രാവിലെയോ വൈകുന്നേരമോ വ്യായാമം ചെയ്യുന്നവരെ അപേക്ഷിച്ച് ഉച്ചയ്ക്കുശേഷം വ്യായാമം ചെയ്യുന്ന ആളുകൾക്ക് കൂടുതൽ കാലം ജീവിക്കാൻ കഴിയുമെന്ന് നേച്ചർ കമ്മ്യൂണിക്കേഷനിൽ പ്രസിദ്ധീകരിച്ച സമീപകാല പഠനം സൂചിപ്പിക്കുന്നു. ഉച്ചയ്ക്ക് 11 മുതൽ വൈകീട്ട് 5 വരെ, വൈകുന്നേരം 5 മുതൽ അർധരാത്രി വരെ, രാവിലെ 5 മുതൽ 11 വരെയുമാണ് പഠനം കണക്കാക്കിയത്. എന്നാൽ, ദിവസത്തിലെ ഏത് സമയത്തും മിതമായതും കഠിനമല്ലാത്തതുമായ വർക്ക്ഔട്ടുകൾ മറ്റെല്ലാത്തതിനെക്കാളും മികച്ചതാണെന്നും പഠനം പറയുന്നു.
പഠനത്തിൽ യുകെയിൽനിന്നുള്ള 92,000 പേരാണ് പങ്കെടുത്തത്. അവരുടെ ആരോഗ്യവും ജനസംഖ്യാപരമായ ഡാറ്റയും ഒരു ബയോമെഡിക്കൽ ഡാറ്റാബേസിൽ നിന്ന് വിലയിരുത്തുകയും ചെയ്തു. പങ്കെടുക്കുന്നവർക്ക് ആക്‌സിലറോമീറ്ററുകൾ നൽകി. ഏഴ് ദിവസത്തെ കാലയളവിൽ അവർ എപ്പോൾ, എത്ര തീവ്രമായി വ്യായാമം ചെയ്തുവെന്ന് അളന്നു. നിരവധി വർഷങ്ങൾക്ക് ശേഷം ഗവേഷകർ മരണനിരക്ക് രേഖകൾ പരിശോധിച്ചപ്പോൾ പങ്കെടുത്തവരിൽ ഏകദേശം 3,000 (അല്ലെങ്കിൽ 3 ശതമാനം) പേർ മരിച്ചു. ഇതിൽ 1,000 പേർ ഹൃദ്രോഗം മൂലവും 1,800 പേർ കാൻസർ മൂലവും മരിച്ചു.
രാവിലെയോ വൈകുന്നേരമോ വ്യായാമം ചെയ്തവരെ അപേക്ഷിച്ച്, ഉച്ചകഴിഞ്ഞ് ചെയ്ത ആളുകൾ ഹൃദ്രോഗം മൂലമോ മറ്റു രോഗമോ മൂലം മരിക്കാനുള്ള സാധ്യത കുറവാണെന്ന് പഠന ഫലങ്ങൾ തെളിയിച്ചു. പല പല സമയത്ത് വ്യായാമം ചെയ്ത ആളുകൾക്കും അല്ലെങ്കിൽ വർക്ക്ഔട്ട് ഷെഡ്യൂളുകൾ പതിവായി മാറ്റുന്നവർക്കും ഇത് ബാധകമായിരുന്നു.
പലവിധ കാരണങ്ങളാലുമുള്ള മരണങ്ങൾ കുറയ്ക്കുന്നതിനും ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാൻസർ എന്നിവ മൂലമുള്ള മരണങ്ങളും കുറയ്ക്കുന്നതിന് മിതമായ ശാരീരിക പ്രവർത്തനങ്ങളുടെ പ്രാധാന്യം ഒരിക്കൽ കൂടി അടിവരയിടുന്ന രസകരമായ ഒരു പഠനമാണിതെന്ന് മുംബൈയിലെ സർ എച്ച്.എൻ.റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ ഡോ.ആശിഷ് കോൺട്രാക്ടർ പറഞ്ഞു.
വ്യായാമം ചെയ്യുന്ന സമയത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ഡോ.കോൺട്രാക്ടർ കരുതുന്നില്ല. എന്നാൽ പതിവായി വ്യായാമം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. ”ഗവേഷകർ രാവിലെയോ വൈകുന്നേരമോ വ്യായാമം ചെയ്യുന്നതിനെക്കാൾ നേട്ടം ഉച്ചതിരിഞ്ഞാണെന്ന് പറയുന്നു. എന്നാൽ ഞാനതിന് വലിയ പ്രാധാന്യമുണ്ടെന്ന് കരുതുന്നില്ല. വ്യായാമം പതിവ്, പ്രതിവാര ദിനചര്യയുടെ ഭാഗമാക്കി മാറ്റുന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. നിങ്ങൾക്ക് അനുയോജ്യമായ സമയത്ത് ചെയ്യുക. അങ്ങനെയെങ്കിൽ മാത്രമേ ദീർഘനാൾ അത് മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ,” അദ്ദേഹം വ്യക്തമാക്കി.