Is turmeric the go-to spice for managing diabetes?: രക്തത്തിലെ പഞ്ചസാരയെ വിഘടിപ്പിക്കുന്ന, ശരീരത്തിന്‍റെ പ്രവര്‍ത്തനത്തിന് തടസം നേരിടുന്ന അവസ്ഥയാണ് പ്രമേഹം. ഇത് നിയന്ത്രിക്കാനായില്ലെങ്കില്‍ ഹൃദായാഘാതം, പക്ഷാഘാതം തുടങ്ങിയവയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

What is Diabetes?

രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമായി വര്‍ധിക്കുകയോ, ഗ്ലൂക്കോസിനെ വിഘടിപ്പിക്കുന്നതിനായി ആഗ്നേയഗ്രന്ഥി പുറപ്പെടുവിക്കുന്ന ഹോര്‍മോണായ ഇന്‍സുലിന്‍ ശരീരം ഉല്‍പാദിപ്പിക്കാതിരിക്കുകയോ ശരിയായി വിനിയോഗിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് ഒരു വ്യക്തിക്ക് പ്രമേഹമുണ്ടാകുന്നത്. ഈ അവസ്ഥ വേണ്ട രീതിയില്‍ പരിഗണിക്കാതിരുന്നാല്‍ കണ്ണിനും വൃക്കകള്‍ക്കും മാത്രമല്ല, ശരീരത്തിന്‍റെ മുഴുവന്‍ ആരോഗ്യത്തെ തന്നെ ബാധിക്കും.

2016ല്‍ ഏകദേശം 1.6 ദശലക്ഷം ആളുകളുടെ മരണത്തിന് പ്രമേഹം കാരണമായെന്നാണ് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് കാണിക്കുന്നത്. ആ വര്‍ഷത്തെ മരണകാരണമായ അസുഖങ്ങളില്‍ ഏഴാം സ്ഥാനം പ്രമേഹത്തിനായിരുന്നു.

ഇത് കേട്ട് ഭയക്കേണ്ട കാര്യമില്ല. ഭക്ഷണക്രമീകരണത്തിലൂടെയും കൃത്യമായ നിരീക്ഷണങ്ങളിലൂടെയും വ്യായാമങ്ങളിലൂടെയും പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കാമെന്നത് ആശ്വാസകരമായ കാര്യമാണ്.

Read More: Diabetes: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍

turmeric, diabetes, Indian Express

അടുക്കളയിലേക്ക് നോക്കിയാല്‍

ഭക്ഷണക്രമീകരണത്തെക്കുറിച്ച് പറയുമ്പോള്‍ നമ്മുടെ അടുക്കളയില്‍ ലഭ്യമായ, പാചകത്തിനുപയോഗിക്കുന്ന ചേരുവകള്‍ വേണം ആദ്യം നോക്കാന്‍. ഒരൽപം മഞ്ഞളിന് പോലും പ്രമേഹനിയന്ത്രണത്തില്‍ വലിയ സ്വാധീനമുണ്ടാക്കാനാകുമെന്ന് പലര്‍ക്കുമറിയില്ല. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവിനെ കുറയ്ക്കാനും പ്രമേഹസംബന്ധമായ മറ്റ് സങ്കീര്‍ണതകള്‍‌ക്കും മഞ്ഞള്‍ വളരെ നല്ലതാണെന്നാണ് 2013ലുണ്ടായ ഒരു പഠനം ചൂണ്ടികാണിക്കുന്നത്.

മറ്റ് സുഗന്ധവ്യഞ്ജനങ്ങളുമായ് താരതമ്യം ചെയ്യുമ്പോള്‍ ഔഷധഗുണത്തിന്‍റെ കാര്യത്തില്‍ മഞ്ഞള്‍ വളരെ മുന്നിലാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇന്‍സുലിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും മഞ്ഞളിനാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്‍സുലിന്‍ പ്രവര്‍ത്തനം ഒരു തവണ ശരിയായാല്‍ പിന്നെ അധികം വരുന്ന ഗ്ലൂക്കോസ് കോശങ്ങളിലേക്ക് മാറ്റാനാകും.

പ്രമേഹരോഗികള്‍ മഞ്ഞള്‍ കഴിക്കേണ്ട വിധം

മഞ്ഞള്‍ മറ്റ് ആഹാരപദാർഥങ്ങള്‍ക്കൊപ്പം കഴിക്കാമെങ്കിലും ഡോക്ടറുടെ വിദഗ്ധോപദേശം തേടുന്നതാണ് ഉചിതം. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ച് നിര്‍ത്തുന്നതിന് മഞ്ഞള്‍ ചേര്‍ത്ത പാലിനൊപ്പം ഒരു നുള്ള് ഇഞ്ചി പൊടിച്ചതും ചേര്‍ത്ത് കഴിക്കാവുന്നതാണ്. കൂടാതെ വിവിധ പഠനങ്ങള്‍ പ്രകാരം മഞ്ഞള്‍ ചേര്‍ത്ത പാലില്‍ അല്‍പം കറുവാപ്പട്ട കൂടി പൊടിച്ച് ചേർത്ത് കുടിക്കുന്നത് ഇന്‍സുലിന്‍റെ അളവിനെ നിയന്ത്രിക്കും. കൊഴുപ്പ് അധികമുളള ഭക്ഷണങ്ങൾ കഴിക്കുമ്പോഴുണ്ടാകുന്ന ഇന്‍സുലിന്‍റെയും ട്രൈഗ്ലിസറൈഡുകളുടെയും പ്രതികൂല പ്രവര്‍ത്തനങ്ങളെ കുറയ്ക്കാനും സുഗന്ധവ്യഞ്ജനക്കൂട്ടിനാകും.

രണ്ട് സ്പൂണ്‍ നെല്ലിക്കാ നീരിന്‍റെ കൂടെ ഒരു നുള്ള് മഞ്ഞള്‍പ്പൊടി കൂടി ചേര്‍ത്ത് രാവിലെ കഴിക്കുന്നത് നല്ലതാണ്. പ്രമേഹത്തെ പ്രതിരോധിക്കാന്‍ നെല്ലിക്ക അത്യുത്തമാണ്. പ്രമേഹരോഗികളിലെ കൊളസ്ട്രോളിനും നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്. കുരുമുളകും മഞ്ഞളും ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.

 

പാര്‍ശ്വഫലങ്ങളും ദോഷങ്ങളും

മഞ്ഞള്‍ കഴിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ദോഷമൊന്നുമില്ലെങ്കിലും മഞ്ഞളിലടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ ദഹിക്കാന്‍ ബുദ്ധിമുട്ടാണ്. ഭൂരിഭാഗം ആളുകള്‍ക്കും മഞ്ഞള്‍ പ്രശ്നമുണ്ടാക്കാറില്ലെങ്കിലും ചിലർക്ക് വയറിൽ അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. മറ്റു ചിലര്‍ക്ക് അലര്‍ജിയുണ്ടാകുന്നതായ് കാണാറുണ്ട്. ഡോക്ടറോട് ചോദിച്ചതിനു ശേഷം, തുടക്കത്തില്‍ ചെറിയ അളവ് കഴിക്കുന്നതാണ് ഉചിതം.

Read More: Diabetes & Diet: 7 Foods That Control Blood Sugar: പ്രമേഹം (ഡയബെറ്റിസ്‌) കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook