ദിവസവും പരിമിതമായ അളവിൽ പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്ന് ആരോഗ്യ വിദഗ്ധർ എപ്പോഴും നിർദേശിക്കാറുണ്ട്. പലവിധ രോഗങ്ങളിൽനിന്നും നമ്മളെ രക്ഷിക്കാൻ അവ സഹായിക്കും. ഹൃദയ സംബന്ധമായ അസുഖങ്ങൾ, ടൈപ്പ് 2 പ്രമേഹം, ചില അർബുദങ്ങൾ, പൊണ്ണത്തടി എന്നിവ ഇതിന് ഉദാഹരണങ്ങളാണെന്ന് പോഷകാഹാര വിദഗ്ധയും സർട്ടിഫൈഡ് ഡയബറ്റിസ് അധ്യാപികയും ഫിസിയോതെറാപ്പിസ്റ്റുമായ ഡോ.അർച്ചന ബത്ര പറഞ്ഞു.
ചില ആളുകൾ രാവിലെ പഴങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നു. മറ്റു ചിലരാകട്ടെ പഴങ്ങൾ കഴിച്ച് ദിവസം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. അങ്ങനെയെങ്കിൽ പഴങ്ങളും പഴച്ചാറുകളും കഴിക്കുന്നതിന് അനുയോജ്യമായ സമയമുണ്ടോ?.
പഴച്ചാറുകൾ
“പഴച്ചാറുകളിൽ ആന്റിഓക്‌സിഡന്റുകൾ കൂടുതലാണ്, അവ ശരീരത്തെ വീക്കത്തിൽ നിന്ന് സംരക്ഷിക്കാനും ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ ആഘാതം കുറയ്ക്കാനും സഹായിക്കുന്ന സംയുക്തങ്ങളാണ്. മലബന്ധം, പോലുള്ള പ്രശ്നങ്ങൾക്ക് ചില പഴച്ചാറുകൾ സഹായിക്കും. ക്രാൻബെറി ജ്യൂസ് മൂത്രനാളിയിലെ അണുബാധ തടയാൻ സഹായിക്കും,” ബത്ര ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു. പഴങ്ങളും പഴച്ചാറുകളും ആരോഗ്യകരമായ ഡയറ്റിന്റെ ഭാഗമാക്കണം. അവയിൽ നിന്ന് ഏറ്റവും കൂടുതൽ പോഷകമൂല്യങ്ങൾ ലഭിക്കുന്നതിന് അവ എപ്പോൾ, എങ്ങനെ കഴിക്കുന്നുവെന്നതും ശ്രദ്ധിക്കണമെന്ന് അവർ പറഞ്ഞു.
പഴച്ചാറുകളിൽ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും, ഇൻസുലിൻ വർധനവിന് കാരണമാവുകയും, ശരീരഭാരം വർധിപ്പിക്കുകയും ചെയ്യുന്നു. പഴച്ചാറിൽ നാരുകൾ കുറവാണ്. എന്നാൽ മുഴുവൻ പഴത്തെക്കാൾ കൂടുതൽ കലോറിയും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ആളുകൾ ദിവസവും കഴിക്കുന്ന പഴച്ചാറിന്റെ അളവ് പരിമിതപ്പെടുത്തണമെന്ന് അവർ വ്യക്തമാക്കി.
ദിവസത്തിന്റെ ആദ്യ പകുതിക്കു മുൻപായി അതായത് ഉച്ചയ്ക്കു മുൻപായി പഴച്ചാറുകൾ കഴിക്കുന്നതാണ് നല്ലത്. കാരണം അവ ദിവസം മുഴുവൻ നിങ്ങൾക്ക് ആവശ്യമായ ഊർജം നൽകുന്നുവെന്ന് ബത്ര പറഞ്ഞു.
പഴങ്ങൾ
ചില പഴങ്ങളുടെ പൾപ്പും തൊലിയും ഭക്ഷണ നാരുകളുടെ സമ്പന്നമായ ഉറവിടമാണ്. ഇവ മലവിസർജ്ജനം പ്രോത്സാഹിപ്പിക്കുന്നു, കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു, ആരോഗ്യകരമായ ഭാരം കൈവരിക്കാൻ സഹായിക്കുന്നു. പഴങ്ങൾ ദീർഘനേരം സംതൃപ്തി നൽകുന്നതിനാൽ ഇടയ്ക്കിടെ ലഘുഭക്ഷണം കഴിക്കാനുള്ള ആസക്തി തടയുന്നു. ഇതിലൂടെ ശരീരഭാരം, പ്രമേഹം, ബ്ലഡ് ഷുഗർ എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്നു.
പഴങ്ങൾ കഴിക്കുന്നതിന് അനുയോജ്യമായ സമയമുണ്ടോ?
”പഴങ്ങൾ വെറുംവയറ്റിലും ഭക്ഷണത്തിനിടയിലും കഴിക്കാം. നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ, ഭക്ഷണത്തിനിടയിൽ പഴങ്ങൾ കഴിക്കുന്നത് സഹായിക്കും. അവ നാരുകളും ജലാംശവും നൽകുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും. എന്നാൽ ഉറങ്ങുന്നതിനു മുമ്പ് പഴങ്ങൾ കഴിക്കുന്നത് ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കും. മാത്രമല്ല, ഉറങ്ങുന്നതിനു തൊട്ടുമുൻപ് പഴങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും,” അവർ പറഞ്ഞു.
ഭക്ഷണത്തിന് തൊട്ടുപിന്നാലെ പഴങ്ങൾ കഴിക്കരുത്, കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. ഭക്ഷണം കഴിഞ്ഞ ഉടൻ പഴങ്ങൾ കഴിക്കുന്നത് ദഹനത്തിനും അസ്വസ്ഥതയ്ക്കും കാരണമാകുമെന്നും അവർ അഭിപ്രായപ്പെട്ടു.