പനി, ചുമ, ക്ഷീണം എന്നിവയാണ് കോവിഡ് -19 ന്റെ സാധാരണ ലക്ഷണങ്ങൾ. ഫലപ്രദമായ ചികിത്സ അത്യാവശ്യമാണെങ്കിലും, ഭക്ഷണക്രമവും ജീവിതശൈലി മാറ്റങ്ങളും നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ശ്വസന അണുബാധയിൽ നിന്ന് സുഖം പ്രാപിക്കാനും സഹായിക്കും.

ചെറിയ കോവിഡ് ലക്ഷണങ്ങളുളളവർക്ക് വീട്ടിൽതന്നെ അതിനുളള പരിഹാര മാർഗമുണ്ടെന്ന് പറയുകയാണ് ആയുർവേദ ഡോക്ടർ രേഖ രാധാമണി. ഇൻസ്റ്റഗ്രാമിൽ ഡോ.രേഖ പോസ്റ്റ് ചെയ്ത പരിഹാര മാർഗം ഹോം ക്വാറന്റൈനിൽ കഴിയുന്നവർക്ക് സഹായകമാണ്. അതേസമയം, കടുത്ത കോവിഡ് ലക്ഷണങ്ങളുളളവർ ഉടനടി ഫലപ്രദമായ ചികിത്സ തേടേണ്ടതാണ്.

വെളളം

ഉണങ്ങിയ ഇഞ്ചി, തുളസി ഇലകൾ ഉപയോഗിച്ചുളള ചൂടുവെള്ളം. ഉണങ്ങിയ ഇഞ്ചി ഉപയോഗിച്ച് വെള്ളം തിളപ്പിക്കുക. പകുതി തിളയ്ക്കുമ്പോൾ അതിലേക്ക് തുളസി ഇലകൾ ചേർക്കുക. ഈ വെളളം ഒരു ദിവസം ഒന്നിലധികം തവണ കുടിക്കുക.

ഭക്ഷണം

നന്നായി വേവിച്ച ഭക്ഷണം കഴിക്കുക. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും നെയ്യ്, എണ്ണ തുടങ്ങിയവ ഉപയോഗിക്കാം. ഓരോ തവണയും വയർ പകുതി നിറയുന്നതുവരെ മാത്രം ഭക്ഷണം കഴിക്കുക. രാത്രി 7 മണിക്കു മുൻപായി ഭക്ഷണം കഴിക്കുക.

സുഗന്ധവ്യഞ്ജനങ്ങളും പാചകവും

കറുവപ്പട്ട, കുരുമുളക്, ഏലം, ഗ്രാമ്പൂ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ഭക്ഷണത്തിൽ ചേർക്കുക. ഉണങ്ങിയ ഇഞ്ചി പാചകത്തിൽ ഉൾപ്പെടുത്തുക.

ഉറക്കം

ഓരോ രാത്രിയും 8 മണിക്കൂറെങ്കിലും ഉറങ്ങുക. ഉറങ്ങുമ്പോൾ രോഗപ്രതിരോധ ശേഷി ഉണ്ടാക്കുകയും വീണ്ടും സംഭരിക്കുകയും ചെയ്യുന്നു. എന്നാൽ പകൽ ഉറങ്ങരുതെന്ന് ഡോക്ടർ പറഞ്ഞു.

പഴങ്ങൾ

രോഗലക്ഷണങ്ങളുളളവർ പഴവർഗങ്ങൾ പൂർണമായും ഒഴിവാക്കുക. ലക്ഷണമില്ലെങ്കിൽ മാതളനാരങ്ങയും മുന്തിരിപ്പഴവും കഴിക്കുക.

പച്ചക്കറികൾ

നന്നായി വേവിച്ച പച്ചക്കറികൾ കഴിക്കുക. അസംസ്കൃത പച്ചക്കറികളോ സലാഡുകളോ വേണ്ട. ഭക്ഷണത്തിൽ വഴുതനങ്ങ, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവ കുറയ്ക്കുക.

വിശ്രമിക്കുക

പുസ്തകം വായിക്കുക, ആളുകളുമായി സംസാരിക്കുക, സംഗീതം കേൾക്കുക അല്ലെങ്കിൽ വിശ്രമിക്കാൻ സഹായിക്കുന്നതും നിങ്ങളെ സന്തോഷിപ്പിക്കുന്നതുമായ എന്തെങ്കിലും ചെയ്യുക. പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക. ധ്യാനിക്കുക.

വ്യായാമം

നിങ്ങൾക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിൽ, വ്യായാമ വേളയിൽ ഏതെങ്കിലും പ്രത്യേക തരത്തിലുള്ള മുറകളിൽ നിന്ന് വിട്ടുനിൽക്കുക.
30 മിനിറ്റ് പ്രാണായാമം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook