രോങ്കൈറ്റിസ് റിപ്പോർട്ട് ചെയ്യുന്നു, നിങ്ങളുടെ ശ്വാസകോശത്തിനുള്ളിലേക്കും പുറത്തേക്കും വായു കൊണ്ടുപോകുന്ന ബ്രോങ്കിയൽ ട്യൂബുകളുടെ പാളിയിലെ വീക്കമാണ് ബ്രോങ്കൈറ്റിസ്. അതിനാൽ, ശ്വാസംമുട്ടലും ശ്വാസതടസ്സവും വളരെ കൂടുതലാണ്.

വൈറസ് മുകളിലെ ശ്വാസനാളത്തിൽ മാത്രം ഒതുങ്ങുന്നുവെന്നല്ല ഇതിനർത്ഥം. മറിച്ച് ന്യുമോണിയയിലേക്ക് പുരോഗമിക്കുന്നില്ലെങ്കിലും ഇത് ശ്വാസകോശത്തിലേക്ക് ആഴത്തിൽ ഇറങ്ങുന്നു. അതിനാൽ, ഓക്സിജൻ സാച്ചുറേഷൻ ലെവലിലെ കുറവോ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട അവസ്ഥയോ പോലുള്ള സങ്കീർണതകൾ ഒന്നുമില്ലെങ്കിലും, രോഗികൾക്ക് ഇൻഹേലറുകൾ, നെബുലൈസറുകൾ, അപകടസാധ്യതയുള്ള കൂടിയ സാഹചര്യങ്ങളിൽ ഓറൽ സ്റ്റിറോയിഡുകൾ പോലുള്ളവ ആവശ്യമാണ്.

ഭൂരിഭാഗം രോഗികളിലും രോഗം മാറിയശേഷം വീണ്ടും വരുന്നു, എന്തുകൊണ്ട്?

എന്റെ രോഗികളിൽ പലർക്കും രോഗം ഭേദമായി രണ്ടാഴ്ചക്കുള്ളിൽ വീണ്ടും വൈറൽ അണുബാധ അനുഭവപ്പെടുന്നു. കാരണം, നിങ്ങളെ ബാധിച്ച ഒരുതരം വൈറസിനെതിരെ നിങ്ങളുടെ ശരീരത്തിൽ ആന്റിബോഡികൾ ഉണ്ടെങ്കിലും, അത് വൈറസിന്റെ മറ്റു സ്‌ട്രെയിനിനെ പ്രതിരോധിക്കുന്നില്ല. ബാക്ക് ടു ബാക്ക് ഫ്ലൂ എന്നതിനർത്ഥം ഒന്നിൽ കൂടുതൽ വൈറസുകൾ ചുറ്റുമുണ്ടെന്നാണ്, നിങ്ങൾ അവയ്ക്ക് ഇരയായേക്കാം.

നമ്മുടെ കുറഞ്ഞ പ്രതിരോധശേഷിയ്ക്ക് കാരണം കോവിഡാണോ?

നമ്മുടെ രോഗപ്രതിരോധശേഷി ക്രമരഹിതമായതിനു കാരണം കോവിഡ്-19 ആണെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും അത് ഇപ്പോൾ അനുമാനം മാത്രമാണ്. ഇത് തെളിയിക്കാൻ ശാസ്ത്രീയമായ പഠനങ്ങളൊന്നുമില്ല. എന്നാൽ ശരീരം രണ്ടു വർഷത്തെ മാസ്ക് അച്ചടക്കത്തിനു ശീലിച്ചതോടെ, കോവിഡ് മാത്രമല്ല നിരവധി സൂക്ഷ്മാണുക്കളെയും മലിനീകരണങ്ങളെയും അവ ഫിൽട്ടർ ചെയ്തു. ഇപ്പോൾ എല്ലാവരും മാസ്ക് ഉപേക്ഷിച്ചതോടെ മലിനമായ അന്തരീക്ഷത്തിലേക്കും നമുക്ക് ചുറ്റുമുള്ളവരിലേക്കുമായും പെട്ടെന്ന് സമ്പർക്കം ഉണ്ടാകുന്നു. നമ്മുടെ സ്വാഭാവിക പ്രതിരോധശേഷി പുനഃക്രമീകരിക്കാൻ വേണ്ടത്ര സമയം ലഭിച്ചിട്ടുണ്ടാവില്ല.

ഏത് പ്രായത്തിലുള്ളവർക്കാണ് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളത്?

സ്‌കൂളിൽ പോയുള്ള പഠനം പുനരാരംഭിക്കുകയും സാമൂഹിക ഇടപെടലുകൾ വർധിക്കുകയും ചെയ്തതോടെ, കുട്ടികൾക്കുള്ള രോഗസാധ്യത വർധിക്കുന്നു. ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ് (സി‌ഒ‌പി‌ഡി), പ്രമേഹം, ആസ്ത്മ, ഹൃദ്രോഗം തുടങ്ങി ഒരേ സമയം രണ്ടു അസുഖങ്ങൾ ഉള്ള 60 വയസ്സിന് മുകളിലുള്ളവരാണ് രോഗം ബാധിക്കാൻ സാധ്യതയുള്ള മറ്റൊരു വിഭാഗം.

ഒരു ഡോക്ടറെ സമീപിക്കേണ്ടത് എപ്പോഴാണ്?

രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി മൂന്നു ദിവസത്തിനകം ഡോക്ടറെ സമീപിക്കണം. അതുവരെ നിങ്ങൾ പാരസെറ്റമോൾ, അലർജി പ്രതിരോധം, ആവി പിടിക്കുക തുടങ്ങിയവ ചെയ്യണം. കോവിഡ്-19, ഫ്ലൂ എന്നിവയ്‌ക്കായി നിങ്ങൾക്ക് നേസോഫാരിൻജിയൽ സ്വാബ് ടെസ്റ്റ് നടത്താം. സിബിസി, സിആർപി തുടങ്ങിയ രക്തപരിശോധനകൾ ഡോക്ടർ നിർദ്ദേശിച്ചേക്കാം. നിങ്ങളുടെ കഫത്തിൽ രക്തം, ശ്വാസതടസ്സം, ഓക്‌സിജൻ സാച്ചുറേഷൻ അളവ് ഒരേ സമയത്ത്‌ കുറയൽ എന്നിവയുണ്ടെങ്കിൽ ഉടൻ ഡോക്ടറെ സമീപിക്കുക.

ഏറ്റവും മികച്ച പ്രതിരോധം എന്താണ്?

ഫ്ലൂ ഷോട്ടാണ് ഏറ്റവും മികച്ച പ്രതിരോധ മാർഗം. പാശ്ചാത്യ രാജ്യങ്ങളിലേത് പോലെ വാർഷിക കുത്തിവയ്പ്പായി എടുക്കുക. വിട്ടുമാറാത്ത രോഗങ്ങളുള്ളവരും 65 വയസ്സിനു മുകളിലുള്ളവരും ന്യുമോണിയ കുത്തിവയ്പ്പ് എടുക്കണം. നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക, നല്ല ഭക്ഷണം കഴിക്കുക, നന്നായി ഉറങ്ങുക. നിങ്ങൾക്ക് രോഗസാധ്യത കൂടുതലാണെങ്കിൽ പുകവലിയും മദ്യവും ഒഴിവാക്കുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: New flu virus causing bronchitis just take the flu shot