/indian-express-malayalam/media/media_files/2025/07/16/blood-pressure-2025-07-16-09-06-56.jpg)
Source: Freepik
രക്തസമ്മർദം ലോകമെമ്പാടുമുള്ള ആരോഗ്യരംഗത്ത് ഒരു വലിയ വെല്ലുവിളിയായി തുടരുമ്പോൾ, ഏറ്റവും ലളിതവും എന്നാൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമായ ശീലങ്ങളിലൂടെ ഇതിനെ ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കുമെന്ന് ഡോക്ടർമാർ ഊന്നിപ്പറയുന്നു. ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റൽസിലെ സീനിയർ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആയ ഡോ.സുധീർ കുമാർ, രക്തസമ്മർദം നിയന്ത്രിക്കുന്നതിനുള്ള ചില കാര്യങ്ങൾ എക്സിൽ വിവരിച്ചിട്ടുണ്ട്. ഹൃദയത്തെയും തലച്ചോറിനെയും ദീർഘകാലത്തേക്ക് സംരക്ഷിക്കാൻ ഇവ സഹായിക്കും.
1. മരുന്ന് മുടങ്ങാതെ കഴിക്കുക
രക്തസമ്മർദ നിയന്ത്രണത്തിന്റെ ഏറ്റവും പ്രധാന നിർദേശങ്ങളിലൊന്ന് ദിവസേന കൃത്യസമയത്ത് മരുന്ന് കഴിക്കുക എന്നതാണ്. ഡോക്ടർ നിർദേശിച്ച അളവിൽ ഒരു മാറ്റവും വരുത്തരുത്. ഡോക്ടറുമായി ആലോചിക്കാതെ മരുന്നിന്റെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം.
Also Read: നേരത്തെ അത്താഴം, പതിവ് വ്യായാമം; പ്രീ-ഡയബറ്റിസ് മാറ്റിയെടുക്കാൻ ഈ 4 കാര്യങ്ങൾ ശീലമാക്കൂ
2. ഉപ്പ് കുറയ്ക്കുക: 5 ഗ്രാമിൽ താഴെ മാത്രം
ഒരു ദിവസം 5 ഗ്രാമിൽ താഴെ മാത്രമായി ഉപ്പിന്റെ ഉപയോഗം കർശനമായി പരിമിതപ്പെടുത്തണം. ഇതിനായി പാക്കറ്റ് ലഘുഭക്ഷണങ്ങൾ, അച്ചാറുകൾ, ഉപ്പിട്ടതും വറുത്തതുമായ ഭക്ഷണങ്ങൾ എന്നിവ പൂർണ്ണമായി ഒഴിവാക്കണം. ഉപ്പിന്റെ അളവ് കുറയ്ക്കുന്നത് ബിപി നിയന്ത്രിക്കാൻ നിർണായകമാണ്.
3. ഡാഷ് ഡയറ്റ് ശീലമാക്കുക
രക്തസമ്മർദം കുറയ്ക്കുന്നതിനുള്ള പ്രത്യേക ഭക്ഷണരീതിയായ ഡാഷ് ഡയറ്റ് പിന്തുടരുക. പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, പരിപ്പുകൾ, കൊഴുപ്പ് കുറഞ്ഞ പാൽ ഉൽപ്പന്നങ്ങൾ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക. റെഡ് മീറ്റ്, അമിതമായ പഞ്ചസാര, പൂരിത കൊഴുപ്പുകൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. ഈ ഭക്ഷണക്രമം രക്തസമ്മർദം 8 മുതൽ 14 mmHg വരെ കുറയ്ക്കാൻ സഹായിക്കും.
4. ശരീരഭാരം നിയന്ത്രിക്കുക
അമിതഭാരം ബിപി വർധിപ്പിക്കാനുള്ള പ്രധാന കാരണമാണ്. നിലവിലെ ഭാരത്തിൽ നിന്ന് 5 മുതൽ 10 ശതമാനം കുറയ്ക്കുന്നത് പോലും രക്തസമ്മർദം കുറയ്ക്കാൻ ഗണ്യമായി സഹായിക്കും.
Also Read: മെലിയാൻ ആഗ്രഹമുണ്ടോ? 50 ദിവസം കൊണ്ട് 15 കിലോ കുറയ്ക്കാൻ 15 വഴികൾ
5. സ്ഥിരമായ വ്യായാമം നിർബന്ധമാക്കുക
ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് വേഗതയിലുള്ള നടത്തം അല്ലെങ്കിൽ സൈക്ലിങ് പോലുള്ള വ്യായാമങ്ങൾ ചെയ്യുക. പേശികളെ ബലപ്പെടുത്തുന്ന ഐസോമെട്രിക് വ്യായാമങ്ങൾ കൂടി ഇതിനൊപ്പം ശീലമാക്കുക.
6. പുകയിലയും മദ്യവും ഉപേക്ഷിക്കുക
പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗവും മദ്യപാനവും പൂർണ്ണമായും ഒഴിവാക്കണം. ഈ ശീലങ്ങൾ രക്തസമ്മർദം അപകടകരമായ രീതിയിൽ ഉയർത്താൻ കാരണമാകും.
7. നല്ല ഉറക്കം ശീലമാക്കുക
ദിവസവും കൃത്യമായ മണിക്കൂറുകൾ, ഗുണനിലവാരമുള്ള ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഉറക്കക്കുറവ് ബിപി നിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കും.
8. സമ്മർദം കുറയ്ക്കുക
ശ്വസന വ്യായാമങ്ങൾ ചെയ്യുന്നത് ബിപി നിമിഷങ്ങൾക്കകം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
Also Read: പ്രണവിന് ഇഷ്ടം ചപ്പാത്തിയും ബീഫ് ഫ്രൈയും; രുചിക്ക് കോട്ടം വരാതെ എങ്ങനെ ആരോഗ്യകരമാക്കാം?
9. നിരീക്ഷണം പ്രധാനം
ഒരു ഓട്ടോമാറ്റിക് മെഷീൻ ഉപയോഗിച്ച് വീട്ടിൽ പതിവായി രക്തസമ്മർദം പരിശോധിക്കുകയും അതിന്റെ വിവരങ്ങൾ ഒരു ലോഗ് ബുക്കിൽ എഴുതി സൂക്ഷിക്കുകയും ചെയ്യുക. ഡോക്ടറെ കാണുമ്പോൾ ഈ വിവരങ്ങൾ നൽകുന്നത് കൃത്യമായ ചികിത്സയ്ക്ക് സഹായകമാകും.
10. സപ്ലിമെന്റുകൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം കഴിക്കുക
ഒമേഗ-3 പോലുള്ള സപ്ലിമെന്റുകൾ പരിമിതമായ അളവിൽ സഹായകമായേക്കാം. എന്നാൽ ഇവ ഉപയോഗിക്കുന്നതിന് മുൻപ് ഡോക്ടറുടെ നിർദ്ദേശം തേടേണ്ടത് അത്യാവശ്യമാണ്.
ചുരുക്കത്തിൽ, മരുന്ന് കൃത്യമായി കഴിക്കുന്നതിനൊപ്പം, ഉപ്പ് കുറച്ചുള്ള ഭക്ഷണം, ചിട്ടയായ വ്യായാമം, നല്ല ഉറക്കം, സമ്മർദ്ദ നിയന്ത്രണം എന്നിവ സംയോജിപ്പിക്കുന്നതാണ് ഹൃദയത്തിനും തലച്ചോറിനും ദീർഘകാല സംരക്ഷണം നൽകാനുള്ള ഏറ്റവും ശക്തമായതും തെളിയിക്കപ്പെട്ടതുമായ മാർഗമെന്ന് ഡോ.സുധീർ കുമാർ ഓർമ്മിപ്പിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഹൃദയത്തെ സംരക്ഷിക്കാം; ഈ 5 ഭക്ഷണ കോമ്പിനേഷനുകൾ ഇന്ന് തന്നെ ഒഴിവാക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us