മനുഷ്യ സഹജമായ ഒന്നാണ് ശരീര ദുർഗന്ധം. ശരീരത്തിന്റെ താപനില നിയന്ത്രിക്കാനും വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്ന സ്വാഭാവിക പ്രക്രിയയാണ് വിയർക്കൽ. എന്നാൽ ചിലപ്പോൾ വിയർപ്പിനൊപ്പം ദുർഗന്ധവും വമിക്കുന്നതോടെയാണ് പലർക്കും ഇതൊരു തലവേദനയായി മാറുന്നത്. എന്തുകൊണ്ടാണ് ശരീരത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നത്? ഇതിനെ നിയന്ത്രിക്കാൻ സാധിക്കുമോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് വിദഗ്ധർ.
വിയർപ്പുകൊണ്ടു മാത്രമായിരിക്കില്ല ചർമ്മത്തിൽ കാണപ്പെടുന്ന ബാക്റ്റീരിയകളും ശരീര ദുർഗന്ധത്തിന് കാരണമാവാം എന്നാണ് ഡെര്‍മറ്റോളജിസ്റ്റും കോസ്‌മെറ്റോളജിസ്റ്റുമായ ഡോ ഷെരീഫ ഇസ ചൗസെ പറയുന്നത്. ശരീരത്തിലെ രോമം സ്ഥിരമായി ഷേവ് ചെയ്തുകൊണ്ടോ കൂടുതലായി വിയർക്കുന്ന ഭാഗങ്ങൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കിയും അലൂമിനിയം ക്ലോറൈഡ് അടങ്ങിയ ദുർഗന്ധനാശിനിയുപയോഗിച്ചുകൊണ്ടോ ശരീര ദുർഗന്ധം കുറയ്യ്ക്കാമെന്നും ഡോ. ഷെരീഫ പറയുന്നു. ശരീരത്തിലെ രോമങ്ങൾ ഇത്തരം ബാക്റ്റീരിയകൾ തങ്ങിനിൽക്കാനും ദുർഗന്ധം ഉണ്ടാക്കാനുമുള്ള സാധ്യത വർധിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ഡോക്ടർ ഷെരീഫ കൂട്ടിച്ചേർക്കുന്നു.
നമ്മളുടെ ശരീരത്തിന്റെ ഗന്ധം മാറ്റുക സാധ്യമാണോ? ചില വഴികളിലൂടെ ശരീര ദുർഗന്ധം കുറയ്ക്കാൻ പറ്റുമെന്നാണ് വിദഗ്ധർ പറയുന്നത്. “വെളുത്തുള്ളി,ഇഞ്ചി എന്നിവ കഴിക്കുന്നത് കുറയ്ക്കുക. ഇതിന്റെ ഗന്ധം വിയർപ്പിലൂടെ പുറത്തു വരാം. ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളടങ്ങിയ ആരോഗ്യകരമായ ആഹാരക്രമം പാലിക്കുന്നതും ശരീരദുർഗന്ധം നിയന്ത്രിക്കാൻ സഹായിക്കും,” ഷെരീഫ പറയുന്നു.
ഗർഭ കാലത്തോ ആർത്തവ കാലത്തോ ഈസ്ട്രജന്റെ അളവ് കുറയുന്നത്പോലെയുള്ള കാരണങ്ങളും ശരീരദുർഗന്ധത്തിന് കാരണമാവുമെന്നാണ് എസ് ആർ വി മംമ്‌ത ആശുപത്രിയിലെ എൻഡോക്രൈനോളജിസ്റ്റായ ഡോ സായാലി ധാക്കെ പറയുന്നത്. ആർത്തവവിരാമകാലത്ത് രാത്രിസമയങ്ങളിൽ കൂടുതലായി വിയർക്കുന്നതും ശരീര ഗന്ധത്തിൽ മാറ്റങ്ങളുണ്ടാക്കാം. “ഈ സമയങ്ങളിൽ ശരീരത്തെ കൂടുതൽ പരിപാലിക്കുകയെന്നതാണ് ശരീര ദുർഗന്ധം നിയന്ത്രിക്കുന്നതിലെ പരമ പ്രധാനമായ കാര്യം.”
ശരീര ഗന്ധത്തെ പൂർണമായി മാറ്റാൻ പറ്റില്ലെങ്കിലും കുറച്ച് മുൻകരുതലുകളിലൂടെ ഒരു പരിധി വരെ അതിൽ നിയന്ത്രണങ്ങൾ വരുത്താൻ സാധിക്കും. “പഞ്ഞി, പട്ട്, കമ്പിളി പോലെ വായുസഞ്ചാരം കൂടിയ തുണിത്തരങ്ങൾ ഉപയോഗിക്കുക. ഉപയോഗശേഷം അവ വൃത്തിയായി കഴുകി ഉണക്കി സൂക്ഷിക്കുക. വ്യായാമം ചെയ്യുന്ന സമയത്ത് പോളിസ്റ്റർ, നൈലോൺ പോലുള്ള തുണികൾ ഉപയോഗിക്കാനും ശ്രദ്ധിക്കണം,” ഹാർവാർഡ് ഹെൽത്ത് പ്രസിദ്ധീകരണത്തിൽ പറയുന്നു.