scorecardresearch

ഇഷ്ടമുള്ളതെന്തും കഴിച്ചും ശരീരഭാരം കുറയ്ക്കാം; ഈ ടിപ്സുകൾ സഹായിക്കും

ഇഷ്ടഭക്ഷണമൊഴിവാക്കി ആഹാരത്തിന്റെ അളവ് കുറച്ചാലെ തടി കുറയുകയുള്ളു എന്നത് മിഥ്യാധാരണയാണ്

ഇഷ്ടമുള്ളതെന്തും കഴിച്ചും ശരീരഭാരം കുറയ്ക്കാം; ഈ ടിപ്സുകൾ സഹായിക്കും

മനുഷ്യരുടെ ശരീരഭാരം കൂടുന്നതിനും കുറയുന്നതിനും പിന്നിൽ പല കാരണങ്ങളുണ്ട്. വ്യക്തിയുടെ ജീനുകൾ, മെറ്റബോളിസം, ആഹാരക്രമം, വ്യായാമക്രമം എന്നിവയെല്ലാം ശരീരഭാരത്തെ നിർണയിക്കുന്ന ഘടകങ്ങളാണ്. ഇഷ്ടഭക്ഷണമൊഴിവാക്കി ആഹാരത്തിന്റെ അളവ് കുറച്ചാലെ തടി കുറയുകയുള്ളു എന്നത് പലരുടെയും മിഥ്യാധാരണയാണ്.

എന്നാൽ ഇഷ്ടഭക്ഷണങ്ങൾ കഴിക്കുന്നതാണ് തടികുറയ്ക്കാനുള്ള മികച്ച വഴിയെന്ന് അഭിപ്രായപ്പെടുകയാണ് യു കെ യിലെ പ്രശസ്ത സ്പോർട്സ് ന്യൂട്രിഷൻ ബ്രാൻഡായ മൈപ്രോട്ടീനിലെ വിദഗ്ദ്ധർ. ഇത് സാലഡ് കഴിക്കുന്നവർക്കും പിസ്സ ആരാധകർക്കും ഒരേപോലെ ബാധകമാണ്.

തടികുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ചില ആഹാരക്രമങ്ങളും അവർ നിർദ്ദേശിക്കുന്നു

1.കൊഴുപ്പ്, മധുരം
തങ്ങൾ ഇഷ്ടപെടുന്ന ഭക്ഷണങ്ങൾ ഒഴിവാക്കിയാലെ തടി കുറയ്ക്കാൻ പറ്റുകയുള്ളു എന്നാണ് ആളുകളെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്. ഇത് തെറ്റാണ്. ഭാരം കുറയ്ക്കാൻ ഒരാഹാരവും ഒഴിവാക്കേണ്ട ആവശ്യമില്ല. പരിമിതമായ ആഹാരക്രമം ഹ്രസ്വകാലത്തേക്ക് ഗുണം ചെയ്യുമെങ്കിലും പിന്നീട് ഭാരംകൂടാനുള്ള കാരണമാകും.

2.കർശനമായ ആഹാരക്രമം
കർക്കശമായ ആഹാരക്രമം ആവശ്യമില്ല. കാരണം ഇത് സമീകൃതമല്ല, പോരാത്തതിന് ചിലപ്പോൾ പോഷകക്കുറവിലേക്കും നയിക്കാം. ഇത്തരം ഭക്ഷണങ്ങളിൽ നിന്ന് കിട്ടുന്ന പ്രോട്ടീന്റെ അളവും വളരെ പരിമിതമാണ്.

ഏറ്റവും പ്രാധാന്യം നൽകേണ്ടത് ഭക്ഷണത്തിന്റെ ക്രമീകരണത്തിനാണ്‌. കുറഞ്ഞ കാലോറിയിൽ സമീകൃതമായ ഭക്ഷണക്രമം കണ്ടെത്താൻ കഴിയും. ഇതിനായി മതിയായ പ്രോട്ടീനും പോഷകങ്ങളും അടങ്ങിയ പഴങ്ങളും പച്ചക്കറിയും വിറ്റാമിനുകൾ, മിനറൽസ്, ഫൈബർ എന്നിവയാൽ സമ്പന്നമായ ധാന്യങ്ങളും കഴിക്കാം. വയർ നിറച്ച് കൊണ്ടുതന്നെ കലോറിയുടെ അളവ് നിലനിർത്താൻ ഈ ഭക്ഷണങ്ങൾക്ക് സാധിക്കും. കൃത്യമായി കണക്കുകൂട്ടലോടെയാണ് ഭക്ഷണക്രമം നിശ്ചയിക്കുന്നതെങ്കിൽ ഒരുനേരം കുറച്ചധിക ഭക്ഷണം കഴിച്ചാലും ദോഷംവരില്ല.

3. ഇഷ്ടമുള്ളത് കഴിക്കുക
കലോറി കുറയ്ക്കുകയാണ് ഭാരം കുറയ്ക്കാനുള്ള മികച്ച മാർഗം. എന്നാൽ ഒരു നിശ്ചിത ആഹാരക്രമം സ്ഥിരമായി നീണ്ടകാലം കൊണ്ടുപോകുകയെന്നതാണ് ശരീരഭാരം നിയന്ത്രിച്ചു നിർത്തുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം. കർക്കശമായ ആഹാരക്രമം പിൻതുടരുമ്പോൾ തുടക്കത്തിൽ കലോറി ഇടിവ് കാരണം ഫലം ലഭിക്കുമെങ്കിലും നിങ്ങളുടെ ഫുഡ് ചോയിസുകൾ കുറവായിരിക്കും. നീണ്ടനാൾ ഇഷ്ടാഹാരം കഴിക്കാൻ സാധിക്കാതെ വരുന്നത് കടുത്ത ഡയറ്റുകൾ ഉപേക്ഷിക്കാനും കാരണമാവും.

4. ഫ്ളെക്സിബിൾ ഡയറ്റ് പിൻതുടരുക
കടുത്ത ഡയറ്റിനു പകരം ഫ്ളെക്സിബിളായ ഡയറ്റ് പിൻതുടരാം. വിവിധതരത്തിലുള്ള ഇഷ്ടഭക്ഷണങ്ങൾ കഴിക്കാൻ ഈ ഫ്ളെക്സിബിൾ ഡയറ്റ് സഹായിക്കും. ഭക്ഷണത്തെ നല്ലതോ ചീത്തയോ എന്ന് മുദ്രകുത്തുകയല്ല, മറിച്ച് ഭക്ഷണവുമായി ആരോഗ്യപരമായ ബന്ധം നിലനിർത്താനാണ് ഈ ആഹാരക്രമം നിങ്ങളെ സഹായിക്കുന്നത്.

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ അൽപ്പം മധുരം കഴിക്കാൻ തോന്നിയാൽ കൊതി കടിച്ചമർത്തി നിൽക്കേണ്ട. പ്രിയപ്പെട്ട ചോക്ലേറ്റോ പിസ്സയോ കഴിച്ച് കലോറി നിലനിർത്താം. ഇഷ്ടമുള്ള ഭക്ഷണമൊഴിവാക്കി ആഹാരക്രമം തിരഞ്ഞെടുക്കുന്നത് നല്ല തീരുമാനമല്ല.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Lose weight while eating whatever you want with these effective tips