scorecardresearch

മെനോപോസ് സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലുമുണ്ട്; ലക്ഷണങ്ങൾ

പുരുഷന്മാരിലെ മെനോപോസിനെ കുറിച്ച് കൂടുതലറിയാം

മെനോപോസ് സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലുമുണ്ട്; ലക്ഷണങ്ങൾ

മെയിൽ മെനോപോസ് (male menopause) എന്ന പേരു കേൾക്കുമ്പോൾ അതിശയം തോന്നാം. ആർത്തവവിരാമം പുരുഷന്മാരിലോ? മെനോപോസ് എന്ന അവസ്ഥയെ പുരുഷന്മാരും നേരിടുന്നുണ്ട് എന്നതാണ് വാസ്തവം. ആൻഡ്രോപോസ്, ടെസ്റ്റോസ്റ്റിറോൺ കുറവ്, ആൻഡ്രോജൻ കുറവ് എന്നിങ്ങനെയും ആണുങ്ങളിലെ മെനോപോസിനെ വിശേഷിപ്പിക്കാറുണ്ട്. കൂടുതലും ജീവിതശൈലി ഘടകങ്ങളോ മനഃശാസ്ത്രപരമായ പ്രശ്നങ്ങളോ ആണ് ഇതിന് കാരണമാവുന്നത്. പുരുഷന്മാരിലെ മെനോപോസിനെ കുറിച്ച് കൂടുതലറിയാം.

ലക്ഷണങ്ങൾ
ചില പുരുഷന്മാരിൽ 40-കളുടെ അവസാനത്തിലോ 50-കളുടെ തുടക്കത്തിലോ എത്തുമ്പോൾ വിഷാദം, ലൈംഗികാസക്തി നഷ്ടപ്പെടൽ, ഉദ്ധാരണക്കുറവ്, മറ്റ് ശാരീരികവും വൈകാരികവുമായ പ്രശ്നങ്ങൾ എന്നിവയൊക്കെ കാണപ്പെടാറുണ്ട്. ഇത് മെനോപോസിന്റെ ലക്ഷണങ്ങളാണ്. പെട്ടെന്ന് മാറിമറയുന്ന മാനസികാവസ്ഥ, അകാരണമായ ക്ഷോഭം, മസിൽ മാസ് കുറയുക, വ്യായാമം ചെയ്യാനുള്ള കഴിവ് കുറയുക എന്നിവയൊക്കെയാണ് പൊതുവായി കണ്ടുവരുന്ന മറ്റു ലക്ഷണങ്ങൾ.

ശരീരത്തിൽ ചില ഭാഗങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുക, ഉദാഹരണത്തിന് വയറിലോ അല്ലെങ്കിൽ സ്തനങ്ങളിലോ (man boobs). പുരുഷന്മാരുടെ സ്തനങ്ങളിൽ അമിതമായി ഫാറ്റ് അടിഞ്ഞുകൂടുന്ന അവസ്ഥയെ ഗൈനക്കോമാസ്റ്റിയ (gynaecomastia) എന്നാണ് പറയുക. ഉത്സാഹമില്ലായ്മ/ ഊർജ്ജമില്ലായ്മ, ഉറക്കമില്ലായ്മയോ ഉറങ്ങാൻ ബുദ്ധിമുട്ടോ, അത്യുഷ്ണം അനുഭവപ്പെടുക, മുടികൊഴിച്ചിൽ, അമിതമായ ക്ഷീണം, ഏകാഗ്രത കുറവ്, ഹ്രസ്വകാല ഓർമ (short-term memory) എന്നിവയും സാധാരണയായി കാണപ്പെടാറുണ്ട്. ഉറക്കക്കുറവ്, മോശം ഭക്ഷണക്രമം, വ്യായാമത്തിന്റെ അഭാവം, അമിതമായ മദ്യപാനം, പുകവലി, കുറഞ്ഞ ആത്മവിശ്വാസം എന്നിവയും പുരുഷന്മാരിലെ മെനോപോസിനു കാരണമാവും.

ഈ ലക്ഷണങ്ങൾ എല്ലാം തന്നെ ദൈനംദിന ജീവിതത്തെയും മാനസികാരോഗ്യത്തെയും സന്തോഷത്തെയും തടസ്സപ്പെടുത്തുന്ന കാര്യങ്ങളാണ്, അതിനാൽ ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ തന്നെ വിദഗ്ധോപദേശം നേടുക. സമ്മർദ്ദമോ ഉത്കണ്ഠയോ പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങൾ മൂലമാണോ നിങ്ങളുടെ ലക്ഷണങ്ങൾ ഉണ്ടാകുന്നത് എന്നറിയാൻ അവർ നിങ്ങളുടെ ജോലിയെയും വ്യക്തിജീവിതത്തെയും കുറിച്ച് ചോദിക്കും.

സമ്മർദ്ദമോ ഉത്കണ്ഠയോ നിങ്ങളെ ബാധിക്കുന്നുണ്ടെങ്കിൽ, കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിയോ കൗൺസിലിംഗോ നിങ്ങൾക്ക് പ്രയോജനമാവും. ഒപ്പം, വ്യായാമവും വിശ്രമവും ഈ ഘട്ടത്തെ മറികടക്കാൻ നിങ്ങളെ സഹായിക്കും. ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ട് പുരുഷന്മാരിലെ മെനോപോസിനെ നല്ലൊരു പരിധിവരെ കൈകാര്യം ചെയ്യാനാകും.

  • ആഴ്ചയിൽ കുറഞ്ഞത് 3 തവണയെങ്കിലും സ്ട്രെങ്ത്ത് അല്ലെങ്കിൽ വെയ്റ്റ് ട്രെയിനിംഗ് ചെയ്യുക
  • വ്യായാമത്തിന് അനുസരിച്ചുള്ള ഭക്ഷണശീലങ്ങൾ പാലിക്കുക. ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
  • 6 മുതൽ 8 മണിക്കൂർ വരെ ഉറങ്ങുക. രാത്രി ഉറക്കത്തിലാണ് ടെസ്റ്റോസ്റ്റിറോണിന്റെ ഭൂരിഭാഗവും ഉൽപ്പാദിപ്പിക്കുന്നത് എന്നതിനാൽ ഉറക്കത്തിന് വലിയ പ്രാധാന്യമുണ്ട്.

അറിഞ്ഞിരിക്കുക, സ്ത്രീകളുടെ ആർത്തവവിരാമം പോലെയല്ല പുരുഷന്മാരിലെ മെനോപോസ്. സ്ത്രീകളിൽ ആർത്തവവിരാമത്തിലൂടെ പ്രത്യുൽപാദന ചക്രം അവസാനിക്കുകയാണ്. എന്നാൽ പുരുഷന്മാരിൽ വ്യത്യസ്തമാണ് കാര്യങ്ങൾ. മധ്യവയസ്സിൽ പുരുഷനിൽ ടെസ്റ്റോസ്റ്റിറോൺ അളവ് പെട്ടെന്ന് കുറയുന്ന അവസ്ഥയാണ് ഇതെന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. എന്നാൽ അങ്ങനെ സംഭവിക്കുന്നില്ല. പുരുഷന്മാരിൽ പ്രായത്തിനനുസരിച്ച് ടെസ്റ്റോസ്റ്റിറോൺ അളവ് കുറയുമെങ്കിലും, 30-നും 40-നും ഇടയിൽ പ്രായമുള്ളവരിൽ നിന്ന് പ്രതിവർഷം 2%-ത്തിൽ താഴെ മാത്രമാണ് കുറയുന്നത്. ഇങ്ങനെ കാലക്രമേണ പുരുഷന്മാരിൽ വികസിക്കുന്ന ടെസ്റ്റോസ്റ്റിറോൺ കുറവിനെ ലേറ്റ്-ഓൺസെറ്റ് ഹൈപ്പോഗൊനാഡിസം എന്നാണ് വിളിക്കുന്നത്. ശരീരം ആവശ്യത്തിന് ടെസ്റ്റോസ്റ്റിറോൺ ഉത്പാദിപ്പിക്കാത്ത അവസ്ഥയാണിത്. ഇതിന്റെ ഭാഗമായി ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങളും മെയിൽ മെനോപോസുമായി സാമ്യമുള്ളതാണ്.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Male menopause symptoms age and treatment