വാർധക്യമെന്നത് സ്വാഭാവിക പ്രക്രിയയാണ്. അതൊരിക്കലും തടയാനാകില്ല. എന്നാൽ, ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ വൈകിപ്പിക്കാനാവും. ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത് ബത്ര വാർധക്യം വൈകിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.
”വാർധക്യത്തെ തടയാനോ മാറ്റാനോ നമുക്ക് കഴിയില്ല, എന്നാൽ 40-കളിലും 50-കളിലും നമുക്ക് അത് വൈകിപ്പിക്കാനും നല്ല ചർമ്മം നേടാനും കഴിയും. ചർമ്മം ചെറുപ്പമായി കാണപ്പെടുന്നതിന് ആന്റി-ഏജിങ് ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം,” ബത്ര പറഞ്ഞു.
പപ്പായ
പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന എൻസൈം, ആന്റി ഏജിങ് ഗുണങ്ങൾ കാരണം ചർമ്മസംരക്ഷണ ദിനചര്യകളിൽ പ്രിയപ്പെട്ട ഒന്നാണ്. ഈ പഴത്തിൽ ലൈക്കോപീൻ പോലുള്ള ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ പ്രായമാകുന്നതിന്റെ ദൃശ്യമായ ലക്ഷണങ്ങളിൽ നിന്ന് സംരക്ഷിക്കും.
മാതള നാരങ്ങ
മാതളനാരങ്ങയിൽ പ്യൂണികലാജിൻസ് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ കൊളാജൻ സംരക്ഷിക്കാനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ മന്ദഗതിയിലാക്കാനും സഹായിക്കും.
പച്ച ഇലക്കറികൾ
പച്ച ഇലക്കറികളിലെ ക്ലോറോഫിൽ ചർമ്മത്തിലെ കൊളാജൻ വർധിപ്പിക്കും. ഇത് പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കും.
തൈര്
കുടലിലെ നല്ല ബാക്ടീരിയകളെ വളർത്താൻ സഹായിക്കുന്ന പ്രോബയോട്ടിക്സ് തൈരിൽ അടങ്ങിയിട്ടുണ്ട്. തൈരിലെ ലാക്റ്റിക് ആസിഡ് സുഷിരങ്ങൾ ചുരുക്കുന്നതിലൂടെ നേർത്ത വരകൾ കുറയ്ക്കാൻ സഹായിക്കുന്നു. റൈബോഫ്ലേവിൻ അല്ലെങ്കിൽ വിറ്റാമിൻ ബി 12 എന്നിവയാൽ സമ്പന്നമായ തൈര് ചർമ്മത്തെ തിളക്കമുള്ളതാക്കുകയും ജലാംശം നിലനിർത്തുകയും ചെയ്യുന്നു.
തക്കാളി
തക്കാളിയിൽ ഉയർന്ന അളവിൽ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ സൂര്യാഘാതത്തിൽനിന്ന് സംരക്ഷിക്കുന്നു. കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്ന വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് അവ.
ആന്റി ഓക്സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, മറ്റ് മൈക്രോ ന്യൂട്രിയന്റുകൾ എന്നിവയാൽ സമ്പന്നമായ പോഷകാഹാരം കഴിക്കുന്നത് ആരോഗ്യകരവും യുവത്വവും തിളങ്ങുന്നതുമായ ചർമ്മം നിലനിർത്താൻ പ്രധാനമാണെന്ന് ഡെറാഡൂണിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഹെഡ് ഡയറ്റീഷ്യൻ ഡോളി ബാലിയൻ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു. വാർധക്യം വൈകിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചും അവർ പറഞ്ഞിട്ടുണ്ട്.
- വിറ്റാമിൻ സി, വിറ്റാമിൻ കെ, ഫോളേറ്റ്, ല്യൂട്ടിൻ, കാൽസ്യം എന്നിവ അടങ്ങിയ ബ്രൊക്കോളി ഒരു ആന്റി-ഇൻഫ്ലമേറ്ററി പവർഹൗസാണ്.
- ബദാമിലും മറ്റ് പല നട്സുകളിലും വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മ കോശങ്ങളെ നന്നാക്കാനും ചർമ്മത്തിലെ ഈർപ്പം നിലനിർത്താനും അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.
- മധുരക്കിഴങ്ങ്, ബീറ്റാ കരോട്ടിനോയിഡുകളാൽ സമ്പുഷ്ടമാണ്, ചർമ്മത്തിന്റെ ഇലാസ്തികത പുനഃസ്ഥാപിക്കാനും യുവത്വമുള്ള മൃദുവായ ചർമ്മം നൽകാനും സഹായിക്കുന്നു.
- ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ചർമ്മത്തിന്റെ സ്വാഭാവിക യുവത്വം സംരക്ഷിക്കാനും സഹായിക്കുന്ന ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് ഗ്രീൻ ടീ.