അമിത ശരീര ഭാരം ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, രക്തസമ്മർദം, സ്ലീപ് അപ്നിയ എന്നിവയുൾപ്പെടെ നിരവധി രോഗങ്ങൾക്കുള്ള അപകടസാധ്യത ഉണ്ടാക്കും. അതിനാൽ, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, സ്വാഭാവികമായി ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുക എന്നിവയൊക്കെ വളരെ പ്രധാനമാണ്. എന്നാൽ, ചിലർ അധിക ശരീര ഭാരം കുറയ്ക്കാൻ ചില എളുപ്പ വഴികൾ സ്വീകരിക്കാറുണ്ട്. ഇത് ദീർഘകാലാടിസ്ഥാനത്തിൽ നല്ലതിനേക്കാൾ കൂടുതൽ ദോഷം ചെയ്യും.
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ, തങ്ങളുടെ ലക്ഷ്യം കൈവരിക്കാൻ നാലു വശങ്ങൾ പരിഗണിക്കണം – ഭക്ഷണക്രമം, വ്യായാമം, ഉറക്കത്തിന്റെ ഗുണനിലവാരം, സമ്മർദം. ഇവ സമന്വയിപ്പിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് അറിയേണ്ടത് പ്രധാനമാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് ഇഷ്തി സലൂജ പറഞ്ഞു.
ശരീര ഭാരം സ്വാഭാവികമായി കുറയ്ക്കാൻ സഹായിക്കുന്ന ആയുർവേദ മാർഗങ്ങളെക്കുറിച്ച് ആയുർവേദ വിദഗ്ധ ഡോ.ഡിംപിൾ ജംഗ്‌ദ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.
ഉലുവ
ഉലുവ ആരോഗ്യ ഗുണങ്ങളാൽ നിറഞ്ഞതാണ്. ഇവ വിശപ്പ് കുറയ്ക്കുകയും സംതൃപ്തി വർധിപ്പിക്കുകയും ചെയ്യുന്നു. അതിലൂടെ ഇടയ്ക്കിടെയുള്ള ലഘുഭക്ഷണം കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് ഇഷ്തി പറഞ്ഞു. ഉലുവ ഹോർമോണുകളെ സന്തുലിതമാക്കാൻ സഹായിക്കുന്നു (പ്രത്യേകിച്ച് പിസിഒഎസുള്ളവർക്ക് സഹായകമാണ്), രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തസമ്മർദം നിയന്ത്രിക്കുന്നു. ഇവയെല്ലാം നിയന്ത്രിക്കപ്പെടുമ്പോൾ, ശരീരഭാരം കുറയ്ക്കുക എളുപ്പമാകും. ഉലുവയിൽ കാണപ്പെടുന്ന സജീവ സംയുക്തമായ ഗാലക്ടോമന്നൻ മൂലമാണ് ഈ ഗുണങ്ങളെല്ലാം സാധ്യമാകുന്നതെന്ന് അവർ വ്യക്തമാക്കി.
രാത്രി മുഴുവൻ കുതിർത്ത ഉലുവ അടുത്ത ദിവസം തിളച്ച വെള്ളത്തിൽ ചേർത്ത് ചായ പോലെ സിപ്പുകളായി കുടിക്കുന്നതാണ് അവ കഴിക്കാനുള്ള ഏറ്റവും നല്ല മാർഗം.
ഇഞ്ചി
ഇഞ്ചി ഉപാപചയപ്രവർത്തനങ്ങളും കൊഴുപ്പ് കത്തുന്നത് വർധിപ്പിക്കുകയും കൊഴുപ്പ് ആഗിരണവും വിശപ്പും കുറയ്ക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് ഡോ.ഡിംപിൾ വിശദീകരിച്ചു. ഇഷ്തിയുടെ അഭിപ്രായത്തിൽ ഇഞ്ചിയിൽ ഷോഗോൾസ്, ജിനെറോൾസ് എന്നീ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്നു, അതിനാൽ ശരീരത്തിലെ വീക്കം കുറയ്ക്കുന്നു.
ശരീര ഭാരം കുറയ്ക്കാൻ ഇഞ്ചിയുടെ നാല് കോമ്പിനേഷനുകൾ നന്നായി പ്രവർത്തിക്കുന്നുവെന്ന് അവർ പറഞ്ഞു. നാരങ്ങയ്‌ക്കൊപ്പം ഇഞ്ചി, കുരുമുളക്, തേൻ എന്നിവയ്‌ക്കൊപ്പം ഇഞ്ചി, ആപ്പിൾ സിഡെർ വിനെഗറിനൊപ്പം ഇഞ്ചി, ഗ്രീൻ ടീയ്‌ക്കൊപ്പം ഇഞ്ചി. വെള്ളത്തിൽ ഇഞ്ചി ചെറുതായി മുറിച്ചത് ചേർത്ത് 10-15 മിനിറ്റ് തിളപ്പിച്ചശേഷം അരിച്ചെടുത്ത് വെള്ളം കുടിക്കാൻ ഡോ. ഡിംപിൾ നിർദേശിച്ചു.
ശതാവരി
ആയുർവേദത്തിൽ, ഇത് ശരീരഭാരം കുറയ്ക്കുന്നതിന് പേരുകേട്ടതാണ്. അതുപോലെ, ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഭക്ഷണത്തിൽ ചേർക്കുന്നതിനുള്ള നല്ലൊരു സപ്ലിമെന്റാണ് (ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം തേടിയശേഷം മാത്രം ഉപയോഗിക്കുക). ദീർഘകാലാടിസ്ഥാനത്തിൽ വിഷാംശം നീക്കം ചെയ്യുന്നതിലൂടെ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് ഇഷ്തി അഭിപ്രായപ്പെട്ടു.
ശരീരഭാരം കുറയ്ക്കാൻ, രാവിലെ ചെറുചൂടുള്ള വെള്ളത്തിലോ പാലിലോ ശതാവരി പൊടി ചേർത്ത് കഴിക്കാൻ ഡോ.ഡിംപിൾ നിർദേശിച്ചു.
ഗ്രീൻ ടീ
ഒരു പാത്രത്തിൽ 5-6 ഇലകൾ, കറുവപ്പട്ട പൊടി എന്നിവ ചേർത്ത് 2-3 മിനിറ്റ് തിളപ്പിച്ചിക്കുക. അതിനുശേഷം അരിച്ചെടുത്ത് കുടിക്കുക. ഗ്രീൻ ടീയിലെ എപിഗല്ലോകാറ്റെച്ചിൻ ഗാലേറ്റ് (EGCG) ശരീരത്തിലെ കൊഴുപ്പ് കത്തുന്ന പ്രക്രിയ സജീവമാക്കാൻ സഹായിക്കുന്നു.