പാരമ്പര്യ രോഗമായി പലരും കരുതുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം എന്നാല്‍ നമ്മള് കാലങ്ങളായി പിന്തുടരുന്ന ചില ജീവിതരീതികളും ഇതിനു കാരണമായേക്കാമെന്ന് എത്ര പേര്‍ക്കറിയാം. നിങ്ങള്‍ നല്ല ആരോഗ്യത്തിലിരിക്കുമ്പോള് പാന്‍ക്രിയാസ് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുകയും ഭക്ഷണത്തിലെ മധുരം ശരീരത്തില്‍ സംഭരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഈ പ്രവര്‍ത്തനത്തിലെ പ്രശ്നങ്ങളാണ് പ്രമേഹം എന്ന അവസ്ഥയിലേക്കു നയിക്കുന്നത്. കൃത്യ സമയത്തുളള ഭക്ഷണം, ജീവിതരീതിയുടെ ഭാഗമായ നല്ല ശീലങ്ങള്‍, മരുന്നുകള്‍ എന്നിവ ടൈപ്പ് 2 പ്രമേഹാവസ്ഥയില്‍ നിന്നു രക്ഷ നേടാന്‍ നിങ്ങളെ സഹായിക്കും. പ്രമേഹത്തില്‍ നിന്നു മുക്തി നേടാന്‍ ജീവിതരീതിയില്‍ എന്തു മാറ്റങ്ങള്‍ വരുത്തിയാലും ഒരു വിദ്ഗധ ഉപദേശത്തിനു ശേഷം മാത്രം പിന്തുടരുക.
പ്രമേഹം എളുപ്പത്തില്‍ പിടിപ്പെടാന്‍ കാരണമായേക്കാവുന്ന ചില ജീവിതരീതികള്‍ നോക്കാം
- കൂടുതല്‍ കലോറി നിറഞ്ഞ ഭക്ഷണങ്ങള്‍
ഭക്ഷണത്തില്‍ കൂടുതല്‍ കലോറി ഉള്‍പ്പെടുത്തുന്നത് ശരീര ഭാരം വര്‍ധിക്കാന്‍ കാരണമാകുകയും തുടര്‍ന്ന് ടൈപ്പ് 2 പ്രമേഹത്തിനുളള സാധ്യതകളും കൂട്ടുന്നു. നിങ്ങളുടെ ജീവിതരീതി അനുസരിച്ചായിരിക്കണം കലോറി തിരഞ്ഞെടുക്കേണ്ടത്. വ്യായാമം അധികം ചെയ്യാത്ത ആളാണെങ്കില്‍ കുറച്ചു കലോറി കഴിക്കുന്നതായിരിക്കും ഉത്തമം.
- സൂര്യപ്രകാശം
വെയിലില്‍ നിന്നു രക്ഷ നേടാന്‍ നമ്മള് പല മാര്‍ഗ്ഗങ്ങളും സ്വീകരിക്കാറുണ്ട്. എന്നാല്‍ സൂര്യപ്രകാശം ശരീരത്തില്‍ തട്ടാതിരിന്നാല് അതു പ്രമേഹത്തിനു കാരണമായേക്കാം. ശരീരത്തില്‍ വൈറ്റമിന്‍ ഡി യുടെ കുറവുളളവര്ക്കു പ്രമേഹ അവസ്ഥ ഉണ്ടാകാന്‍ കൂടുതല്‍ സാധ്യതയുണ്ട്. പാന്ക്രീയാസിന്റെ പ്രവര്‍ത്തനത്തില്‍ വൈറ്റമിന്‍ ഡി നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
- പുകവലി
ജീവിതത്തില്‍ പുകവലി ശീലമാക്കാത്തവര്ക്കു പ്രമേഹം ഉണ്ടാകാനുളള സാധ്യത വളരെ കുറവാണ്. എന്നാല്‍ ഇതു ശീലമാക്കിയ 30-40 ശതമാനം ആളുകള്‍ക്കും പ്രമേഹം ഉണ്ടാകാന്‍ പുകവലി കാരണമാകും.
- വ്യായാമം
പാരമ്പര്യമായി നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കു പ്രമേഹമുണ്ടെങ്കില്‍ വ്യായാമം ശീലമാക്കുന്നതു നല്ലതാണ്. പ്രമേഹത്തില്‍ നിന്നു മാത്രമല്ല മറ്റു ശ്വാസ സംബന്ധമായ രോഗങ്ങളില്‍ നിന്നു രക്ഷ നേടാനും വ്യായാമം സഹായിക്കും.
- രാത്രി ഭക്ഷണം
നീണ്ട ദിവസത്തിനു ശേഷം വയറു നിറച്ച് അത്താഴം കഴിക്കുക എന്നതു വളരെ സാധാരണമായ കാര്യമാണ്. രാത്രി ഭക്ഷണം വളരെ സ്വസ്ഥമായിരുന്ന് കഴിക്കാം എന്നതു കൊണ്ട് കൂടുതല്‍ കലോറി ശരീരത്തില്‍ എത്തുന്നു. ഇതു നിങ്ങളുടെ ശരീരാവസ്ഥയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് മിതമായി മാത്രം രാത്രികാലങ്ങളില്‍ ഭക്ഷണം കഴിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.