നമ്മുടെ അടുക്കളയിൽ സാധാരണയായി കാണപ്പെടുന്ന ചേരുവകൾ പല ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പരിഹാരം നൽകും. ഇന്ത്യൻ പാചകങ്ങളിൽ ഉപയോഗിക്കുന്ന പ്രധാന ഘടകമാണ് ഉലുവ. ആരോഗ്യ ഗുണങ്ങളും ഉലുവയ്ക്കുണ്ട്.
ചിലർ രാവിലെ ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാറുണ്ട്. ശരീരഭാരം കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്ന ഒരു മാന്ത്രിക മരുന്ന് എന്നാണ് ഉലുവ വെള്ളം അറിയപ്പെടുന്നത്. താരൻ, കഷണ്ടി, മുടികൊഴിച്ചിൽ, തലയോട്ടിയിലെ പ്രശ്നങ്ങൾ എന്നിവയ്ക്കെതിരെ ഫലപ്രദമായ പ്രോട്ടീൻ, നിക്കോട്ടിനിക് തുടങ്ങിയ പോഷകങ്ങൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. മലബന്ധം, ജലദോഷം, തൊണ്ടവേദന തുടങ്ങിയ വിവിധ രോഗങ്ങളെ അകറ്റി നിർത്താനും ഉലുവ സഹായിക്കുന്നു.
കുതിർത്ത ഉലുവ വെള്ളം രാവിലെ ആദ്യം കുടിച്ചാൽ പല ഗുണങ്ങളും ലഭിക്കും. കുതിർത്ത ഉലുവ വിത്തുകൾ ചവയ്ക്കുന്നതും ശരീരത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും. ശരീരത്തിലെ ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ (എൽഡിഎൽ) അല്ലെങ്കിൽ ചീത്ത കൊളസ്ട്രോളിന്റെ ഉത്പാദനം കുറയ്ക്കാൻ ഉലുവ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
മിഷിഗൺ സർവ്വകലാശാല നടത്തിയ ഒരു പഠനമനുസരിച്ച്, ഉലുവയിൽ അടങ്ങിയിരിക്കുന്ന സ്റ്റിറോയിഡൽ സാപ്പോണിനുകൾ കുടലിലെ കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കിയേക്കാം, ഇത് കരളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നതിന്റെ തോത് കുറയ്ക്കുകയും ചെയ്യും.
പ്രമേഹത്തെ നേരിടാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഉലുവ ഉപയോഗിക്കാം. ഉലുവ വിത്തുകളിൽ കാണപ്പെടുന്ന അസാധാരണമായ 4HO-Ile എന്ന അമിനോ ആസിഡ് ഇതിലുണ്ട്. 4HO-Ile-ന് ചില പ്രമേഹ വിരുദ്ധ ഗുണങ്ങളുണ്ടെന്നും ഇൻസുലിൻ സ്രവണം വർധിപ്പിക്കുമെന്നും ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ക്വാം യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിലെ ഇറാനിയൻ ഗവേഷകർ പ്രമേഹ ചികിത്സയിൽ ഉലുവ വിത്തുകൾ ഉപയോഗിക്കാമെന്ന് നിർദേശിച്ചു.
മുലയൂട്ടുന്ന അമ്മമാർക്കും, ശരീര ഭാരം കുറയ്ക്കാൻ ലക്ഷ്യമിടുന്നവർക്കും, ദഹനപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഉലുവ വെള്ളം കുടിക്കുന്നത് പ്രയോജനകരമാണ്. ഉലുവ വെള്ളം ദിവസവും കുടിക്കാം. ഇത് പതിവായി കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.