ഫിറ്റ്നസ്, ഉറക്കം, ഡയറ്റ് തുടങ്ങിയ ശീലങ്ങൾ ഒരാളെ ആരോഗ്യത്തോടെ നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതിനാലാണ് നമ്മുടെ ദൈനംദിന ശീലങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത്, മാനസികമായും ശാരീരികവുമായ ആരോഗ്യത്തിനും, രോഗങ്ങളെ ചെറുക്കാനും സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നത്. ഇതിനൊപ്പം നമ്മുടെ ഭക്ഷണത്തിലും ഭക്ഷണ ശീലങ്ങളിലും ശ്രദ്ധ വയ്ക്കേണ്ടതുണ്ട്.
“ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നതിനാൽ ഭക്ഷണം ഒരിക്കലും അമിതമായി കഴിക്കരുത്. ശരീരം സജീവമായി നിലനിർത്താൻ എല്ലാ കാര്യങ്ങളിലും മിതത്വം പാലിക്കണം. ഭക്ഷണത്തിലെ പിഴവുകൾ പലപ്പോഴും നമ്മുടെ മുഴുവൻ പ്രവർത്തന സംവിധാനത്തെയും മന്ദഗതിയിലാക്കും. ഈ തെറ്റുകൾ ഒഴിവാക്കുകയും ജാഗ്രത പാലിക്കുകയും വേണം,” ആയുർവേദ വിദഗ്ധനും വേദാസ് ക്യൂറിന്റെ സ്ഥാപകനും ഡയറക്ടറുമായ വികാസ് ചൗള ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു.
ആരോഗ്യത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സോഷ്യൽ മീഡിയ പേജായ ഹെൽത്ത്ഹാച്ച് (HealthHatch) ഭക്ഷണത്തിന് ശേഷം ഒഴിവാക്കേണ്ട നാല് തെറ്റുകളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.
ചായ അല്ലെങ്കിൽ കോഫി കുടിക്കുക
ഭക്ഷണത്തിനു ശേഷം ചായ, കോഫി പോലുള്ള പാനീയങ്ങൾ കുടിക്കുന്നത് പോഷകങ്ങളുടെ ആഗിരണത്തെ തടസപ്പെടുത്തിയേക്കാം. ഒരു മണിക്കൂർ കഴിഞ്ഞ് ഇവ കുടിക്കുന്നതാണ് നല്ലത്.
ഡെസർട്ട് കഴിക്കുക
ഭക്ഷണത്തിനു ശേഷമുള്ള ഡെസർട്ട് കലോറിയും കാർബോഹൈഡ്രേറ്റും വർധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ വർധനവിന് കാരണമാവുകയും ചെയ്യും.
പഴങ്ങൾ കഴിക്കുക
നമ്മുടെ ഇന്ത്യൻ ഭക്ഷണക്രമത്തിൽ കാർബോഹൈഡ്രേറ്റ് കൂടുതലാണ്. ഇതിനൊപ്പം പഴങ്ങൾ കഴിക്കുന്നത് കാർബോഹൈഡ്രേറ്റും കലോറിയും വർധിപ്പിക്കും. ഭക്ഷണത്തിനുശേഷം ഒരു പഴം കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആ ഭക്ഷണത്തില കലോറി ഉപഭോഗം നിയന്ത്രിക്കുക.
ഭക്ഷണം കഴിച്ചയുടൻ കിടക്കുകയോ ഉറങ്ങുകയോ ചെയ്യുക
ഭക്ഷണം കഴിച്ചയുടൻ ഉറങ്ങുന്നതോ കിടക്കുന്നതോ ദഹനക്കേട് ഉണ്ടാക്കാം. രണ്ട് മണിക്കൂർ കാത്തിരിക്കുന്നതാണ് നല്ലത്. ഉടൻ ഉറങ്ങുന്നത് വയർ വീർക്കുന്നതിനും ദഹനപ്രക്രിയ വൈകിപ്പിക്കുന്നതിനും കാരണമാകുമെന്നും ചൗള പറഞ്ഞു. ഇത് ശരീര ഭാരം വർധിപ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.