/indian-express-malayalam/media/media_files/2026/01/31/health-tools-2026-01-31-08-43-30.jpg)
Image Source: Freepik
ആരോഗ്യം സംരക്ഷിക്കാൻ കഠിനമായ വ്യായാമങ്ങളും ഡയറ്റും പിന്തുടരുന്നവരാണ് നമ്മളിൽ പലരും. എന്നാൽ കുറഞ്ഞ പരിശ്രമത്തിലൂടെ പരമാവധി ആരോഗ്യ ആനുകൂല്യങ്ങൾ നൽകുന്ന ആ ഒറ്റ ശീലം ഏതാണെന്ന് നിങ്ങൾക്കറിയാമോ? ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിലെ പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ.സുധീർ കുമാർ ഇതിനുള്ള ഉത്തരം നൽകുന്നു. അത് മറ്റൊന്നുമല്ല, 7 മുതൽ 8 മണിക്കൂർ വരെയുള്ള സുഖനിദ്ര.
രാവിലെ നാലുമണിക്ക് എഴുന്നേറ്റ് യോഗ ചെയ്യുന്നതിനേക്കാളും ദൂരദിക്കുകളിലേക്ക് നടക്കാൻ പോകുന്നതിനേക്കാളും ശരീരത്തിന് ഗുണം ചെയ്യുന്നത് കൃത്യമായ ഉറക്കമാണെന്ന് ഡോക്ടർ വ്യക്തമാക്കുന്നു. വ്യായാമവും നല്ല ഭക്ഷണരീതിയും പ്രധാനമാണെങ്കിലും, ഉറക്കമില്ലാതെ ഇവയൊന്നും പൂർണ ഫലം നൽകില്ല. ഉറക്കമാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം. ഉറക്കം ശരിയായാൽ മറ്റെല്ലാം എളുപ്പമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
"കൂടുതൽ വ്യായാമങ്ങളോ കടുത്ത ഭക്ഷണരീതികളോ തുടങ്ങുന്നതിന് മുമ്പ്, ഉറക്കമാണ് ആദ്യം ശരിയാക്കേണ്ടത്. മസ്തിഷ്കത്തിന് നല്ല വിശ്രമം ലഭിക്കുമ്പോൾ ശരീരത്തിലെ ബാക്കി ഭാഗങ്ങളും അത് പിന്തുടരുന്നു," മുംബൈ സെൻട്രൽ വോക്കാർഡ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. പ്രശാന്ത് മഖീജ പറഞ്ഞു.
Also Read: ഓട്സ് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമോ? ഈ 3 കാര്യങ്ങൾ ശ്രദ്ധിക്കൂ
"നിങ്ങൾ നന്നായി ഭക്ഷണം കഴിക്കുകയും പതിവായി വ്യായാമം ചെയ്യുകയും ചെയ്തേക്കാം, എന്നാൽ ആവശ്യത്തിന് ഉറക്കമില്ലെങ്കിൽ ആ ഗുണങ്ങൾ ഇല്ലാതാകും. ഉറക്കം എന്നത് വെറുമൊരു വിശ്രമമല്ല; മസ്തിഷ്കം സ്വയം അറ്റകുറ്റപ്പണികൾ നടത്തുകയും ശരീരം അതിന്റെ ആന്തരിക സന്തുലിതാവസ്ഥ വീണ്ടെടുക്കുകയും ചെയ്യുന്ന സമയമാണത്," ഡോ.മഖീജ പറഞ്ഞു.
നന്നായി ഉറങ്ങുന്ന 7-8 മണിക്കൂർ സമയത്തിനുള്ളിൽ ശരീരത്തിൽ എന്താണ് സംഭവിക്കുന്നത്?
ഡോക്ടർ മഖീജയുടെ അഭിപ്രായത്തിൽ, ആഴത്തിലുള്ള ഉറക്കത്തിൽ മസ്തിഷ്കം മാലിന്യങ്ങളെ നീക്കം ചെയ്യുകയും, ഓർമ്മകളെ ദൃഢപ്പെടുത്തുകയും, സ്ട്രെസ് ഹോർമോണുകളെ പുനക്രമീകരിക്കുകയും ചെയ്യുന്നു. "പഠനം, വൈകാരികമായ കരുത്ത്, മാനസികാരോഗ്യം എന്നിവയ്ക്ക് ഉറക്കം സഹായിക്കുന്നു. അതേസമയം തന്നെ ഇൻസുലിൻ സെൻസിറ്റിവിറ്റി, രക്തസമ്മർദം, വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകൾ, രോഗപ്രതിരോധ ശേഷി എന്നിവയെ ശരീരം നിയന്ത്രിക്കുകയും ചെയ്യുന്നു. ഉറക്കം കുറയുന്നത് ഈ പ്രവർത്തനങ്ങളെയെല്ലാം തടസപ്പെടുത്തുകയും പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം, ഉത്കണ്ഠ, വിഷാദം, ബുദ്ധിശക്തി കുറയുക എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു."
Also Read: ആറുമാസം പാൽ കാപ്പിക്ക് പകരം കട്ടൻ കാപ്പി കുടിച്ചാൽ എന്ത് സംഭവിക്കും?
പുലർച്ചെ 4 മണിക്ക് എഴുന്നേൽക്കുന്നത് തിരിച്ചടിയാകുമോ?
പലരും കരുതുന്നത് പുലർച്ചെ നാലുമണിക്ക് എഴുന്നേറ്റാൽ അത് വലിയ ആരോഗ്യമാണെന്നാണ്. എന്നാൽ നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക ഉറക്കചക്രത്തിന് വിരുദ്ധമായി ഉറക്കം കുറച്ച് നേരത്തെ എഴുന്നേൽക്കുന്നത് ദോഷം ചെയ്യും. ഇത് 'കോർട്ടിസോൾ' എന്ന സ്ട്രെസ് ഹോർമോൺ വർധിപ്പിക്കാനും അമിതമായ ക്ഷീണം, ഏകാഗ്രതക്കുറവ് എന്നിവയ്ക്കും കാരണമാകുമെന്ന് ഡോ.മഖീജ അഭിപ്രായപ്പെട്ടു.
Health Poll:
— Dr Sudhir Kumar MD DM (@hyderabaddoctor) January 26, 2026
Which single habit gives the maximum health benefit for the least effort?
1. 30 min brisk walking
2. 7–8 hours of sleep
3. Cutting sugar & ultra-processed foods
4. Strength training twice weekly
All are powerful.
But if you had to pick just ONE, which would it be?…
വളരെ നേരത്തെ എഴുന്നേൽക്കുന്നത് തലച്ചോറിന് സമ്മർദമുണ്ടാക്കുന്നത് എപ്പോഴാണ്?
"നേരത്തെ എഴുന്നേൽക്കുന്നത് സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് അകാലത്തിൽ വർധിക്കാൻ കാരണമാകുന്നു. കാലക്രമേണ, ഇത് അമിതമായ ക്ഷീണം, ഉത്കണ്ഠ, മധുരത്തോടുള്ള ആസക്തി, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയ്ക്ക് വഴിവെച്ചേക്കാം. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുന്നത് കണിശമായ ചിട്ടകളേക്കാൾ സ്വാഭാവികമായ താളത്തിനനുസരിച്ച് നീങ്ങുമ്പോഴാണ്. അസ്വാഭാവികമായ ഒരു ദിനചര്യ നിർബന്ധപൂർവ്വം പിന്തുടരുന്നത് അച്ചടക്കമാണെന്ന് തോന്നാമെങ്കിലും, അത് നാഡീവ്യൂഹത്തെ നിരന്തരമായ സമ്മർദത്തിലാക്കാൻ സാധ്യതയുണ്ട്," ഡോ.മഖീജ പറഞ്ഞു.
Also Read: രാത്രിയിൽ തൈര് കഴിക്കാമോ? നമ്മൾ വിശ്വസിക്കുന്ന 7 തെറ്റായ കാര്യങ്ങൾ
ഭക്ഷണക്രമത്തേക്കാളും വ്യായാമത്തേക്കാളും ഉറക്കം പ്രധാനമാണോ?
ഉറക്കമാണ് എല്ലാത്തിന്റെയും അടിസ്ഥാനമെന്ന് ഡോ.മഖിജ പറഞ്ഞു. "ഉറക്കക്കുറവ് വിശപ്പ് വർധിപ്പിക്കുകയും, വ്യായാമം ചെയ്യാനുള്ള താൽപര്യം കുറയ്ക്കുകയും, പേശികളുടെ വീണ്ടെടുപ്പിനെ തടസപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ ഭക്ഷണകാര്യത്തിൽ ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിനെ ഇത് മോശമായി ബാധിക്കുകയും ചെയ്യും. ഉറക്കം മെച്ചപ്പെടുമ്പോൾ, വലിയ പ്രയത്നമൊന്നും കൂടാതെ തന്നെ ആളുകൾ നന്നായി ഭക്ഷണം കഴിക്കാനും, കൂടുതൽ ശാരീരികമായി സജീവമാകാനും, മാനസികമായി കൂടുതൽ ഉന്മേഷം അനുഭവിക്കാനും തുടങ്ങുന്നു."
നല്ല ഉറക്കം എന്നാൽ എന്ത്?
നല്ല ഉറക്കത്തെ മൂന്ന് ഘടകങ്ങളായാണ് വിദഗ്ധർ കാണുന്നത്. സമയം, ആഴം, കൃത്യനിഷ്ഠ. മിക്ക മുതിർന്നവർക്കും മതിയായ ഉറക്ക സമയം സാധാരണയായി ഒരു രാത്രിയിൽ 7-9 മണിക്കൂറാണ്. ആഴം ഉറക്കത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ടിരിക്കുന്നു, അതായത് ശരീരത്തിന് ആവശ്യമായ 'ഡീപ്പ് സ്ലീപ്പും' 'റെം സ്ലീപ്പും' ലഭിക്കുന്നുണ്ടോ എന്നത് പ്രധാനമാണ്. ശരീരം സ്വയം കേടുപാടുകൾ തീർക്കുന്ന 'ഡീപ് സ്ലീപ്പും' മസ്തിഷ്ക ആരോഗ്യത്തിന് ആവശ്യമായ 'റെം സ്ലീപ്പും' ലഭിക്കണം. കൃത്യനിഷ്ഠ എന്നത് എന്നും ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നതാണ്. വാരാന്ത്യങ്ങളിൽ പോലും ഈ സമയം മാറ്റാതിരിക്കാൻ ശ്രദ്ധിക്കണം.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: കൂടുതൽ തവണ മൂത്രമൊഴിക്കുക, തണുപ്പ് അനുഭവപ്പെടുക: വണ്ണം കുറയുമ്പോൾ ശരീരം കാണിക്കുന്ന 'വിചിത്രമായ' ലക്ഷണങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us