നിരവധി പേരെ അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മലബന്ധം. പല കാരണങ്ങളാൽ മലബന്ധമുണ്ടാകാം. ഡ്രൈ ആയതും തണുത്തതും എരിവുള്ളതും വറുത്തതുമായ ഫാസ്റ്റ് ഫുഡ് അമിതമായി കഴിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, ഭക്ഷണത്തിൽ ഫൈബർ കുറവ്, മോശം മെറ്റബോളിസം, ഉറക്കമില്ലായ്മ, വൈകിയുള്ള അത്താഴം, ഉദാസീനമായ ജീവിതശൈലി മുതലായവയൊക്കെ മലബന്ധത്തിന് കാരണമാകാറുണ്ട്.
രാവിലെയുള്ള മലബന്ധം അകറ്റാൻ ചില ഭക്ഷണങ്ങൾ സഹായിക്കും. നമ്മുടെയൊക്കെ അടുക്കളയിൽ സുലഭമായി ലഭ്യമായ ചില ഭക്ഷണങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാം വീഡിയോയിൽ വിശദീകരിക്കുകയാണ് ആയർവേദ ഡോ.ദിക്സ ഭാവ്സർ.
- ഈന്തപ്പഴം
അവ മധുരവും തണുത്തതുമാണ്. മലബന്ധം, ഹൈപ്പർ അസിഡിറ്റി, സന്ധി വേദന, ഉത്കണ്ഠ, മുടി കൊഴിച്ചിൽ, ഊർജ കുറവ് എന്നിവയാൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഏറ്റവും മികച്ച തിരഞ്ഞെടുപ്പാണ് ഈന്തപ്പഴം. വാതം, പിത്തം എന്നിവയെ സന്തുലിതമാക്കാൻ സഹായിക്കുന്നു.
രാവിലെ വെറും വയറ്റിൽ 2-3 ഈന്തപ്പഴം കുതിർത്തത് ചെറുചൂടുള്ള വെള്ളത്തോടൊപ്പം കഴിക്കുക.
- ഉലുവ
ഒരു ടീസ്പൂൺ ഉലുവ രാത്രി മുഴുവൻ കുതിർത്ത് രാവിലെ കഴിക്കാം. രാത്രിയിൽ ഉറങ്ങുന്നതിനു മുൻപായി ഒരു ടീസ്പൂൺ ഉലുവ പൊടി ചെറുചൂടുള്ള വെള്ളത്തിൽ ചേർത്തും കഴിക്കാവുന്നതാണ്. അധിക വാതം, കഫം പ്രശ്നങ്ങളുള്ള ആളുകൾക്ക് ഏറ്റവും മികച്ചതാണിത്. ഉയർന്ന പിത്തം (ചൂട് പ്രശ്നങ്ങൾ) ഉള്ള ആളുകൾ ഇത് ഒഴിവാക്കണം.
- പശുവിൻ നെയ്യ്
പശുവിൻ നെയ്യ് മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. വിറ്റാമിൻ എ, ഡി, ഇ, കെ തുടങ്ങിയ കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകൾ ആഗിരണം ചെയ്യുന്നതിന് ആവശ്യമായ ആരോഗ്യകരമായ കൊഴുപ്പ് ശരീരത്തിൽ നിലനിർത്താൻ ഇത് സഹായിക്കുന്നു.
ഒരു ടീസ്പൂൺ പശുവിൻ നെയ്യ് ഒരു ഗ്ലാസ് ചെറുചൂടുള്ള പശുവിൻ പാലിനൊപ്പം ചേർത്ത് കഴിക്കുന്നത് എല്ലാവർക്കും നല്ലതാണ്, പ്രത്യേകിച്ച് വിട്ടുമാറാത്ത മലബന്ധം പ്രശ്നമുള്ളവർക്ക്.
- നെല്ലിക്ക
രാവിലെ വെറും വയറ്റിൽ നെല്ലിക്ക പതിവായി കഴിക്കുന്നത് മുടി കൊഴിച്ചിൽ, നരച്ച മുടി, ശരീരഭാരം കുറയ്ക്കൽ തുടങ്ങിയവയ്ക്ക് സഹായിക്കുന്നു.
ഒരു ടീസ്പൂൺ നെല്ലിക്ക പൊടിയോ അല്ലെങ്കിൽ നെല്ലിക്ക (3 എണ്ണം) ജ്യൂസോ കുടിക്കാം (ശൈത്യകാലത്ത്).
- രാത്രി മുഴുവൻ കുതിർത്ത ഉണക്ക മുന്തിരി
കറുത്ത ഉണക്കമുന്തിരിയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ സുഗമമായ മലവിസർജനത്തിന് സഹായിക്കുന്നു. ഉണക്ക മുന്തിരി കുതിർത്ത് കഴിക്കുന്നത് അവയുടെ ദഹനം എളുപ്പമാക്കുന്നു.
രാവിലെ ഒരു പിടി നിറയെ കുതിർത്ത ഉണക്ക മുന്തിരി കഴിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.