ശൈത്യകാലത്ത് അസിഡിറ്റിയും ദഹനക്കേടും സാധാരണമാണ്. ഇവ രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. അസിഡിറ്റി വളരെ കഠിനവും കുറച്ച് മണിക്കൂറിലധികം നീണ്ടുനിൽക്കുന്നതുമാണ്. ആഹാരത്തെ ദഹിപ്പിക്കുന്നതിനായി ശരീരം മിതമായ തോതിൽ ഹൈഡ്രോക്ലോറിക് ആസിഡ് ഉത്പാദിപ്പിക്കുന്നുണ്ട്. ഉദരഗ്രന്ഥികൾ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി.

അതേസമയം, ദഹനക്കേട് നിങ്ങളുടെ അടിവയറ്റിൽ അസ്വസ്ഥതയോ കടുത്ത വേദനയോ ഉണ്ടാക്കും. അനാരോഗ്യകരമായ ശീലങ്ങൾ, അമിതഭക്ഷണം, മോശം ജീവിതശൈലി എന്നിവയാണ് ഈ അവസ്ഥകൾക്ക് കാരണമെന്നത് വളരെ കുറച്ചു ആളുകൾ മാത്രമേ തിരിച്ചറിയുന്നുളളൂ.

Read Also: സന്തോഷം തോന്നുന്നില്ലേ? ഈ ഭക്ഷണങ്ങൾ പരീക്ഷിച്ചു നോക്കൂ

അസിഡിറ്റിയും ദഹനക്കേടും ഉണ്ടാകുമ്പോൾ നിങ്ങൾക്ക് വേദനയും അസ്വസ്ഥതയും അനുഭവപ്പെടും. അസിഡിറ്റിക്കും ദഹനത്തിനും കാരണമാകുന്നത് എന്താണെന്ന് നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചിലർക്ക് മദ്യവും ചോക്ലേറ്റും അസിഡിറ്റിക്ക് കാരണമാകാറുണ്ട്. മറ്റു ചിലരിൽ സിട്രസ് പഴങ്ങളോ കാർബണേറ്റഡ് പാനീയങ്ങളോ ആകാം.

ദഹനക്കേട് മാറ്റാനുളള എളുപ്പ വഴികൾ

നിറയെ വെളളം കുടിക്കുക: ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും ദഹന പ്രക്രിയ വർധിപ്പിക്കാനും വെള്ളം കുടിക്കുന്നത് സഹായിക്കും. ചെറുചൂടുവെളളമാണ് ഏറ്റവും നല്ലത്.

ശരിയായ ഭക്ഷണം തിരഞ്ഞെടുക്കുക: പരിപ്പ്, പഴങ്ങൾ പോലുള്ള ആരോഗ്യകരമായ ചേരുവകൾ ഉപയോഗിച്ചുളള വിഭവങ്ങൾ തിരഞ്ഞെടുക്കുക. ലഘുഭക്ഷണങ്ങളിൽ ഉപ്പും പഞ്ചസാരയും അടങ്ങിയിരിക്കുന്നതിനാൽ അവ കുറയ്ക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കുറയ്ക്കുക.

Read Also: ഹീമോഗ്ലോബിൻ കുറവാണോ? ഈ ഭക്ഷണങ്ങൾ കഴിക്കൂ

ഭക്ഷണത്തിന്റെ അളവ് മിതപ്പെടുത്തുക: ഇടവിട്ട് കുറഞ്ഞ അളവിൽ ലഘുഭക്ഷണം കഴിക്കുക. അത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയും. വറുത്ത ഭക്ഷണങ്ങളും മധുരപലഹാരങ്ങളുടെയും അളവ് നിയന്ത്രിക്കുക. ചെറിയ പ്ലേറ്റിൽ കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് നിങ്ങളെ തടയും.

നെല്ലിക്ക, നാരടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കുന്നത് ഗ്യാസ്ട്രൈറ്റിസ്, ഹൈപ്പർ‌അസിഡിറ്റി, നെഞ്ചെരിച്ചിൽ, ദഹനക്കേട് എന്നിവ മാറ്റും. ഇഞ്ചിയും ദഹനക്കേട് മാറാൻ സഹായിക്കും.

ആരോഗ്യകരമായ ഭക്ഷണരീതിയും പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് തയാറാക്കിയ ഭക്ഷണം കഴിക്കുന്നതും അസിഡിറ്റിയും ദഹനക്കേടും ഒഴിവാക്കും. കടുത്ത അസിഡിറ്റി ഉണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook